മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ പിറന്നാൾ ദിവസമാണിന്ന്. ആരാധകർക്കിടയിൽ നിന്നും സിനിമമേഖലയിൽ നിന്ന് അനവധി ആശംസകളാണ് താരത്തിനെ തേടിയെത്തുന്നത്. ഇപ്പോഴിതാ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ.
ഷെൽറ്റർ ഹോമിലെ കുട്ടികൾക്കൊപ്പമായിരുന്നു താരത്തിന്റെ പിറന്നാൾ ആഘോഷം. കുട്ടികൾക്കൊപ്പം കേക്ക് മുറിച്ച് അത് അവർക്ക് പങ്കിട്ടു നൽകുന്ന മോഹൻലാലിനെ ചിത്രങ്ങളിൽ കാണാം. “ഏയ്ഞ്ചൽസ് ഹട്ടിലെ കുഞ്ഞ് മാലാഖമാർക്കൊപ്പം ഒരു ചെറിയ പിറന്നാൾ ആഘോഷം. എച്ച് യു എം ഫൗണ്ടേഷന്റെ നേത്യത്വത്തിലുള്ള ഷെൽറ്റർ ഹോം. സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് വേണ്ടിയുള്ളതാണിത്. ഈ ദിവസത്തിന് ഒരുപാട് നന്ദി” എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് മോഹൻലാൽ കുറിച്ചത്. കുട്ടികൾക്കായി പ്രത്യേക സമ്മാനവും മോഹൻലാൽ നൽകുന്നുണ്ട്.
പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങൾക്ക് ഭാവവും ഭാവുകത്വവും നൽകിയ നടന വിസ്മയമാണ് മോഹൻലാൽ. 1960 മേയ് 21 നാണ് പത്തനംത്തിട്ട ജില്ലയിലെ ഇലന്തൂരിൽ വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ പുത്രനായി മോഹൻലാൽ ജനിച്ചത്. 1980ൽ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലൂടെ വില്ലനായി മലയാള സിനിമയിലേക്ക് കാലെടുത്തുവെച്ച 20-കാരൻ മലയാളത്തിന്റെ അതിർത്തികൾക്ക് അപ്പുറത്തേക്ക് വളർന്ന് ഇന്ത്യൻ സിനിമയ്ക്ക് തന്നെ സുപരിചിതനായ ഇതിഹാസ താരമായി മാറുകയായിരുന്നു.
ലിജോ ജോസ് പല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബൻ, ജീത്തു ജോസഫിന്റെ റാം, തമിഴ് ചിത്രം ജയിലർ എന്നിവയാണ് മോഹൻലാലിന്റെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങൾ. ബറോസ് എന്ന ചിത്രത്തിലൂടെ മോഹൻലാൽ സംവിധായകനായും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്.