മുരളിയ്‌ക്ക് ഓര്‍മ്മപ്പൂക്കള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍

കരുത്തും ലാളിത്യവും പരുക്കന്‍ ഭാവങ്ങളും അനായാസേന വേദിയിലും അഭ്രപാളിയിലുമെത്തിക്കാന്‍ സാധിച്ച നടനായിരുന്നു മുരളി എന്ന് സിനിമാ സംഘടനയായ ഫെഫ്ക അനുസ്മരിച്ചു

Mohanlal remebers co-actor Murali on his death anniversary
Mohanlal remebers co-actor Murali on his death anniversary

മണ്മറഞ്ഞ സഹപ്രവര്‍ത്തകന്‍ മുരളിയ്ക്ക് ഓര്‍മ്മപ്പൂക്കള്‍ അര്‍പ്പിച്ച് നടന്‍ മോഹന്‍ലാല്‍. 2009 ഓഗസ്റ്റ്‌ ആറാം തീയതിയാണ് മുരളി മരണപ്പെടുന്നത്. മരിക്കുമ്പോള്‍ 54 വയസ്സായിരുന്നു മലയാളി കണ്ട എക്കാലത്തേയും മികച്ച നടന്മാരിലൊരാളായ മുരളിയ്ക്ക്. ‘ലാല്‍ സലാം’, ‘രക്തസാക്ഷികള്‍ സിന്ദാബാദ്’, ‘സദയം’, ‘കിരീടം’, ‘ദശരഥം’, തുടങ്ങി അനേകം ചിത്രങ്ങളില്‍ മോഹന്‍ലാലുമായി ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

മുരളി ഒരു താരമോ നായകനോ ആയിരുന്നില്ല, പക്ഷെ മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച നടനായിരുന്നു. വാണിജ്യ സിനിമകളേയും കാലമൂല്യമുള്ള സിനിമകളേയും ഒരു പോലെ കണ്ട വ്യക്തിത്വം. മലയാള സിനിമയുടെ കരുത്തുറ്റ മുഖം. മൂന്നര പതിറ്റാണ്ടുകാലം മലയാള സിനിമ, നാടക, സാഹിത്യരംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന മുരളി മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200ലേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നു.

 

“80 കളുടെ അവസാനത്തിലും 90കളുടെ തുടക്കത്തിലും മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു മുരളി. ‌അനായാസമായ അഭിനയ ശൈലിയും പരുക്കന്‍ ശബ്ദവും കൊണ്ട് പ്രേക്ഷകരെ കീഴടക്കി. മലയാള സിനിമയിലെ ക്ഷോഭിക്കുന്ന നടന്‍, ആയിരം മുഖങ്ങള്‍, ആയിരം ഭാവങ്ങള്‍.. മുരളി ഒരു രവമായിട്ടല്ല, ഗര്‍ജ്ജനമായി തന്നെ വെള്ളിത്തിരയില്‍ നിറഞ്ഞാടുകയായിരുന്നു. ഒരു പ്രത്യേക കാറ്റഗറിയില്‍ അല്ലെങ്കില്‍ ഒരു വേഷത്തില്‍ മാത്രം ഒതുക്കി നിര്‍ത്താന്‍ സാധിക്കുന്നതായിരുന്നില്ല ആ നടന വൈഭവത്തെ, പ്രതീക്ഷകളും ചിന്തകളെയും കാറ്റില്‍ പറത്തി മുരളി ആരൊക്കെയായി നമുക്ക് മുന്നിലെത്തുകയായിരുന്നു. നായകന്‍, പ്രതിനായകന്‍, വില്ലന്‍, രാഷ്ട്രീയക്കാരന്‍, അച്ഛന്‍, മുത്തച്ഛന്‍, കാമുകന്‍ തുടങ്ങി ആടിയ വേഷങ്ങളിലെല്ലാം ഒരു മുരളി സ്പര്‍ശമുണ്ടായിരുന്നു. പകരം വയ്ക്കാനാവാത്ത നടന വൈഭവത്തിന്റെ സ്പര്‍ശം. കരുത്തും ലാളിത്യവും പരുക്കന്‍ ഭാവങ്ങളും അനായാസേന വേദിയിലും അഭ്രപാളിയിലുമെത്തിക്കാന്‍ സാധിച്ച നടനായിരുന്നു മുരളി. വില്ലന്‍, നായക കഥാപാത്രങ്ങള്‍ക്ക്‌ തീര്‍ത്തും വ്യത്യസ്ഥമായ ഒരു ഭാവം പകരാന്‍ മുരളിയ്‌ക്കു കഴിഞ്ഞിരുന്നു.”, സിനിമാ സംഘടനയായ ഫെഫ്ക മുരളിയെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പില്‍ കുറിച്ചതിങ്ങനെ.

1979ല്‍ ഭരത് ഗോപി സംവിധാനം ചെയ്ത ‘ഞാറ്റടി’ എന്ന ചിത്രത്തിലൂടെയാണ് മുരളി സിനിമയിലേക്കെത്തുന്നത്. പക്ഷേ ആ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് അരവിന്ദന്റെ ‘ചിദംബരം’ എന്ന ചിത്രത്തിലും, തുടര്‍ന്ന് ‘മീനമാസത്തിലെ സൂര്യന്‍’ എന്ന ചിത്രത്തിലും അഭിനയിച്ചു. ഹരിഹരന്റെ ‘പഞ്ചാഗ്‌നി’യാണ് ആദ്യം റിലീസായ ചിത്രം.   ഏറ്റവും ഒടുവിലത്തെ ചിത്രം അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ‘മഞ്ചാടിക്കുരു’ ആയിരുന്നു.

1954ല്‍ കൊല്ലം ജില്ലയിലെ കുടവട്ടൂരിലാണ് മുരളിയുടെ ജനനം. ചെറുപ്പത്തിലേ നാടകത്തില്‍ തല്പരനായിരുന്നു അദ്ദേഹം. കുടവട്ടൂര്‍ എല്‍പി സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് അദ്ധ്യാപകന്‍ സ്‌കൂളില്‍ അവതരിപ്പിച്ച നാടകത്തിലെ ബാലതാരമായാണ് മുരളി ആദ്യം സ്റ്റേജിലെത്തുന്നത്.

 

‘ആധാര’ത്തിലെ ബാപ്പുട്ടി, ‘അമര’ത്തിലെ കൊച്ചുരാമന്‍, ‘വെങ്കല’ത്തിലെ ഗോപാലന്‍ മൂശാരി, ‘ആകാശദൂതി’ലെ ജോണി, ‘വളയ’ത്തിലെ ശ്രീധരന്‍ അങ്ങനെ നിരവധി കഥാപാത്രങ്ങളാണ് വെള്ളിത്തിരയില്‍ മുരളി അനശ്വരമാക്കിയത്.

മുരളിക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്തത് പ്രിയനന്ദൻ ഒരുക്കിയ ‘നെയ്ത്തുകാരൻ’ എന്ന ചിത്രമായിരുന്നു. പിന്നീട് പ്രിയനന്ദന്റെ തന്നെ പുലിജന്മത്തിലും നായകനായി എത്തിയത് മുരളി തന്നെയായിരുന്നു. ഈ ചിത്രത്തിലെ പ്രകാശൻ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രകാശനായും കാരി ഗുരുക്കളായും വ്യത്യസ്തമായ അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് മുരളി അവതരിപ്പിച്ചത്.

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഒരു തവണയും, സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നാലു തവണയും നേടിയിട്ടുണ്ട് ഈ കലാകാരന്‍.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mohanlal remebers co actor murali on his death anniversary

Next Story
നടിമാരും താരസംഘടനയുമായുള്ള ചര്‍ച്ച നാളെParvathy Revathy Padmapriya AMMA WCC
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express