മോഹന്‍ലാല്‍ അവതാരകനായെത്തുന്ന റിയാലിറ്റി ഷോ മലയാളം ബിഗ് ബോസിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ജൂണ്‍ 24 മുതല്‍ പരിപാടി സംപ്രേഷണം ആരംഭിക്കും. ഹിന്ദിയിലും കന്നഡയിലും തെലുങ്കിലുമെല്ലാം ഹിറ്റായി മാറിയ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്.

പരിപാടിയുടെ ഹിന്ദി പതിപ്പാണ് ആദ്യം ആരംഭിച്ചത്. സൂപ്പര്‍ ഹിറ്റായ ബിഗ് ബ്രദര്‍ എന്ന യുഎസ് റിയാലിറ്റി ഷോയുടെ ഇന്ത്യന്‍ പതിപ്പായിരുന്നു ബിഗ് ബോസ്. സൂപ്പര്‍ താരം സല്‍മാന്‍ ഖാനാണ് ഹിന്ദി പതിപ്പിന്റെ അവതാരകന്‍. ബോളിവുഡിലെ പല താരങ്ങളുടേയും തുടക്കം ബിഗ് ബോസിലൂടെയായിരുന്നു. സണ്ണി ലിയോണ്‍ ഇന്ത്യന്‍ സിനിമാ രംഗത്തേക്ക് എത്തുന്നത് ബിഗ് ബോസിലൂടെയായിരുന്നു.

ഹിന്ദി പതിപ്പിന്റെ വിജയത്തെ തുടര്‍ന്ന് കന്നഡയിലും ബിഗ് ബോസ് ആരംഭിക്കുകയായിരുന്നു. കന്നഡയില്‍ അഞ്ചാം സീസണ്‍ ആണ് ഇപ്പോള്‍ നടക്കുന്നത്. തെലുങ്കില്‍ സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആറാണ് അവതാരകന്‍.

ഒരു സംഘം സെലിബ്രിറ്റികളെ പുറം ലോകവുമായി ബന്ധമില്ലാതെ ഒരു വീട്ടില്‍ കുറച്ച് നാളത്തേക്ക് പാര്‍പ്പിക്കുന്നതാണ് പരിപാടി. മൽസരാര്‍ത്ഥികളില്‍ ഓരോരുത്തരായി ഓരോ ആഴ്‌ചയും പുറത്താകും. അവസാനം ബാക്കിയാകുന്നയാള്‍ക്ക് ലഭിക്കുക വന്‍ സമ്മാനത്തുകയായിരിക്കും. ബിഗ് ബോസ് മലയാളത്തിലെത്തുമ്പോള്‍ ആരൊക്കെയായിരിക്കും മൽസരാര്‍ത്ഥികളാവുക എന്ന ആകാംഷയിലാണ് പ്രേക്ഷകര്‍.

മലയാളത്തില്‍ മിനിറ്റ് ടു വിന്‍ ഇറ്റ് പോലെയുള്ള പരിപാടികള്‍ നിര്‍മ്മിച്ച എന്റെ മോള്‍ പ്രൊഡക്ഷന്‍ കമ്പനിയാണ് ബിഗ് ബോസ് മലയാളത്തിലേക്ക് എത്തിക്കുന്നത്. പുണെയിലെ ലോണാവാലയിലാണ് ചിത്രീകരണം നടക്കുക. തമിഴ്, തെലുങ്ക് പതിപ്പുകളുടെ സെറ്റുകള്‍ തന്നെയാണ് മലയാളം പതിപ്പും ഷൂട്ട് ചെയ്യാന്‍ ഉപയോഗിക്കുന്നത്. മലയാളം സിനിമയിലെ അഭിനേതാക്കളെയും ടെലിവിഷന്‍ താരങ്ങളെയും ഉള്‍പ്പെടുത്തിയായിരിക്കും ആദ്യ സീസണ്‍ ഷൂട്ടിങ് നടത്തുക. മമ്മൂട്ടിയുടെയും മറ്റ് മൽസരാര്‍ത്ഥികളുടെയും സൗകര്യാര്‍ത്ഥമായിരിക്കും ഷൂട്ടിങ്ങിനുള്ള തീയതി നിശ്ചയിക്കുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ