മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിനു അഭിനയത്തിനു പുറമെ പാചക കലയിലും താത്പര്യമുണ്ട്. പാചകം ചെയ്യുന്ന താരത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പലതവണ ശ്രദ്ധ നേടിയിട്ടുണ്ട്. ഫുഡ് വ്ളോഗുകൾ ചെയ്ത് പ്രശസ്തി നേടി ഇൻസ്റ്റഗ്രാം പേജാണ് ‘ഈറ്റ് കൊച്ചി ഈറ്റ്’. വ്യത്യസ്തമായ വിഭവങ്ങൾ മലയാളികളെ പരിചയപ്പെടുത്തുന്ന യുവാക്കൾ ഉൾപ്പെടുന്ന ഈ സംഘത്തിന്റെ പുതിയ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
‘ഫുഡ് ടോക്ക് വിത്ത് ലാലേട്ടൻ’ എന്ന വീഡിയോ തങ്ങളുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ പങ്കുവച്ചിരിക്കുകയാണ് ഇവർ. മോഹൻലാലിന്റെ ഇഷ്ട വിഭവങ്ങളെപ്പറ്റി ചോദിച്ചറിയുന്നത് വീഡിയോയിൽ കാണാം.
തനിക്ക് ഭക്ഷണത്തിൽ അങ്ങനെ നിർബന്ധങ്ങളില്ലെന്നും ഏറ്റവും ഇഷ്ടം ജാപ്പനീസ് വിഭവങ്ങളാണെന്നും മോഹൻലാൽ പറയുന്നു. വീട്ടിൽ ഒരു ജാപ്പനീസ് അടുക്കള തന്നെ തന്റെ ഇഷ്ട ഭക്ഷണങ്ങൾ പാകം ചെയ്യാൻ മോഹൻലാൽ ഒരുക്കിയിട്ടുണ്ട്. ജാപ്പനീസ് വിഭവങ്ങളിൽ അധികം മസാല ചേർക്കാത്തതു കൊണ്ടാണ് തനിക്ക് അവയോട് ഒരു പ്രത്യേക ഇഷ്ടമെന്നും മോഹൻലാൽ പറഞ്ഞു.
റാം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി മൊറോക്കോയിൽ പോയപ്പോൾ കഴിച്ച ഭക്ഷണങ്ങളെപ്പറ്റിയും മോഹൻലാൽ വാചാലനായി. തനിക്കു പാചകം ചെയ്യുവാന്‍ വളരെ ഇഷ്ടമാണെന്നുളള കാര്യം മോഹന്‍ലാല്‍ പല വേദികളിലും പറഞ്ഞിട്ടുണ്ട്. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ അവതാരകനായിരുന്ന മോഹന്‍ലാല്‍ മത്സരാര്‍ത്ഥികള്‍ക്കു ചില പാചക രീതികള്‍ പറഞ്ഞു കെടുക്കുന്നതു ഏറെ വൈറലായിരുന്നു.