മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റ് കൂട്ടുകെട്ടായ മോഹന്‍ലാല്‍-രഞ്ജിത് ടീം വീണ്ടും ഒന്നിക്കുന്ന ‘ഡ്രാമ’ എന്ന ചിത്രം നവംബര്‍ ഒന്നിന് തിയേറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തെക്കുറിച്ചും ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ചും മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പറയുന്നതിങ്ങനെ.

‘ഒന്നാം തീയതി നമ്മുടെ സിനിമ റിലീസ് ആകുകയാണ്. വളരെ കാലങ്ങള്‍ക്കു ശേഷം ഞാന്‍ ചെയ്യുന്ന ഒരു ഹ്യൂമര്‍ ചിത്രമാണിത്. ഹ്യൂമര്‍ മാത്രമല്ല, വളരെ വിലപ്പെട്ടൊരു സന്ദേശംകൂടിയുണ്ട് ചിത്രത്തില്‍. കാണൂ, അഭിപ്രായമറിയിക്കൂ. കൂടെ നിന്നേക്കണം കേട്ടോ,’ എന്നു പറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ ലൈവ് അവസാനിപ്പിക്കുന്നത്.

‘ലോഹ’ത്തിനു ശേഷം രഞ്ജിത്തും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണിത്. ‘പുത്തന്‍ പണ’ത്തിനു ശേഷം രഞ്ജിത്ത് തന്നെ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ഡ്രാമ’. ലണ്ടനില്‍ ചിത്രീകരിച്ചിട്ടുള്ള ‘ഡ്രാമ’യില്‍ ആശാ ശരത് ആണ് നായിക. ഇവരെ കൂടാതെ സുരേഷ് കൃഷ്ണ, മുരളി മേനോന്‍, സുബി സുരേഷ് എന്നിവരും ഈ ചിത്രത്തില്‍ ഉണ്ടാകും.

Read More: രഞ്ജിത്തും മോഹൻലാലും വീണ്ടും കൈകോർക്കുമ്പോൾ

ചിത്രത്തിലെ മോഹന്‍ലാല്‍ തന്നെ പാടിയ പ്രമോ സോങ് അടുത്തിടെ പുറത്തുവിട്ടിരുന്നു. ‘പണ്ടാരോ ചൊല്ലീട്ടില്ലേ, പാണന്‍ പാട്ടില്‍ കേട്ടിട്ടില്ലേ’ എന്ന് തുടങ്ങുന്ന ഗാനത്തില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷന്‍ കാഴ്ചകളാണുള്ളത്. മോഹന്‍ലാലും രഞ്ജിത്തും മറ്റ് അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരെല്ലാം വീഡിയോയില്‍ വന്ന് പോകുന്നുണ്ട്. നാളുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും പാടുന്നു എന്നതും ഡ്രാമയുടെ ഗാനത്തിന്റെ സവിശേഷതയാണ്.

വര്‍ണചിത്ര ബിഗ് സ്‌ക്രീനിന്റെ ബാനറില്‍ മഹാസുബൈറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മലയാള സിനിമയ്ക്ക് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടിന്റെ പുതിയ ചിത്രത്തിനെ വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Read More: റിലാക്സ്ഡ് ആയി ലാല്‍ ചെയ്ത ‘ഡ്രാമ’: രഞ്ജിത് പറയുന്നു

മോഹന്‍ലാലിന്റെ കരിയറിലെ ക്ലാസ്സിക് ചിത്രങ്ങള്‍ എന്നു വിശേഷിപ്പിക്കാവുന്ന ‘ദേവാസുര’വും ‘മായാമയൂര’വുമെല്ലാം ആദ്യം പിറന്നത് രഞ്ജിത്ത് എന്ന എഴുത്തുകാരന്റെ മനസ്സിലാണ്. അതുപോലെ, മോഹന്‍ലാലിന്റെ കരിയറില്‍ എന്നെന്നും ആഘോഷിക്കപ്പെടുന്ന നരസിംഹവും രാവണപ്രഭുവും പോലെയുള്ള മാസ്സ് പടങ്ങളിലെ കഥാപാത്രങ്ങളെ സൃഷ്ടിച്ചതും രഞ്ജിത്ത് തന്നെയാണ്. ക്ലാസ്സിക്കോ മാസ്സോ ആവട്ടെ, ഏത് എക്‌സ്ട്രീമുകളിലേക്ക് പോവേണ്ടി വന്നാലും പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ സാധിക്കുന്ന രീതിയില്‍ സിനിമയെ മുന്നോട്ടു കൊണ്ടുപോവാന്‍ കഴിയും എന്നതു തന്നെയാണ് ഈ കൂട്ടുകെട്ടിന്റെ സവിശേഷത.

രാവണ പ്രഭു, ആറാം തമ്പുരാന്‍, ദേവാസുരം, സ്പിരിറ്റ് തുടങ്ങി രഞ്ജിത്ത് മോഹന്‍ലാല്‍ ചിത്രങ്ങളെല്ലാം തന്നെ മലയാള സിനിമാചരിത്രത്തില്‍ ശ്രദ്ധേയമായൊരിടം കയ്യാളുന്നുണ്ട്. ഈ കൂട്ടുകെട്ടിന്റെ ബോക്സ് ഓഫീസില്‍ പരാജയപ്പെട്ട ചിത്രങ്ങള്‍ പോലും കാലാന്തരത്തില്‍ സോഷ്യല്‍ മീഡിയയിലും സിനിമാപ്രേക്ഷകര്‍ക്കിടയിലും ആഘോഷിക്കപ്പെടുന്ന കാഴ്ചകളാണ് നമുക്ക് കാണാന്‍ സാധിക്കുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ