മോഹന്‍ലാലിന്‍റെ അടുത്ത ചിത്രം ‘ഒടിയന്‍’ ഷൂട്ടിംഗ് ആരംഭിച്ചു. വാരണാസിയിലാണ് ഒടിയന്‍റെ ആദ്യ ഭാഗങ്ങള്‍ ചിത്രീകരിക്കുക. ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത പരസ്യ സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍.

ശ്രീകുമാര്‍ മേനോന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വച്ച ചിത്രം

ഹരികൃഷ്ണന്‍ എഴുതുന്ന തിരക്കഥയില്‍ ഒടിയന്‍ ഒരുങ്ങുന്നത് പാലക്കാട്ടും വാരണാസിയിലുമായാണ്. ചിത്രത്തിന്‍റെ കലാ സംവിധായകന്‍ പ്രശാന്ത്‌ മാധവിന്‍റെ നേതൃത്വത്തില്‍ തേന്‍കുറിശ്ശി എന്ന ഗ്രാമം പുനര്‍സൃഷ്ടിക്കുന്നതിന്‍റെ ചിത്രങ്ങള്‍ സംവിധായകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരുന്നു.

Read More: മോഹൻലാലിന്റെ ഒടിയന്‍ ഒരുങ്ങുന്നു; പ്രീ പ്രൊഡക്ഷന്‍ വിശേഷങ്ങള്‍
മാണിക്കന്‍ എന്ന കഥാപാത്രത്തെയാവും മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുക. അദ്ദേഹത്തെ കൂടാതെ പ്രകാശ് രാജ്, മഞ്ജു വാര്യര്‍ എന്നിവരും ഒടിയനില്‍ പ്രധാന വേഷങ്ങളില്‍ ഉണ്ടാവും.

‘തെക്കു ഭാരതപുഴയാലും വടക്കു പന്തലൂർ മലനിരയാലും കിഴക്കു അട്ടപ്പാടി മലകളാലും പടിഞ്ഞാറ് അറബി കടലാലും ചുറ്റപ്പെട്ടു കിടന്ന വള്ളുവനാട്ടിൽ കളരി അഭ്യാസം തൊഴിലായി അഭ്യസിച്ചിരുന്ന ആളുകൾക്കിടയിൽ ഒടി വിദ്യയുമായി ആളുകളെ കൊല ചെയ്യാൻ നടക്കുന്ന അതിശക്തിമാന്മാരും കൺകെട്ട് വിദ്യക്കാരും ആയിരുന്നു ഒടിയന്മാർ’ എന്നാണ് ഇവരെക്കുറിച്ച് വിക്കി പീഡിയ പറയുന്നത്. അവസാനത്തെ ഒടിയന്‍ എന്ന സവിശേഷതയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിനുള്ളത്.

പീറ്റര്‍ ഹെയിനൊപ്പം സംവിധായകനും നടനും

പീറ്റര്‍ ഹെയിന്‍ ആണ് ഒടിയന്റെ ആക്ഷന്‍ സംവിധാനം നിര്‍വ്വഹിക്കുന്നത്. സംഗീതം എം.ജയചന്ദ്രന്‍.

Read More: വ്യത്യസ്തമായ ലുക്കിൽ മോഹൻലാൽ; ഒടിയന്റെ മോഷൻ പോസ്റ്റർ പുറത്ത്
ഇപ്പോള്‍ ഭുട്ടാനില്‍ അവധിക്കാലം ആഘോഷിക്കുന്ന മോഹന്‍ലാല്‍ അത് കഴിഞ്ഞു മടങ്ങിയാലുടന്‍ ഒടിയന്‍റെ ലോക്കേഷനില്‍ എത്തും എന്നാണ് അറിയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook