രഞ്ജിത്ത് ചിത്രങ്ങളിലെ മോഹൻലാലിനെ കാണാൻ മലയാളി പ്രേക്ഷകർക്ക് ഒരിഷ്ടക്കൂടുതൽ എന്നുമുണ്ട്. നിരവധിയേറെ ഹിറ്റ് ചിത്രങ്ങൾ മലയാളത്തിനു സമ്മാനിച്ച ഇരുവരും ഒന്നിക്കുമ്പോൾ അതിൽ ആസ്വാദനത്തിന് പുത്തൻതലങ്ങൾ സമ്മാനിക്കുന്ന എന്തെങ്കിലുമൊരു മാജിക് ഒളിപ്പിച്ചുവെച്ചിട്ടുണ്ടാവുമെന്ന പ്രതീക്ഷയാവാം ആ ഇഷ്ടക്കൂടുതലിനു കാരണം. രാവണ പ്രഭു, ആറാം തമ്പുരാൻ, ദേവാസുരം, സ്പിരിറ്റ് തുടങ്ങി രഞ്ജിത്ത് – മോഹൻലാൽ ചിത്രങ്ങളെല്ലാം തന്നെ മലയാള സിനിമാചരിത്രത്തിൽ ശ്രദ്ധേയമായൊരിടം കയ്യാളുന്നുണ്ട്. ഈ കൂട്ടുകെട്ടിന്റെ ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ട ചിത്രങ്ങൾ പോലും കാലാന്തരത്തിൽ സോഷ്യൽ മീഡിയയിലും സിനിമാപ്രേക്ഷകർക്കിടയിലും ആഘോഷിക്കപ്പെടുന്ന കാഴ്ചകളാണ് നമുക്ക് കാണാൻ സാധിക്കുക.

Read More: റിലാക്സ്ഡ് ആയി ലാല്‍ ചെയ്ത ‘ഡ്രാമ’: രഞ്ജിത് പറയുന്നു

നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ രഞ്ജിത്ത് – ലാൽ ടീമിന്റെ ‘ഡ്രാമ’ തിയേറ്ററുകളിലെത്താനിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ രഞ്ജിത്ത് – മോഹൻലാൽ  കൂട്ടുകെട്ടിൽ പിറന്ന ശ്രദ്ധേയമായ ചിത്രങ്ങളുടെ വിശേഷങ്ങൾ ഒന്നുകൂടി ഓർക്കാം.

മോഹൻലാലിന്റെ കരിയറിലെ ക്ലാസ്സിക് ചിത്രങ്ങൾ എന്നു വിശേഷിപ്പിക്കാവുന്ന ‘ദേവാസുര’വും ‘മായാമയൂര’വുമെല്ലാം ആദ്യം പിറന്നത് രഞ്ജിത്ത് എന്ന എഴുത്തുകാരന്റെ മനസ്സിലാണ്. അതുപോലെ, മോഹൻലാലിന്റെ കരിയറിൽ എന്നെന്നും ആഘോഷിക്കപ്പെടുന്ന നരസിംഹവും രാവണപ്രഭുവും പോലെയുള്ള മാസ്സ് പടങ്ങളിലെ കഥാപാത്രങ്ങളെ സൃഷ്ടിച്ചതും രഞ്ജിത്ത് തന്നെയാണ്. ക്ലാസ്സിക്കോ മാസ്സോ ആവട്ടെ, ഏത് എക്സ്ട്രീമുകളിലേക്ക് പോവേണ്ടി വന്നാലും പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ സാധിക്കുന്ന രീതിയിൽ സിനിമയെ മുന്നോട്ടു കൊണ്ടുപോവാൻ കഴിയും എന്നതു തന്നെയാണ് ഈ കൂട്ടുകെട്ടിന്റെ സവിശേഷത.

Read More: ‘ദേവാസുരം’ ഇന്നാണ് എടുക്കുന്നതെങ്കില്‍ മോഹന്‍ലാലിന് പകരം ആരെ കാസ്റ്റ് ചെയ്യും?: രഞ്ജിത്തിന്റെ മറുപടി

എന്താണ് രഞ്ജിത്ത്- മോഹൻലാൽ കൂട്ടുകെട്ടിന്റെ പ്രത്യേകത എന്നു അന്വേഷിക്കുമ്പോൾ എത്തിച്ചേരുക, രഞ്ജിത്ത് തന്നെ മുൻപൊരു അഭിമുഖത്തിൽ പറഞ്ഞ ഉത്തരത്തിലാവും. “ഒരു നല്ല തിരക്കഥ ലഭിച്ചാൽ മമ്മൂട്ടി അത് നന്നായി അവതരിപ്പിക്കും. പക്ഷെ ഒരു മോശം തിരക്കഥയെ തന്റെ അഭിനയത്തിലൂടെ ലാൽ അവിസ്മരണീയമാക്കും,” ലാലെന്ന അഭിനേതാവിനെ കുറിച്ച് രഞ്ജിത്തിനുള്ള ഈ ബോധ്യത്തിൽ തന്നെയാണ് ഈ കൂട്ടുകെട്ടിന്റെ വിജയരഹസ്യവുമിരിക്കുന്നതെന്ന് തോന്നാറുണ്ട്.

Read More: “ഫെമിനിച്ചികളുടെ ഇന്റർനാഷണൽ കോർട്ടിലും ജാമ്യം കിട്ടും”, ഡ്രാമ ടീസർ എത്തി

രഞ്ജിത്ത് സംവിധാനരംഗത്തേക്ക് കടന്നതിനു ശേഷം മോഹൻലാലിനെ വെച്ച് ചെയ്ത പടങ്ങളാണ് രാവണപ്രഭു, ചന്ദ്രോത്സവം, റോക്ക് ആൻഡ് റോൾ, സ്പിരിറ്റ്, ലോഹം, ഡ്രാമ എന്നിവ. ഇതിൽ ബോക്സ് ഒാഫീസിൽ വിജയിച്ച ചിത്രങ്ങളുണ്ട്, പരാജയപ്പെട്ടവയുണ്ട്, പരാജയപ്പെട്ടതിനു ശേഷം ടെലിവിഷൻ കാഴ്ചയിൽ ആളുകൾ ഇഷ്ടപ്പെട്ടവയുണ്ട്.

രാവണപ്രഭു

രഞ്ജിത്തിന്റെ ആദ്യ സംവിധാന ചിത്രമായിരുന്നു ‘രാവണപ്രഭു’. ‘ദേവാസുരം’ എന്ന ക്ലാസിക് ചിത്രത്തിന്റെ രണ്ടാം ഭാഗമെന്ന രീതിയിൽ വന്ന ചിത്രം മലയാളികളെ മൊത്തത്തിൽ ഞെട്ടിച്ചു കളഞ്ഞ ചിത്രങ്ങളിലൊന്നാണ്. ഒരു ക്ലാസ്സിക് പടത്തിന്റെ തുടർച്ച മാസ്സാക്കാം എന്നു കാണിച്ചുകൊണ്ട് തിയേറ്ററുകളിൽ കയ്യടി വാങ്ങിക്കൂട്ടിയ ‘രാവണപ്രഭു’ രഞ്ജിത്തിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ വിജയചിത്രങ്ങളിൽ ഒന്നുകൂടിയായിരുന്നു. ഒന്നാം ഭാഗത്തോട് നീതി പുലർത്താതിരുന്നിട്ടും വിജയിച്ച ചിത്രമെന്ന പ്രത്യേകതയും ‘രാവണപ്രഭു’ വിന് അവകാശപ്പെടാം.

ചന്ദ്രോത്സവം

പരാജയപ്പെട്ടതിനു ശേഷവും ടെലിവിഷൻ കാഴ്ചയിൽ ആളുകൾ ഇഷ്ടപ്പെട്ട ചിത്രത്തിനൊരു ഉദാഹരണമായി എടുത്തു പറയാവുന്ന ചിത്രമാണ് ‘ചന്ദ്രോത്സവ’മെന്ന സിനിമ. ബോക്സ് ഓഫീസിൽ വിജയിക്കാതെ പോയ ഒരു ചിത്രം. ചിത്രത്തിന്റെ ‘നാടകീയത’യാണ് അന്ന് ചിത്രത്തിന്റെ പരാജയമായി എടുത്തുപറയപ്പെട്ട ഒരു കാര്യം. എന്നാൽ കാലാന്തരത്തിൽ പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞുപോലെ ചിത്രത്തെ പ്രേക്ഷകർ നെഞ്ചിലേറ്റി തുടങ്ങി.

സിനിമ മൊത്തത്തിൽ ഇഷ്ടപ്പെടാത്തവർ പോലും ചിത്രത്തിലെ ചില രംഗങ്ങൾ, സംഭാഷണങ്ങൾ, പാട്ടുകൾ ആവർത്തിച്ചാവർത്തിച്ച് കണ്ടും കേട്ടും ഹൃദയത്തിലേക്കെടുത്തു വെച്ചു. ഓരോ കാഴ്ചയിലും മറ്റെന്തൊക്കെയോ കൂടി കാണിച്ചു തന്ന്, പുതിയ ആസ്വാദനതലങ്ങൾ സമ്മാനിച്ച് കാലത്തെ അതിജീവിക്കുകയാണ് ‘ചിറയ്ക്കൽ ശ്രീഹരി’യെന്ന കഥാപാത്രം.

റോക്ക് ആന്റ് റോൾ

ഡ്രമ്മറും കമ്പോസറുമായ ചന്ദ്രമൗലിയുടെയും സുഹൃത്തുക്കളുടെയും ചന്ദ്രമൗലിയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നു വന്ന ദയ എന്ന പാട്ടുകാരിയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു 2007 ൽ പുറത്തിറങ്ങിയ ‘റോക്ക് ആന്റ് റോൾ’. സിദ്ദീഖ്, റഹ്മാൻ, ലാൽ, ലക്ഷ്മി റായ്, മുകേഷ്, ശ്വേത മേനോൻ, ലാൽ ജോസ്, രോഹിണി, അനൂപ് മേനോൻ, ഹരിശ്രീ അശോകൻ, ജഗതി ശ്രീകുമാർ, സുരാജ് വെഞ്ഞാറമൂട് എന്നിവർ അഭിനയിച്ച ചിത്രം രസകരമായൊരു സൗഹൃദക്കൂട്ടായ്മയെ കുറിച്ചു കൂടി പറഞ്ഞൊരു ചിത്രമായിരുന്നു. രസകരമായ പാട്ടുകളും മോഹൻലാലിന്റെ ഔട്ട്‌ലുക്കുമെല്ലാം ചിത്രത്തെ ശ്രദ്ധേയമാക്കിയിരുന്നു.

സ്പിരിറ്റ്

2012 ൽ ഏറ്റവുമധികം കയ്യടി കിട്ടിയ ചിത്രങ്ങളിലൊന്നായിരുന്നു രഞ്ജിത്ത്- മോഹൻലാൽ കൂട്ടിക്കെട്ടിൽ പിറന്ന ‘സ്പിരിറ്റ്‌’. മുഴുകുടിയനും ടെലിവിഷൻ അവതാരകനുമായ രഘുനന്ദനായി പരകായപ്രവേശം നടത്തി മോഹൻലാൽ വിസ്മയിപ്പിച്ച പടം. വിരലുകൾ കൊണ്ടുപോലും അഭിനയിക്കുന്ന മോഹൻലാലെന്ന പ്രതിഭയെ അടയാളപ്പെടുത്തിപോയ സിനിമകളിലൊന്നു കൂടിയാണ് സ്പിരിറ്റ്. ഒരു സാമൂഹിക പ്രശ്നത്തെ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ച സ്പിരിറ്റ് ദേശീയ അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കി.

ലോഹം

കേരളത്തിലെ സ്വർണ്ണ കള്ളക്കടത്തിന്റെ കഥ പറഞ്ഞ ചിത്രമായ ‘ലോഹം- ദ യെല്ലോ മെറ്റൽ’ എന്ന ചിത്രമാണ് രഞ്ജിത്ത്- മോഹൻലാൽ കൂട്ടുകെട്ടിന്റെ അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം. രാജു എന്ന ടാക്സി ഡ്രൈവറുടെ വേഷത്തിലും കള്ളക്കടത്തുകാരന്റെ വേഷത്തിലുമായി രണ്ടു വേഷപ്പകർച്ചകളിലാണ് മോഹൻലാൽ ഈ ചിത്രത്തിലെത്തിയത്.

ആൻഡ്രിയ ജെർമിയ, സിദ്ദിഖ്, വിജയരാഘവൻ, അജ്മൽ അമീർ, രൺജി പണിക്കർ, സുരേഷ് കൃഷ്ണ, മൈഥിലി, സന്തോഷ് കീഴാറ്റൂർ , മുസ്തഫ, ജോജു ജോർജ്, കെ.പി.എ.സി. ലളിത, അബു സലിം, തെസ്‌നിഖാൻ, ടിനി ടോം , അജു വർഗ്ഗീസ്, സൗബിൻ സാഹിർ, മുത്തുമണി, നിരഞ്ജന അനൂപ്, പേർളി മാണി, ശ്രിന്ദ, ഹരീഷ് പേരടി തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. മോഹൻലാലിന്റെ രസകരമായ നിരവധി നർമ്മമുഹൂർത്തങ്ങൾ ചിത്രത്തിലുണ്ടായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook