കേരളം കാത്തിരിക്കുന്ന കൂട്ട് കെട്ടാണ് മോഹന്‍ലാല്‍ – ലാല്‍ ജോസ്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇവര്‍ ഒന്നിക്കുന്ന ചിത്രമാണ് വെളിപാടിന്‍റെ പുസ്തകം. പ്രൊഫസര്‍ ഇടിക്കുളയായി മോഹന്‍ലാല്‍ എത്തുന്നു.

ചിത്രം റിലീസ് ചെയ്യാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ, ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം ഫെയ്സ്ബുക്കിലൂടെ ഇന്ന് പ്രേക്ഷകരിലേക്കെത്തി.

ഈ മാസമാദ്യം ഓഡിയോ റിലീസ് ചെയ്ത ജിമിക്കി കമ്മല്‍ ഇതിനോടകം ഹിറ്റ്‌ പട്ടികയില്‍ ഇടം നേടി കഴിഞ്ഞു. ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്ന ഈ ഗാനം രചിച്ചിരിക്കുന്നത് അനില്‍ പനച്ചൂരാന്‍. ആലാപനം‌, വിനീത് ശ്രീനിവാസന്‍, രഞ്ജിത്ത് ഉണ്ണി.

ഇത് കൂടാതെ കടലും കരയും പോല്‍ (രചന. സന്തോഷ്‌ വര്‍മ, ആലാപനം. എം ജി ശ്രീകുമാര്‍), മണ്‍പാതകളെ (രചന. റഫീക്ക് അഹമദ്, ആലാപനം‌. ഷാന്‍ റഹ്മാന്‍), മേലേ അരിമുല്ല (രചന. മനു മഞ്ജിത്ത്, ആലാപനം. മധു ബാലകൃഷ്ണന്‍), നീയും (രചന. വയലാര്‍ ശരത് ചന്ദ്ര വര്‍മ, ആലാപനം. മമധു ബാലകൃഷ്ണന്‍, വൃന്ദ ഷമീക്ക്) എന്നിവയാണ് ചിത്രത്തിലെ മറ്റു ഗാനങ്ങള്‍.

മോഹന്‍ലാലിന്‍റെ ഓണചിത്രമാകും വെളിപാടിന്‍റെ പുസ്തകം. ബെന്നി പി നായരമ്പലം രചിച്ചു ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അന്ന രാജന്‍, അനൂപ്‌ മേനോന്‍, സലിം കുമാര്‍, പ്രിയങ്ക നായര്‍, സിദ്ദിക്ക്, കലാഭവന്‍ ഷാജോണ്‍, അലെന്സിയര്‍ എന്നിവരും അഭിനയിക്കുന്നു. തിരുവനന്തപുരത്ത് തുമ്പയിലായിരുന്നു പ്രധാന ലൊക്കേഷന്‍. ക്യാമറ വിഷ്ണു ശര്‍മ, എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ