കൊച്ചി: മോഹൻലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ‘ബിഗ് ബ്രദർ’, എന്ന ചിത്രത്തിന്റെ പൂജ കൊച്ചിയിൽ നടന്നു. പനമ്പള്ളി നഗറിലെ മൈ സ്റ്റുഡിയോയിൽ ആയിരുന്നു പൂജ ചടങ്ങും സോംഗ് റെക്കോർഡിംഗ് ഫംഗ്ഷനും നടന്നത്. മോഹൻലാൽ, നടൻ സിദ്ദിഖ് എന്നിവരും ചടങ്ങിനെത്തിയിരുന്നു. പൂജ ചടങ്ങിന്റെ ചിത്രങ്ങൾ മോഹൻലാൽ ട്വിറ്ററിൽ പങ്കുവെച്ചു.
#BigBrother Pooja stills pic.twitter.com/DWwvGDW1jU
— Mohanlal (@Mohanlal) April 24, 2019
‘ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍’ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ധിഖും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ബിഗ് ബ്രദറി’നുണ്ട്. ചിത്രത്തിൽ സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെ ആണ് മോഹൻലാൽ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്. ബംഗളൂരു, മംഗലാപുരം എന്നിവടങ്ങളിലായി 90 ദിവസത്തെ ഷൂട്ടിംഗ് ആണ് ചിത്രത്തിന് ഉള്ളത്. വൈശാഖ സിനിമ, എസ് ടാക്കീസ്, നിക്ക് എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. ‘ബിഗ് ബ്രദറി’ന്റെ മറ്റു വിശേഷങ്ങളൊന്നും അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അടുത്തിടെ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ മോഹൻലാൽ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തിരുന്നു.
മോഹൻലാൽ- സിദ്ദിഖ് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് ‘ബിഗ് ബ്രദർ’. 1992 ഇൽ റിലീസ് ചെയ്ത സിദ്ദിഖ്- ലാൽ- മോഹൻലാൽ ചിത്രമായ ‘വിയറ്റ്നാം കോളനി’ ആണ് ഇവരുടെ ആദ്യത്തെ ചിത്രം. ബോക്സ് ഒാഫീസിൽ ഗംഭീരവിജയം നേടിയ ‘വിയറ്റ്നാം കോളനി’ ഇരുന്നൂറിൽ അധികം ദിവസമാണ് തിയേറ്ററുകളിൽ പ്രദർശിപ്പിക്കപ്പെട്ടത്. ‘ലൂസിഫറി’നു ശേഷം മോഹൻലാൽ അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ബിഗ് ബ്രദറി’നുണ്ട്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ നവാഗതരായ ജിബിയും ജോജുവും സംവിധാനം ചെയ്യുന്ന ‘ഇട്ടിമാണി മെയ്ഡ് ഇൻ ചീന’യാണ് ഷൂട്ടിംഗ് ആരംഭിക്കാൻ പോവുന്ന മറ്റൊരു മോഹൻലാൽ ചിത്രം. മോഹൻലാലാണ് ചിത്രത്തിൽ ഇട്ടിമാണിയാവുന്നത്. Read more: മോഹൻലാൽ ‘ഇട്ടിമാണി’യാവുന്നു
‘ഒടിയനും’ ‘ലൂസിഫറി’നും ശേഷം ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇൻ ചീന’. ആശിർവാദ് സിനിമാസിന്റെ 27-ാമത്തെ പ്രൊജക്റ്റ് ആണ് ‘ഇട്ടിമാണി’.