സമീപകാലത്ത് മലയാളത്തിലിറങ്ങിയ സിനിമകളുടെ പേരുകളിലേറെയും കൗതുകം ജനിപ്പിക്കുന്നതായിരുന്നു. പടച്ചോനെ ഇങ്ങള് കാത്തോളീ ന്നാ താൻ കേസ് കൊട്, കഠിന കഠോരമീ അണ്ഡകടാഹം തുടങ്ങിയ പേരുകൾ ട്രോളന്മാരും ഏറ്റെടുത്തിരുന്നു.
ഇപ്പോഴിതാ, മറ്റൊരു മലയാളചിത്രത്തിന്റെ പേരു കൂടി സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. കോക്കേഴ്സ് മീഡിയ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ നിർമ്മിച്ച് ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന ‘മാരിവില്ലിൻ ഗോപുരങ്ങൾ’ എന്ന് പേരാണ് സോഷ്യൽ മീഡിയയിൽ ചിരികോളൊരുക്കുന്നത്.
ചിത്രത്തിൻ്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യൽ മീഡിയയിലൂടെ അനൗൺസ് ചെയ്തത് മോഹൻലാലാണ്. മോഹൻലാലിന്റെ പോസ്റ്റ് സിനിമാപ്രേമികളും ഏറ്റുപിടിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് ‘സമ്മർ ഇൻ ബത്ലഹേ’മിലെ ഏറെ ജനശ്രദ്ധ നേടിയ ‘മാരിവില്ലിൻ ഗോപുരങ്ങൾ….’ എന്ന് ഗാനത്തിൻ്റെ വരികൾ ഓർത്തെടുക്കുകയാണ് സോഷ്യൽ മീഡിയ.

മലയാള സിനിമക്ക് ഒരുപാട് ഹിറ്റുകൾ സമ്മാനിച്ച കോക്കേഴ്സ് എന്ന ബാനറും സംഗീത സംവിധായകൻ വിദ്യാസഗറും ഒത്തുചേരുന്ന പുതിയ ചിത്രമാണിത്. കോക്കേഴ്സ് ബാനർ തന്നെയാണ് ‘സമ്മർ ഇൻ ബത്ലഹേം’ എന്ന ചിത്രം നിർമ്മിച്ചതും.
ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രമോദ് മോഹനാണ് ചിത്രത്തിൻ്റെ തിരക്കഥ. വസിഷ്ട് ഉമേഷ്, ജോണി ആൻ്റണി, സലീം കുമാർ, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ശ്യാമപ്രകാശ്. എം.എസ് ഛായാഗ്രഹണവും ഷൈജൽ പി.വിയും അരുൺ ബോസും ചേർന്ന് എഡിറ്റിംഗും നിർവ്വഹിക്കും.