ഒരിക്കൽക്കൂടി ആരാധകരോട് ക്ഷമ പറഞ്ഞിരിക്കുകയാണ് മോഹൻലാൽ. മറ്റൊന്നിനുമല്ല ഇത്തവണയും ബ്ലോഗ് എഴുതാൻ കഴിയാത്തതിനാണ് മോഹൻലാൽ ക്ഷമ ചോദിച്ചത്. ഷൂട്ടിങ് തിരക്കുകൾ കാരണം എന്റെ ചിന്തകൾ പകർത്തുന്നതിന് അനുയോജ്യമായ സ്ഥലമോ സമയമോ എനിക്ക് കിട്ടിയില്ല. നിങ്ങളുടെ സ്നേഹവും പിന്തുണയും എനിക്ക് മനസ്സിലാകുന്നു. ഞാൻ പറയുന്നത് നിങ്ങൾക്ക് മനസ്സിലാകുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത മാസം എഴുതാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മോഹൻലാൽ പറയുന്നു.

എല്ലാ മാസവും കൃത്യം 21-ാം തീയതി മോഹൻലാൽ ബ്ലോഗ് എഴുതാറുണ്ട്. ഇത് വായിക്കാനായി അദ്ദേഹത്തെ ആരാധകർ കാത്തിരിക്കാറുണ്ട്. സമകാലീന വിഷയങ്ങൾ അടിസ്ഥാനമാക്കിയാണ് മോഹൻലാൽ ബ്ലോഗെഴുതാറുള്ളത്. എന്നാൽ കഴിഞ്ഞ മാസം അദ്ദേഹം ബ്ലോഗ് എഴുതിയില്ല. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ടതിനെക്കുറിച്ച് മോഹൻലാൽ ബ്ലോഗിലൂടെ പ്രതികരിക്കുമെന്ന് കരുതിയിരുന്നെങ്കിലും അത് ഉണ്ടായില്ല. ഇതിനെതിരെ ചില കോണിൽനിന്നും പ്രതിഷേധവും ഉയർന്നിരുന്നു. മേയ് 21 നാണ് മോഹൻലാൽ അവസാനമായി ബ്ലോഗ് എഴുതിയത്.

കഴിഞ്ഞ മാസം ബ്ലോഗ് എഴുതാൻ സാധിക്കാത്തതിലും മോഹൻലാൽ ക്ഷമ ചോദിച്ചിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി താന്‍ ഷൂട്ടിങ്ങ് തിരക്കിലാണ്. അതിനാല്‍ ബ്ലോഗുകളൊന്നും എഴുതാന്‍ സാധിക്കുന്നില്ല. അടുത്ത മാസം മുതല്‍ പുതിയ ചിന്തകളുമായി ബ്ലോഗില്‍ എത്തുമെന്നും അതുവരെ പ്രിയപ്പെട്ട ആരാധകരോട് മാപ്പു ചോദിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ