“ലൂസിഫറിന്റെ ചിത്രീകരണത്തിനിടയിലാണ് ഈ വീഡിയോയുടെ ചില ഭാഗങ്ങള്‍ കാണാനുള്ള വിശേഷഭാഗ്യം സിദ്ധിച്ചത്‌. ഇങ്ങനെ അഭിനയിക്കാന്‍ സാധിക്കുക എന്നത് മഹത്തരമായ ഒരു കാര്യമാണ്. ലൈവ് ആയി പാടുക, ഡയലോഗ് പറയുക, നിര്‍ത്താതെ പെര്‍ഫോം ചെയ്യുക, അതും നിങ്ങള്‍ക്ക് അറിയുക പോലും ചെയ്യാത്ത ഒരു ഭാഷയില്‍…”

മോഹന്‍ലാല്‍ അവതരിപ്പിച്ച ‘കര്‍ണ്ണഭാരം’ എന്ന സംസ്കൃത നാടകത്തിന്റെ ശകലങ്ങള്‍ കണ്ടതിനു ശേഷം നടനും ഇപ്പോള്‍ സംവിധായകനുമായ പൃഥ്വിരാജ് കുറിച്ചതാണ് ഈ വാക്കുകള്‍. ‘കര്‍ണ്ണഭാര’ത്തിന്റെ പൂര്‍ണ്ണരൂപം മോഹന്‍ലാല്‍ ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചതിന് പിന്നാലെയാണ് അദ്ദേഹം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രമായ ‘ലൂസിഫറി’ന്റെ സംവിധായകനും കൂടിയായ പൃഥ്വിരാജിന്റെ പ്രതികരണം.

 

വീഡിയോ ഷെയര്‍ ചെയ്തു കൊണ്ട് മോഹന്‍ലാല്‍ പറഞ്ഞതിങ്ങനെ.
“ജീവിതത്തില്‍ എനിക്ക് ലഭിച്ചിട്ടുള്ള അവസരങ്ങളുടെ അടിസ്ഥാനത്തില്‍ അനുഗ്രഹിക്കപ്പെട്ട ഒരാളായിട്ടാണ് ഞാന്‍ എന്നും എന്നെ കരുതിയിട്ടുള്ളത്. അത്തരത്തില്‍ അനുഗ്രഹിക്കപെട്ടു എന്ന് ബോധ്യപ്പെട്ട നിമിഷങ്ങളില്‍ ഒന്നാണ് ‘കര്‍ണ്ണഭാരം’. കുരുക്ഷേത്ര യുദ്ധം തുടങ്ങുന്നത് മുന്‍പുള്ള കര്‍ണന്റെ മാനസികാവസ്ഥയാണ് ഈ നാടകത്തില്‍ പറയുന്നത്. കഥാപാത്രത്തിന്റെ വികാരങ്ങളില്‍ ഉള്ള വൈരുധ്യം എന്ന വെല്ലുവിളിയ്ക്കും മുകളില്‍ ലൈവ് ആയ സദസ്സിനു മുന്‍പില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുക എന്ന സന്തോഷം ഉണ്ടായിരുന്നു. ശ്രീ. കാവാലം നാരായണ പണിക്കര്‍ക്കുള്ള എന്റെ വിനീതമായ ആദരവാണ് ഇത്. ഇതിന്റെ അവതരണത്തില്‍ ഉടനീളം അദ്ദേഹത്തിന്റെ അനുഗ്രഹങ്ങള്‍ എനിക്ക് അനുഭവപ്പെടുമായിരുന്നു. അദ്ദേഹം എന്ന ഗുരു ഇന്നും എനിക്ക് മാര്‍ഗ ദര്‍ശിയായി വര്‍ത്തിക്കുന്നു. ഇത് നിങ്ങള്‍ കണ്ട് നിങ്ങളുടെ അഭിപ്രായം അറിയിക്കുക”,

 

ഭാസന്‍ എഴുതിയ നാടകത്തിന് രംഗഭാഷ്യം നല്‍കിയത് കാവാലം നാരായണപണിക്കരാണ്. 2001 മാര്‍ച്ച്‌ 29ന് ന്യൂഡല്‍ഹി സിറിഫോര്‍ട്ട്‌ ഓഡിറ്റോറിയത്തിലാണ് ആദ്യത്തെ അവതരണം അരങ്ങേറിയത്. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ വാര്‍ഷിക നാടകോത്സവതിന്റെ ഭാഗമായിട്ടാണ് ‘കര്‍ണ്ണഭാരം’ അവതരിപ്പിക്കപ്പെട്ടത്.

‘കര്‍ണ്ണഭാര’ത്തിനു ശേഷം പ്രശാന്ത് നാരയണന്‍ സംവിധാനം ചെയ്ത ‘ഛായാമുഖി’ എന്ന നാടകത്തിലും മോഹന്‍ലാല്‍ വേഷമിട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook