ലണ്ടന്‍: തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി മലയാളികളുടെ പ്രിയ താരം മോഹന്‍ലാല്‍ ഇപ്പോള്‍ യുകെയിലെത്തി. ‘ഒടിയൻ’, ‘കായംകുളം കൊച്ചുണ്ണി’, ‘നീരാളി’ എന്നീ ചിത്രങ്ങൾക്കു ശേഷമുള്ള ചിത്രത്തിന്റെ ഭാഗമാകാനാണ് അദ്ദേഹം യുകെയിലെത്തിയത്.
രഞ്ജിത്താണ് പേരിടാത്ത ഈ ചിത്രത്തിന്റെ സംവിധായകന്. ‘പുത്തന്‍ പണ’ത്തിനു ശേഷം രഞ്ജിത്ത് തന്നെ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ഇത്. ഈ വിവരം മോഹന്‍ലാൽ തന്നെയാണ് ഫെയ്സ്ബുക്കില്‍ കൂടി പങ്കുവച്ചത്.
മോഹന്‍ലാലിനെ കൂടാതെ സുരേഷ് കൃഷ്ണ, മുരളി മേനോന്, സുബി സുരേഷ് എന്നിവരും ഈ ചിത്രത്തില്‍ ഉണ്ടാകും. മറ്റുള്ള പ്രധാന കഥാപാത്രങ്ങള്‍ ആരൊക്കെയാണെന്നുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. വർണചിത്ര ബിഗ് സ്ക്രീനിന്റെ ബാനറില്‍ മഹാസുബൈറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ‘ലോഹ’ത്തിന് ശേഷം മോഹന്‍ലാലും-രഞ്ജിത്തും ഒരുമിക്കുന്ന ചിത്രമാണിത്.
‘ബിലാത്തികഥ’ എന്ന ചിത്രം രഞ്ജിത്ത് യുകെയിൽ വച്ച് ഷൂട്ട് ചെയ്യുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പൂർണമായും ലണ്ടനില്‍ ചിത്രീകരിക്കാന്‍ ഉദ്ദേശിച്ച ‘ബിലാത്തികഥ’യുടെ തിരക്കഥയും സംഭാഷണവും സേതുവാണ്. ലില്ലിപാഡ് മോഷന്‍ പിക്ചേഴ്സ് യുകെ ലിമിറ്റഡ്, വർണചിത്ര ബിഗ് സ്ക്രീന്‍ എന്നിവയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മ്മിക്കുന്ന സിനിമ ചിത്രീകരിക്കും എന്നായിരുന്നു നേരത്തെ വന്ന വിവരം. ഉണ്ണി ആറിന്റെ ‘ലീല’യ്ക്ക് ശേഷം മറ്റൊരാളുടെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച സിനിമയായിരുന്നു ബിലാത്തിക്കഥ.
എന്നാല്‍ പുതിയ വിവരങ്ങളനുസരിച്ച് ‘ബിലാത്തികഥ’ മാറ്റി വച്ച് മറ്റൊരു ചിത്രത്തിനായി ഒന്നിച്ചിരിക്കുകയാണ് മോഹന്‍ലാലും രഞ്ജിത്തും.