മലയാളികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന രണ്ടു മോഹന്‍ലാല്‍ ചിത്രങ്ങളാണ് വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ‘ഒടിയനും’ നടന്‍ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം ‘ലൂസിഫറും’. മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രം എന്ന ഖ്യാതിയോടെയാണ് ഒടിയന്‍ എത്തുന്നതെങ്കില്‍, മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടു തന്നെയാണ് ലൂസിഫറിന്റെ മുഖ്യ ആകര്‍ഷണം.

ഒടിയന്‍ ഒക്ടോബര്‍ 11ന് തിയേറ്ററുകളില്‍ എത്തുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. മഴയും പ്രളയം അപ്രതീക്ഷിതമായെത്തിയ സാഹചര്യത്തില്‍ ചിത്രത്തിന്റെ റിലീസിനെക്കുറിച്ച് പുതിയ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ഒടിയന്റെ ട്രെയിലര്‍ ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ട്വിറ്ററിലൂടെ അറിയിച്ചു. സെപ്തംബറില്‍ ട്രെയിലറെത്തും എന്ന വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ടാണ് ശ്രീകുമാര്‍ മേനോന്‍ ഇത് അറിയിച്ചത്.

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ‘ഒടിയ’ന്റെ ട്രെയിലര്‍ റിലീസ് ചെയ്യുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു. എന്നാല്‍ മമ്മൂട്ടി ട്രെയിലര്‍ റിലീസ് ചെയ്യും എന്ന വാര്‍ത്ത തെറ്റാണ് എന്ന് അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചതായി മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ നേരത്തേ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് മോഹന്‍ലാലിന്റെ ഭാഗത്ത് നിന്നോ, ‘ഒടിയ’ന്റെ അണിയറപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നോ മമ്മൂട്ടിയുടെ ഭാഗത്ത് നിന്നോ ഔദ്യോഗികമായി അറിയിപ്പൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

മുന്‍പൊരു അവസരത്തില്‍ മോഹന്‍ലാല്‍ ഫാന്‍സിന്റെ ആവശ്യപ്രകാരം മമ്മൂട്ടി ‘ഒടിയന്‍’ ഫീച്ചര്‍ ചെയ്യപ്പെട്ട ഒരു കലണ്ടര്‍ റിലീസ് ചെയ്തിരുന്നു. ‘ആക്ടര്‍ പാര്‍ എക്‌സലന്‍സ്’ എന്നാണ് അന്ന് മോഹന്‍ലാല്‍ ആരാധകര്‍ മമ്മൂട്ടിയെ വിശേഷിപ്പിച്ചത്.

ആരാധകരുടെ ആവേശം വാനോളം ഉയര്‍ത്തിയാണ് ‘ഒടിയന്‍’ റിലീസിന് തയ്യാറെടുക്കുന്നത്. റിലീസിന് മൂന്ന് മാസം മുന്‍പ് തന്നെ മുക്കം പീ സീ ടാക്കീസ് എന്ന തിയേറ്ററില്‍ ‘ഒടിയന്‍’ പൂര്‍ണ്ണമായും ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു എന്നും സോഷ്യല്‍ മീഡിയ സിനിമാ വൃത്തങ്ങള്‍ അവകാശപ്പെടുന്നു.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ തിരുവനന്തപുരത്ത് ഷൂട്ടിങ് പുരോഗമിക്കുകയാണ്. ആദ്യ ഷെഡ്യൂള്‍ കൊച്ചിയിലാണ് പൂര്‍ത്തിയായത്. ചിത്രത്തില്‍ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് എന്നിവരും പ്രധാന കഥാപാത്രങളെ അവതരിപ്പിക്കുന്നുണ്ട്. ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

മുരളീ ഗോപി തിരക്കഥയെഴുതുന്ന മോഹന്‍ലാല്‍ ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. ചിത്രത്തില്‍ ടൊവിനോ വില്ലന്‍ കഥാപാത്രത്തെ ആയിരിക്കും അവതരിപ്പിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

പൃഥ്വിരാജിന്റെ അടുത്ത സുഹൃത്താണ് ടോവിനോ തോമസ്. സെവന്‍ത് ഡേ, എസ്ര, എന്ന് നിന്റെ മൊയ്തീന്‍ തുടങ്ങിയ പൃഥ്വിരാജ് സിനിമകളില്‍ മികച്ച കഥാപാത്രങ്ങളെയാണ് ടോവിനോ ചെയ്തത്. മാത്രമല്ല, സിനിമയില്‍ ടോവിനോയുടെ ഗോഡ്ഫാദര്‍ എന്ന നിലയ്ക്കാണ് ഏവരും പൃഥ്വിയെ കാണുന്നത്.

ലൂസിഫറില്‍ ബോളിവുഡ് താരം വിവേക് ഒബ്‌റോയിയും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook