കഥാപാത്രങ്ങൾക്കായി എന്നും വ്യത്യസ്ത ലുക്കുകൾ പരീക്ഷിക്കുന്നയാളാണ് മോഹൻലാൽ. ശ്രീകുമാർ മേനോന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഒടിയനു വേണ്ടി മോഹൻലാൽ നടത്തിയ മേക്കോവർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അനവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്ന വേളയിൽ വർക്കൗട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് മലയാളത്തിന്റെ സൂപ്പർസ്റ്റാർ. ജിം വസ്ത്രങ്ങളണിഞ്ഞ് വ്യായാമം ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
ലിജോ ജോസ് പെല്ലിശ്ശേരിയ്ക്കൊപ്പമുള്ള മലൈക്കോട്ടൈ വാലിബനുവേണ്ടിയുള്ള ലുക്കിനായുള്ള വർക്കൗട്ടാണോയെന്നാണ് ആരാധകർ ചോദിക്കുന്നത്. ഒടിയനു ശേഷം ലാലേട്ടന്റെ ഒരു ഹിറ്റ് ചിത്രത്തിനായി കാത്തിരിക്കുന്നെന്നാണ് മറ്റൊരാൾ കുറിച്ചത്.
ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘എലോൺ’ ആണ് മോഹൻലാലിന്റെ ഇനി റിലീസിനെത്തുന്ന ചിത്രം. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. മിസ്റ്ററി ത്രില്ലർ ജോണറിലൊരുങ്ങുന്ന ചിത്രം ജനുവരി 26 നു തീയേറ്ററുകളിലെത്തും.
മോഹൻലാൽ അഭിനയം കൊണ്ട് അവസ്മരണീയമാക്കിയ ചിത്രം ‘സ്ഫടികം’ റീ റിലീസിന് ഒരുങ്ങുന്നുണ്ട്. ഭദ്രന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഹിറ്റ് ചിത്രം സാങ്കേതിക മികവോടെ ഫെബ്രുവരി 9 ന് തിയേറ്ററുകളിലെത്തും.