മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ ലൂസിഫറിന്റെ ടൈറ്റില്‍ ഡിസൈന്‍ പുറത്ത് വിട്ടു. ആനന്ദ് രാജേന്ദ്രന് ഡിസൈന്‍ ചെയ്ത ടൈറ്റില്‍ ദീപക് ദേവിന്റെ സംഗീതത്തിന്റെ അകമ്പടിയോടെയാണ് പുറത്ത് ഇറങ്ങിയിരിക്കുന്നത്.
കറുത്ത പ്രതലത്തില്‍ അക്ഷരങ്ങള്‍ തിരിച്ചെഴുതിയിരിക്കുന്ന ടൈറ്റില്‍ വീഡിയോയും ബാക്ഗ്രൗണ്ട് മ്യൂസിക്കും ആകാംക്ഷ വര്‍ധിപ്പിക്കുന്നതാണ്.
മോഹന്‍ലാലും പൃഥ്വിരാജും ഒരുമിക്കുന്ന, പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ലൂസിഫറും ഉടന്‍ തന്നെ പ്രേക്ഷകരിലേക്ക് എത്തും. മുരളി ഗോപിയുടെ തിരക്കഥയില്‍ ആശിര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിലെ രണ്ട് വലിയ താരങ്ങള്‍ ഒരുമിക്കുന്ന ചിത്രം എന്ന നിലയിലും പൃഥ്വിരാജിന്റെ സംവിധാന അരങ്ങേറ്റം എന്ന നിലയിലും ചിത്രം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
നേരത്തെ ഒടിയന്റെ സെറ്റിലെത്തി ലൂസിഫറിന്റെ തിരക്കഥ പൃഥ്വിരാജ് മോഹന്‍ലാലിന് കൈമാറിയിരുന്നു. ഇത്രയും നാള് താനും മുരളിയും മനസില്‍ കൊണ്ടു നടന്ന ചിത്രം മോഹന്‍ലാലിനെ വായിച്ചു കേള്‍പ്പിച്ചെന്നും മികച്ചൊരു ചിത്രമായിരിക്കും ലൂസിഫറെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. ലൂസിഫര്‍ നല്ലൊരു സിനിമയായിരിക്കുമെന്ന് ഉറപ്പുണ്ടെന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.