ലോക്ക്ഡൗൺ തുടങ്ങിയതോടെ വീട്ടിൽ കൃഷിയും തുടങ്ങിയിരിക്കുകയാണ് പല സിനിമ താരങ്ങളും. അടുത്തിടെ നടൻ ജോജു ജോർജ് തന്റെ വീട്ടിലെ കൃഷിയിടത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. കഴിഞ്ഞദിവസമാണ് മെഗാസ്റ്റാർ മമ്മൂട്ടി, തന്റെ തോട്ടത്തിൽ വിളഞ്ഞ സൺഡ്രോപ് പഴങ്ങൾ വിളവെടുക്കുന്നതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. സിനിമ താരങ്ങൾക്കിടയിലെ ഏറ്റവും പുതിയ കർഷകൻ സൂപ്പർ സ്റ്റാർ മോഹൻലാലാണ്. ജൈവ കൃഷി ചെയ്യുന്ന ചിത്രങ്ങളുമായാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്.
Read More: മമ്മൂക്കയുടെ തോട്ടത്തിൽ ഇത് വിളവെടുപ്പ് കാലം
കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്നാണ് മോഹന്‍ലാലിന്റെ കൃഷി പരീക്ഷണങ്ങള്ജൈവവളം മാത്രമിട്ടാണ് കൃഷി.ചെന്നൈയില്‍ നിന്ന് രണ്ട് മാസം മുമ്പ് തിരിച്ചെത്തിയ മുതല്‍ കൃഷിയിടത്തിലേക്കിറങ്ങിയിരിക്കുകയാണ് നടന്.
അതേസമയം, മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 2’ന്റെ ചിത്രീകരണം ആരംഭിച്ചു. സെപ്തംബര്‍ 14-ാം തീയതി ഷൂട്ടിംഗ് തുടങ്ങുമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സെറ്റ് വർക്കുകൾ പൂർത്തിയാക്കാൻ ബാക്കിയുള്ളതിനാൽ ഷൂട്ടിംഗ് വൈകുകയായിരുന്നു. പാലക്കാട് പെരിങ്ങോട്ടിലെ ആയുര്‍വ്വേദ കേന്ദ്രത്തിലെ ചികിത്സ പൂർത്തിയാക്കിയ മോഹൻലാൽ ലൊക്കേഷനിൽ ജോയിൻ ചെയ്തു.
സെപ്തംബര്‍ 2-ാം തീയതിയാണ് ഭാര്യ സുചിത്രയ്ക്കൊപ്പം ആയുർവേദ ചികിത്സയ്ക്കായി മോഹൻലാൽ പെരിങ്ങോട്ടിലെ ആയുര്‍വ്വേദ കേന്ദ്രത്തിൽ എത്തിയത്. ഇവിടെ നിന്നുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ താരം പങ്കുവച്ചിരുന്നു.
മോഹൻലാലിന്റെ പിറന്നാൾ ദിവസമാണ് ‘ദൃശ്യ’ത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന പ്രഖ്യാപനമുണ്ടായത്. ഏഴു വർഷങ്ങൾക്കു ശേഷമാണ് ഈ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നത്. ജീത്തു ജോസഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമയ്ക്കു വേണ്ടി ആന്റണി പെരുമ്പാവൂരാണ്. ലോക്ഡൗൺ കഴിഞ്ഞ് തുടർച്ചയായി 60 ദിവസം കൊണ്ട് കേരളത്തിൽ ചിത്രീകരിച്ച് പൂർത്തിയാക്കുന്ന വിധത്തിലാണ് സിനിമ. ഇതിനു ശേഷമാകും ഷൂട്ടിങ് നിർത്തിവെച്ച മറ്റ് സിനിമകളിൽ മോഹൻലാൽ എത്തുകയെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു.
2013 ഡിസംബറിലായിരുന്നു ‘ദൃശ്യം’ റിലീസിനെത്തിയത്. മോഹന്‍ലാല്‍, മീന, കലാഭവന്‍ ഷാജോണ്‍, ആശ ശരത്, സിദ്ദിഖ് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. ത്രില്ലർ ചിത്രമായ ദൃശ്യത്തിലെ ഈ താരങ്ങളുടെയെല്ലാം പ്രകടനം ഏറെ മികവു പുലർത്തിയിരുന്നു. 50 കോടിയോളം രൂപ ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്യാനും ചിത്രത്തിനു സാധിച്ചിരുന്നു.