കൊച്ചി: അഞ്ച് ഭാഷകളിലായി ഒരേ സമയം പ്രദർശനത്തിനെത്തും വിധം, സൂപ്പർഹിറ്റ് കൂട്ടുകെട്ടായ മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്നു.  പ്രിയദർശന്റെ തമിഴ് ചിത്രം നിമിർ നിർമ്മിക്കുന്ന സന്തോഷ് ടി കുരുവിളയാണ് പുതിയ ചിത്രത്തിന്റെയും നിർമ്മാതാവ്. ഇദ്ദേഹമാണ് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ ഇക്കാര്യം അറിയിച്ചത്.

“എന്റെ ബാല്യകാല സ്വപ്നം യാഥാർത്ഥ്യമാകുന്നു. 2018  ൽ ഈ വലിയ ചിത്രം യാഥാർത്ഥ്യമാകും”, സന്തോഷ് ടി കുരുവിള ഫെയ്സ്ബുക്കിൽ കുറിച്ചു. മോഹൻലാലും പ്രിയദർശനും സന്തോഷും ഉൾപ്പെട്ട ചിത്രവും ഇദ്ദേഹം പങ്കുവച്ചു.

ഇതിനോടകം 44 ചിത്രങ്ങൾ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങി. മോഹൻലാൽ അന്ധനായി അഭിനയിച്ച ‘ഒപ്പം’ ആണ് ഈ കൂട്ടുകെട്ടിൽ പിറന്ന അവസാന ചിത്രം. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു ഇത്.

ജനത ഗാരേജ്, ഒപ്പം, പുലിമുരുഗൻ, മാന്യം പുലി, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നീ അഞ്ച് ചിത്രങ്ങളാണ് അഞ്ച് മാസത്തിനിടെ മോഹൻലാലിന്റേതായി പുറത്തിറങ്ങിയത്. ബഹുഭാഷകളിൽ സൂപ്പർഹിറ്റായി മാറിയ ചിത്രം മോഹൻലാലിന് തകർപ്പൻ താര പരിവേഷമാണ് തെന്നിന്ത്യയിലാകെ നൽകിയത്.

ഈ താരപരിവേഷം മുൻനിർത്തിയാണ് അഞ്ച് ഭാഷകളിൽ പുതിയ ചിത്രം അവതരിപ്പിക്കുന്നത്.  മോഹൻലാൽ വില്ലന്റെ റിലീസിനായി കാത്തിരിക്കുകയാണ്. ഈ മാസം അവസാനമാണ് വില്ലൻ റിലീസാകുന്നത്. ഇതോടൊപ്പം ഒടിയന്റെ ചിത്രീകരണം പുരോഗമിക്കുന്നുണ്ട്. ഉദയനിധി സ്റ്റാലിനെ നായകനാക്കിയാണ് തമിഴിൽ പ്രിയദർശൻ നിമിർ ഒരുക്കുന്നത്.

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം സിനിമയുടെ തമിഴ് റീമേക്കാണ് നിമിർ. പാർവ്വതി നായരും സമുദ്രക്കനിയും ചിത്രത്തിൽ പ്രധാന റോളുകളിൽ എത്തുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ