ഇന്ത്യന്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ‘രണ്ടാമൂഴം’. എം.ടി.വാസുദേവന്‍‌ നായരുടെ എക്കാലത്തെയും മികച്ച നോവലായ ‘ രണ്ടാമൂഴം’ അതേ പേരില്‍ തന്നെ സിനിമയാക്കുന്നത് വി.എ.ശ്രീകുമാര്‍ മേനോനാണ്. ഒടിയനു ശേഷം മോഹന്‍ലാലും ശ്രീകുമാര്‍ മേനോനും ഒരുമിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ തിരക്കഥ എം.ടി.വാസുദേവന്‍നായരുടേതാണ്.

2019 ജൂലൈയിൽ സിനിമയിൽ ചിത്രീകരണം ആരംഭിക്കുമെന്നതാണ് ഏറ്റവും പുതിയ വാർത്ത. ചിത്രത്തിന്റെ നിർമ്മാതാവ് ബി.ആർ.ഷെട്ടി ട്വിറ്ററിലൂടെയാണ് ഈ വിവരം പങ്കുവച്ചത്. ”ഇന്ത്യൻ സിനിമയിലെയും ലോക സിനിമയിലെയും പേരെടുത്ത പല താരങ്ങളും ഈ സിനിമയിൽ മോഹൻലാലിനൊപ്പമുണ്ടാവും. പ്രീ പ്രൊഡക്ഷൻ ജോലികളൊക്കെ ഏതാണ്ട് അവസാന ഘട്ടത്തിലാണ്. ചിത്രത്തെക്കുറിച്ചുളള ഔദ്യോഗിക പ്രഖ്യാപനം വലിയൊരു ചടങ്ങിൽ ഉടനുണ്ടാവും”, ഷെട്ടി ട്വീറ്റ് ചെയ്തു.

സംവിധായകൻ ശ്രീകുമാർ മേനോനുമായി ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷമാണ് ചിത്രം 2019 ൽ തുടങ്ങുമെന്ന വിവരം ബി.ആർ.ഷെട്ടി അറിയിച്ചത്. ശ്രീകുമാർ മേനോനും ഇക്കാര്യം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ആയിരം കോടി ബജറ്റിൽ രണ്ടു ഭാഗങ്ങളിലായാണ് രണ്ടാമൂഴം ഒരുങ്ങുന്നത്. ആദ്യഭാഗം പുറത്തെത്തി 100 ദിവസത്തിനുള്ളില്‍ രണ്ടാം ഭാഗം റിലീസ് ചെയ്യാനാണ് പദ്ധതി. ആയിരം കോടി ബജറ്റ്, ഇന്ത്യന്‍ സിനിമയിലെ എണ്ണം പറഞ്ഞ അഭിനേതാക്കള്‍, ലോക സിനിമയിലെ പ്രശസ്തരായ സാങ്കേതിക വിദഗ്ധര്‍, എല്ലാറ്റിനുമുപരി മോഹന്‍ലാലിന്‍റെ ഭീമ വേഷം എന്നിങ്ങനെ സിനിമയുടെ പ്രത്യേകതകള്‍ പലതാണ്.

മലയാളവും ഹിന്ദിയും ഇംഗ്ലീഷുമുള്‍പ്പെടെ അഞ്ച് ഭാഷകളിലായിട്ടാണ് സിനിമ എത്തുകയെന്നാണ് വിവരം. ഇംഗ്ലീഷ് പതിപ്പിനുവേണ്ടി പ്രാഥമികമായ പരിഭാഷയും എംടിയാണ് ചെയ്തതെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു. അഞ്ച് പതിപ്പുകളില്‍ മൂന്നെണ്ണമെങ്കിലും പരിഭാഷകളല്ലാത്ത ഒറിജിനല്‍ മാസ്റ്റര്‍ വെര്‍ഷനുകളാണെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook