ഏറെ നാളായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പൃഥിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തുന്ന ലൂസിഫർ. മാർച്ച് മാസം അവസാനത്തോടെ ലൂസിഫർ തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. അതിനിടയിൽ ചിത്രത്തിന്റെ കഥയേയും സീനുകളെയുമൊക്കെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ നിറയുന്ന പ്രചരണങ്ങൾക്കെതിരെ രംഗത്തുവരികയാണ് സിനിമയുടെ അണിയറക്കാർ. ഒരിക്കലും ശമിക്കാത്ത കള്ളപ്രചരണങ്ങൾ നിർത്തൂ, എന്നാവശ്യപ്പെട്ട് മോഹൻലാൽ തന്നെ രംഗത്തു വന്നിരിക്കുകയാണ് ഇപ്പോൾ. ചിത്രത്തിന്റെ ഇൻട്രോ സീൻ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു സ്ക്രീൻ ഷോട്ടും പോസ്റ്റിനൊപ്പം ഷെയർ ചെയ്തിട്ടുണ്ട് മോഹൻലാൽ.
ചിത്രത്തിന്റെ സംവിധായകനായ പൃഥിരാജും തിരക്കഥാകൃത്തായ മുരളി ഗോപിയുമെല്ലാം #StopLuciferRumours എന്ന ഹാഷ് ടാഗോടെ വ്യാജ പ്രചരണത്തിനെതിരെ രംഗത്തുണ്ട്. വലിയ മുതൽ മുടക്കിൽ ഒരുക്കിയ ‘ലൂസിഫർ’ ആറുമാസത്തോളം നീണ്ട ചിത്രീകരണത്തിനു ശേഷമാണ് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്. പൃഥിരാജിന്റെ കന്നി സംവിധാനസംരംഭം എന്ന രീതിയിൽ മാത്രമല്ല, വലിയ താരനിരയുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമാകുകയാണ് ചിത്രം.
സ്റ്റീഫൻ നെടുമ്പുള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം വിവേക് ഓബ്റോയ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, മംമ്താ മോഹൻദാസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സായ്‌കുമാർ, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, സച്ചിൻ കടേക്കർ, ശിവജി ഗുരുവായൂർ, ജോണി വിജയ്, , സുനിൽ സുഖദ, ആദിൽ ഇബ്രാഹിം, നന്ദു, ബാല, വി.കെ. പ്രകാശ്, അനീഷ് ജി. മേനോൻ, ബാബുരാജ്, സാനിയ അയ്യപ്പൻ, ഷോൺ റോമി, മാലാ പാർവതി, ശ്രേയാ രമേശ്, താരാ കല്യാൺ, കൈനകരി തങ്കരാജ് എന്നിവരാണ് മറ്റുതാരങ്ങൾ.
Read more: മാസ് ലുക്കിൽ മോഹൻലാലിന്റെ ‘ലൂസിഫർ’ അവതാരം; ചിത്രങ്ങൾ കാണാം
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്. മുരളി ഗോപിയുടെതാണ് കഥയും തിരക്കഥയും സംഭാഷണവും. സംഗീതം-ദീപക് ദേവും ഛായാഗ്രഹണം സുജിത് വാസുദേവും എഡിറ്റിങ്ങ് സംജിത് മുഹമ്മദും നിർവ്വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ കഥയേയും സീനുകളെയുമൊക്കെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പ്രചരണങ്ങൾക്കെതിരെ രംഗത്തുവരികയാണ്.