പുലിമുരുകനിലെ വിഎഫ്എക്സ് ബ്രേക്ക് ഡൗൺ വിഡിയോ പുറത്തിറങ്ങി. മലയാള സിനിമയിലെ വിസ്മയങ്ങളിലൊന്നായിരുന്നു പുലിമുരുകൻ. 150 കോടി ക്ളബ്ബിൽ മലയാള സിനിമയ്ക്ക് ഒരു മേൽ വിലാസമുണ്ടാക്കി തന്നത് പുലി മുരുകനായിരുന്നു. ചിത്രത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടത് പുലിയുമായുളള മുരുകന്റെ സംഘട്ടനങ്ങളായിരുന്നു. ഹോളിവുഡിലെ ആക്ഷൻ കൊറിയോഗ്രാഫറായ പീറ്റർ ഹെയ്നാണ് പുലിമുരുകനിലെ ഹരം കൊളളിച്ച ആ സംഘട്ടനങ്ങളുടെ ശില്പി. ഫയർഫ്ളൈ എന്ന സ്ഥാപനമാണ് ചിത്രത്തിന്റെ വിഎഫ്എക്സ് ഒരുക്കിയത്. പുലിമുരുകന്റെ വിഎഫ്എക്സ് ബ്രേക്ക് ഡൗൺ വിഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ഫയർഫ്ളൈ.
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം മോഹൻലാലിനെ നായകനാക്കി വൈശാഖാണ് പുലിമുരുകൻ ഒരുക്കിയത്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമ്മിച്ചത്. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായിരുന്നു പുലിമുരുകൻ. ബംഗാളി നായിക കമാലിനി മുഖർജിയാണ് ചിത്രത്തിലെ നായിക.
എം.ആർ. ഗോപകുമാർ, ലാൽ, ബാല, സുരാജ് വെഞ്ഞാറമൂട്, വിനു മോഹൻ, നമിത എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.