ലാല്‍ ജോസിന്റെ പുതിയ ചിത്രം ‘വെളിപാടിന്റെ പുസ്തക’ത്തിന്റെ ചിത്രീകരണത്തിനിടെ നായകന്‍ മോഹന്‍ലാലിന് ഒരു വെളിപാടുണ്ടായി. ആ നിമിഷം ഒരു സെല്‍ഫിയായി പകര്‍ത്തുകയും ചെയ്തു. എന്നിട്ട് ലാലേട്ടൻ അത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. ‘എന്റെ വെളിപാട്, വെളിപാട് മോമെന്റ് സെല്‍ഫി’ എന്നായിരുന്നു ഈ ചിത്രത്തിനിട്ട അടിക്കുറിപ്പ്.

തന്റെ ആരാധകരോടും ഇത്തരം വെളിപാട് നിമിഷങ്ങളുടെ സെല്‍ഫിയെടുത്ത് അയച്ചുതരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ചിത്രത്തില്‍ പ്രൊഫ. മൈക്കിള്‍ ഇടിക്കുളയാവുന്ന ലാലേട്ടന്‍. വെളിപാട് മോമെന്റ് എന്ന് പേരിട്ട ഫോട്ടോകള്‍ സ്ഥലം, പേര് എന്നിവയടക്കം 8921970906 എന്ന നമ്പറിലേയ്ക്ക് അയക്കാന്‍ അഭ്യര്‍ഥിക്കുകയാണ് മോഹൻലാല്‍.

ഒരാള്‍ക്ക് ഒരു ഫോട്ടോ മാത്രമേ അയക്കാന്‍ കഴിയുകയുള്ളൂ. തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് പേര്‍ക്ക് ലാലേട്ടനെ കാണാനുള്ള അവസരമുണ്ട്. സമ്മാനങ്ങളുമുണ്ട്. ഓഗസ്റ്റ് 10 ആണ് അവസാന തിയ്യതി.

മോഹന്‍ലാലിന്റെ ഓണം റിലീസാണ് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന വെളിപാടിന്റെ പുസ്തകം. മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞയാഴ്ച ആലപ്പുഴയില്‍ പൂര്‍ത്തിയായി. ഡബ്ബിങ് നടന്നുകൊണ്ടിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ