താരങ്ങളുടെ സിംപ്ലിസിറ്റിയെക്കുറിച്ചുള്ള വാർത്തകൾക്ക് എന്നും പ്രത്യേക ശ്രദ്ധ കിട്ടാറുണ്ട്. മലയാളത്തിന്റെ മഹാനടൻ മോഹൻലാലും തന്റെ എളിമ കൊണ്ട് മുമ്പും വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. ലാലലേട്ടൻ ആരാധകർ ഈ വാർത്തകൾ സോഷ്യൽമീഡിയയിൽ അഭിമാനത്തോടെ പങ്കുവെക്കാറുമുണ്ട്. താര ജാഡകളില്ലാതെ ലൊക്കേഷനുകളിൽ ഇരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ എല്ലാം ഇതിൽ പെടും. എന്നാലിതാ ഇപ്പോൾ മറ്റൊരു ചിത്രവും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ആശുപത്രി ഒപിയുടെ ക്യൂവിൽ സാധാരണക്കാർക്കൊപ്പം നിൽക്കുന്ന മോഹൻലാലിന്റെ ചിത്രമാണ് ശ്രദ്ധേയമാകുന്നത്.

ചെന്നൈയിലെ അപ്പോളോ ഹോസ്പ്പിറ്റലില്‍ നിൽക്കുന്ന ലാലേട്ടന്റെ ചിത്രമാണ് വൈറലാകുന്നത്. ഒടിയന്‍ എന്ന സിനിമക്കുവേണ്ടി വേഗത്തില്‍ തടി കുറയ്ക്കുന്നതിനും രൂപ മാറ്റത്തിനും വേണ്ടി നൂതന ശാസ്ത്രീയ ചികിത്സക്ക് വിധേയമാകുന്ന മോഹന്‍ലാല്‍ തന്‍റെ നോർമൽ ചെക്കപ്പിന് എത്തിയതാണ് ഇവിടെ. എന്നാൽ ലാലേട്ടൻ ക്യൂ നിൽക്കുന്നത് കണ്ട് ഡോക്ടർമാർ പിന്നീട് ഇദ്ദേഹത്തെ കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.

സിനിമയ്ക്ക്‌ വേണ്ടിയുള്ള രൂപമാറ്റത്തിനും മറ്റും ശരീരം സജ്ജമാണോ എന്നറിയാനാണ് താരം എത്തിയത്‌. പരിശോധനകൾ എല്ലാം വിജയകരമായി തന്നെ മലയാളത്തിന്റെ മഹാനടൻ പൂർത്തിയാക്കി എന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്‌. വ്യായാമത്തിലൂടെ ഹൃദയത്തിന്റെ കാര്യക്ഷമത മനസിലാക്കുന്ന പരിശോധനയായ ‘ട്രെഡ്മില്‍ ടെസ്റ്റി’നാണ് താരം വിധേയനായതെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഫ്രാന്‍സില്‍ നിന്നുള്ള പ്രത്യേക സംഘത്തിന്റെ കീഴിലാണ് മോഹന്‍ലാലിന്റെ പരിശീലനം. സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ് മോഹന്‍ലാലിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്. കഠിന വ്യായാമമുറകളും യോഗയുമായി ഒടിയന്റെ ചെറുപ്പകാലത്തിനായി ഒരുങ്ങുകയാണ് അദ്ദേഹം. ഏകദേശം 15 കിലോ ഭാരം കുറയ്ക്കും. ഹോളിവുഡ് താരങ്ങളെ പരിശീലിപ്പിക്കുന്ന ടീമാണിത്.

ഫ്രാന്‍സില്‍ നിന്നുള്ള ഈ ടീമില്‍ 25 പേരുണ്ട്. അതില്‍ ഉഴിച്ചില്‍ക്കാരന്‍ ,ആയുര്‍വ്വേദ വിദഗ്ധര്‍ , ത്വക്‌രോഗവിദഗ്ദ്ധന്‍ , ഫിറ്റ്‌നെസ് ട്രെയിനേര്‍സ് എന്നിവര്‍ ഉള്‍പ്പെടും. ഇതാദ്യമായാണ് ഇങ്ങനെയൊരു ടീമിനെ മലയാളത്തിലെത്തിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ