ബി. ഉണ്ണികൃഷ്ണന് സംവിധാനത്തിലൊരുങ്ങിയ നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്ന സിനിമയുടെ റിവ്യു പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ആറാടിയ ഒരു മോഹന്‍ലാല്‍ ആരാധകനാണ് സന്തോഷ് വര്‍ക്കി. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരക്കഥയേയും സംവിധായകരേയും തിരഞ്ഞെടുക്കുന്ന മോഹന്‍ലാലിന്റെ രീതികളെക്കുറിച്ച് സന്തോഷ് ഫെയ്സ്ബുക്കിലൂടെ വിമര്‍ശനം നടത്തുകയുണ്ടായി. മോഹന്‍ലാലിന്റെ കൂടെ നില്ക്കുന്നവര് അദ്ദേഹത്തെ ചതിക്കുന്നു എന്നാണ് സന്തോഷിന്റെ ആരോപണം. തന്റെ ആരോപണങ്ങളില്‍ വിശദീകരണം നടത്തിയിരിക്കുകയാണ് സന്തോഷ്.
“ഞാന്‍ ഒരിക്കലും മോഹന്‍ലാലിന് എതിരല്ല. അദ്ദേഹത്തിന്റെ ഒപ്പമുള്ളവര്‍ക്കാണ് എതിര്. പുള്ളി ഒരുപാട് പേരെ വിശ്വസിക്കുകയാണ്. അവരൊക്കെ പുള്ളിയെ ചതിക്കുന്നപോലെ തോന്നുന്നു. ആറാട്ട് വലിയൊരു ഹിറ്റാണെന്നാണ് ലാലേട്ടന് പറയുന്നത്. കളക്ഷന്‍ നേടിയെങ്കിലും ബേസിക്കലി അതൊരു ഹിറ്റാണെന്ന് പറയാന്‍ പറ്റില്ല. തെറ്റായ ഇന്‍ഫര്‍മേഷനാണ് പുള്ളിക്ക് കിട്ടുന്നതെന്ന് തോന്നുന്നു. ഞാന്‍ പുള്ളിയുടെ ഒരു വെല്‍വിഷര്‍ മാത്രമാണ്. എനിക്ക് പുള്ളിയോട് യാതൊരു ദേഷ്യവുമില്ല,” സന്തോഷ് വണ്‍ ഇന്ത്യ മലയാളത്തിനോട് പറഞ്ഞു.
“പല ഡയറക്ടേഴ്സിനും പുള്ളിയെ കാണാന്‍ പോലും കഴിയുന്നില്ല. പുള്ളിക്ക് ചുറ്റുമൊരു കൊക്കസുണ്ട്. ശ്രീനിവാസന് പറഞ്ഞതൊക്കെ ഒരു പരിധിവരെ നേരാണ്. മോഹന്‍ലാലിന്റെ മാനേജര്‍ വിളിച്ചിരുന്നു. എന്തിനാണ് ഫെയ്സ്ബുക്കില്‍ ഇങ്ങനെയൊക്കെ എഴുതുന്നതെന്ന് ചോദിച്ചു. ലാല്‍ സാര്‍ തെറ്റിദ്ധരിക്കപ്പെടുകയാണ്. എനിക്ക് മനസിലാകുന്നില്ല ലാലേട്ടന് എന്തിനാണ് ബി. ഉണ്ണികൃഷ്ണന്റേയും മേജര്‍ രവിയുടേയും പടങ്ങള്‍ ഫ്ലോപ്പായിട്ട് വീണ്ടും വീണ്ടും ചെയ്യുന്നതെന്ന്. എത്രയോ യുവസംവിധായകരുണ്ട്, അവര്‍ക്ക് അവസരം കൊടുത്തൂടെ എന്നാണ് ഞാന്‍ ചോദിക്കുന്നത്,” സന്തോഷ് കൂട്ടിച്ചേര്‍ത്തു.
“മോഹന്‍ലാല്‍ ഒരു കംഫോര്ട്ട് സോണില്‍ ഇരിക്കുകയാണ്. അതാണ് പുള്ളിയുടെ പ്രശ്നം. പലസിനിമകളും ഒഴിവാക്കാവുന്നതാണ്. ലാലേട്ടന് ഒരു താരം മാത്രമല്ല നല്ലൊരു നടന് കൂടിയാണ്. മാസ് മസാല പടങ്ങള്‍ ചെയ്യുന്നത് കുറച്ച് അഭിനയത്തിന് പ്രാധാന്യമുള്ള റോളുകള്‍ ചെയ്യണം. മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒരുപാട് കലാമൂല്യമുള്ള സിനിമകള്‍ ചെയ്യാം. ഇവരുടെ അത്രയം എസ്റ്റാബ്ലിഷ്ഡ് അല്ലാത്ത പാര്‍വതി തിരുവോത്ത്, നിത്യ മേനോന് തുടങ്ങിയ പലരും നല്ല സിനിമകള്‍ ചെയ്യുന്നുണ്ട്,” സന്തോഷ് വ്യക്തമാക്കി.
Also Read: ബാഹുബലിയുടെ വിജയം ഇടയ്ക്കെന്നെ തളർത്തുന്നു, സമ്മർദ്ദം വലുതാണ്: പ്രഭാസ്