Mohanlal starrer Neerali Movie Review: സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ 2018ലെ ആദ്യ റിലീസ്, ബോളിവുഡ് സംവിധായകന് അജോയ് വര്‍മയുടെ ആദ്യ മലയാള ചിത്രം, 35 വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍-നദിയാ മൊയ്തു ജോഡികള്‍ വീണ്ടും ഒന്നിക്കുന്നു. ‘നീരാളി’ എന്ന ചിത്രത്തെ പ്രതീക്ഷയോടെ കാത്തിരിക്കാന്‍ പ്രേക്ഷകരുടെ പ്രധാന കാരണങ്ങളാണ്. മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മിച്ച് സാജു തോമസ് തിരക്കഥയെഴുതിയ ത്രില്ലര്‍ ഡ്രാമയാണ് ചിത്രം.
ബെംഗളൂരുവിലെ രത്നവ്യാപാര കമ്പനിയില്‍ ജെമ്മോളജിസ്റ്റായി ജോലി ചെയ്യുന്ന സണ്ണി ജോര്‍ജ്(മോഹന്‍ലാല്‍), ഭാര്യ മോളിക്കുട്ടിക്ക് (നദിയാ മൊയ്തു) പ്രസവ വേദന തുടങ്ങി, ഉടനെത്തണം എന്ന് നാട്ടില്‍ നിന്നും വിളി വന്നതിനെ തുടര്‍ന്ന് കോഴിക്കോട്ടേയ്ക്ക് തിരിക്കുകയാണ്. കമ്പനിയിലെ ഡ്രൈവറായ വീരപ്പനൊപ്പ(സുരാജ് വെഞ്ഞാറമൂട്)മാണ് സണ്ണിയുടെ യാത്ര. കൂടെ അഞ്ചു കോടി രൂപയുടെ വജ്രവും ഉണ്ട്.
യാത്രാ മധ്യേ വാഹനം അപകടത്തില്‍പെടുകയും കാട്ടിലൂടെ മറിഞ്ഞു വീണ് വണ്ടിയും സണ്ണിയും വീരപ്പനും ഒരു കൊക്കയുടെ മുനമ്പില്‍ ചെന്നെത്തുകയും ചെയ്യുന്നു. മരണത്തിനെയും ജീവിതത്തേയും മുഖാമുഖം കണ്ടുള്ള രണ്ടു മണിക്കൂറാണ് പിന്നീട് ചിത്രം കാണിക്കുന്നത്. ഇവിടെ നിന്നു രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍, അത് പാഴായി പോകുമ്പോഴുള്ള നിസ്സഹായത, അതിനിടയിലെ ഫ്ളാഷ് ബാക്ക് എന്നിങ്ങനെയാണ് ‘നീരാളി’യുടെ പോക്ക്.
‘നീരാളി’യുടെ കഥയെന്താണെന്നു ചോദിച്ചാല്‍ മരണത്തിന്റെ വക്കില്‍ നിന്നും രക്ഷപ്പെടാന്‍ ഒരാള്‍ നടത്തുന്ന ഒറ്റയാള്‍ പോരാട്ടം ഒന്ന് ചുരുക്കിപ്പറയാം. ഇതിനിടയില്‍ സണ്ണിയുടേയും വീരപ്പന്റേയും ജീവിത പശ്ചാത്തലം പറയാന്‍ കൂടി സംവിധായകന് ശ്രമിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞ് 12 വര്‍ഷമായി കുട്ടികളില്ലാത്ത സണ്ണിയ്ക്കും ഭാര്യയ്ക്കും ചികിത്സയ്ക്കൊടുവില്‍ കുഞ്ഞുങ്ങള്‍ ജനിക്കാന്‍ പോകുകയാണ്. അതിനിടയിലും സണ്ണിയുടെ കരിസ്മയില്‍ വീഴുന്ന, അയാളോട് അടങ്ങാത്ത ആരാധനയും പ്രണയവുമുള്ള പെണ്‍കുട്ടികള്‍ ഓഫീസില്‍. അതിൽ ഒരാളാണ് പാർവ്വതി നായർ അവതരിപ്പിച്ച നയന എന്ന കഥാപാത്രം. പാർവ്വതിയുടെ നയനയും നദിയയുടെ മോളിക്കുട്ടിയും തീർത്തും അസഹനീയമായിരുന്നു.
ദിലീഷ് പോത്തന്, നാസര്‍, ബിനീഷ് കോടിയേരി തുടങ്ങിയവരും ചിത്രത്തിലുണ്ട്. മോഹൻലാലിന്റെ അച്ഛൻ കഥാപാത്രമായാണ് നാസർ എത്തുന്നത്. തെന്നിന്ത്യയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളായ നാസറിനെ ചിത്രത്തിൽ അവതരിപ്പിച്ച രീതി തീർത്തും നീരാശപ്പെടുത്തി. കഥാപാത്രത്തിന്റെ അവതരണം മാത്രമല്ല, സംഭാഷണങ്ങളും നിലവാരം പുലർത്തിയില്ല. വൈകാരികമായി കുറച്ചെങ്കിലും സ്പര്‍ശിക്കാന്‍ സാധ്യതയുള്ളത് സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം മാത്രമാണ്.
സിനിമയുടെ കഥയില്ലായ്മയെ തിരക്കഥകൊണ്ട് മറികടന്നിട്ടുള്ള സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. കഥയില്ലെന്നതു മാത്രമല്ല, ഇഴഞ്ഞുനീങ്ങുന്നൊരു തിരക്കഥ കൂടിയാണ് ‘നീരാളി’യുടെ പോരായ്മ. താരപരിവേഷങ്ങളില്ലാതെ, നിസ്സഹായതയുടെ അങ്ങേയറ്റത്ത് വീണു പോകുന്ന കഥാപാത്രമാണ് മോഹന്‍ലാലിന്റേത് എന്നത് ഒരു മേന്മയായി പറയാം. അവസാനം പുറത്തിറങ്ങിയ വെളിപാടിന്റെ പുസ്തകം ഉൾപ്പെടെ ഗ്രാമീണത നിറഞ്ഞ കഥാപാത്രങ്ങളിൽ നിന്നും ഒരു അർബൻ നായകനിലേക്കുള്ള മാറ്റം കൂടിയാണ് നീരാളിയിലൂടെ മോഹൻലാൽ നടത്തിയിരിക്കുന്നത്.
ഇന്റര്‍വെല്‍ വരെ അത്യാവശ്യം ഉദ്വേഗത്തോടെ പോയ ചിത്രം രണ്ടാം പകുതിയില്‍ തീര്‍ത്തും ദയനീയമായാണ് പ്രതീക്ഷയുടെ മുനമ്പില്‍ നിന്നും പ്രേക്ഷകരെ എടുത്ത് വിരസതയുടെ കൊക്കയിലേക്ക് എറിയുന്നത്. സ്റ്റീഫന്‍ ദേവസിയുടെ സംഗീതം ചിത്രത്തിന്റെ മൂഡിനൊപ്പം പോയിട്ടുണ്ട്.
ഇനി സാങ്കേതിക വശങ്ങളെടുത്താല്, ബോളിവുഡ് സംവിധായകന് മലയാളത്തിലേക്ക് വരുമ്പോള്‍ എന്തെങ്കിലുമൊക്കെ പ്രതീക്ഷിക്കുന്നവര്‍ക്ക് തലക്കിട്ടൊരു അടിയാണ് കിട്ടുന്നത്. സി.ജി വര്‍ക്കുകൾ വേണ്ടത്ര നിലവാരം പുലർത്തിയില്ല. പാറക്കെട്ടും, വാഹനം തങ്ങി നില്ക്കുന്ന മരവും, വെള്ളച്ചാട്ടവുമൊക്കെ ഒരുക്കിയിരിക്കുന്നതിൽ വല്ലാത്ത കൃത്രിമത്വം അനുഭവപ്പെട്ടു. അപകടത്തിന്റെ ഗൗരവത്തെ കുറച്ചുകാട്ടാനേ പലപ്പോഴും ഇതൊക്കെ സഹായിച്ചിട്ടുള്ളു. ഒരിടവേളയ്ക്കു ശേഷം സന്തോഷ് തുണ്ടിയിൽ ക്യാമറ ചലിപ്പിക്കുന്ന മലയാള ചിത്രമെന്നു പറയുമ്പോൾ പ്രേക്ഷർ പ്രതീക്ഷിക്കുന്നത് നൽകാൻ സാധിച്ചിട്ടുണ്ടോ ദൃശ്യങ്ങൾക്ക് എന്നും സംശയമാണ്.
ആരാധകരെ ആവേശം കൊള്ളിക്കാനുള്ള വകയില്ലെന്നതു മാത്രമല്ല, ഒരു സാധാരണ പ്രേക്ഷകനെ സംതൃപ്തിപ്പെടുത്താനുള്ള ശ്രമം പോലും ‘നീരാളി’യിൽ ഉള്ളതായി തോന്നിയില്ല. ചുരുക്കത്തില്‍ ‘നീരാളി’ പിടിച്ചത് പ്രേക്ഷകരെയാണെന്ന് പറയാം.