മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫര്‍ അണിയറയില്‍ പുരോഗമിക്കുകയാണ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണ് ലൂസിഫര്‍. നടന്‍ മുരളീ ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാ രചന പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷം ലൂസിഫറിന്റെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നു സൂചിപ്പിച്ചു കൊണ്ട് ആന്റണി പെരമ്പാവൂരും പൃഥ്വിരാജും മുരളീ ഗോപിയും ഒരുമിച്ചുളള ചിത്രം ഇന്ന് മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു.

ചിത്രത്തില്‍ താന്‍ അഭിനയിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നായിരുന്നു പൃഥ്വിരാജ് നേരത്തേ പറഞ്ഞിരുന്നത്. കഥ പൂര്‍ത്തിയാകുമ്പോള്‍ താന്‍ അഭിനയിക്കേണ്ടുന്ന ഒരു വേഷം ഉണ്ടെങ്കില്‍ അതു ചെയ്യുമെന്നും പൃഥ്വി പറഞ്ഞിരുന്നു. മോഹന്‍ലാലിനെ വച്ചൊരു സിനിമയെഴുതുന്നത് ഭാഗ്യമായി കാണുന്നുവെന്നായിരുന്നു മുരളീ ഗോപിയുടെ പ്രതികരണം.

Read More: മോഹൻലാലിന് കട്ട് പറയാൻ പൃഥ്വി;ലൂസിഫർ ഒരുങ്ങുന്നു

ആശിര്‍വാദിന്റെ സ്വപ്ന പ്രൊജക്ടുകളില്‍ ഒന്നാണിതെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.2018ലായിരിക്കും ലൂസിഫര്‍ തിയേറ്ററിലെത്തുക.എന്നാല്‍ ഇതില്‍ മാറ്റങ്ങളുണ്ടാവാമെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന തരത്തിലുളള ചിത്രമായിരിക്കും ലൂസിഫറെന്ന് അണിയറപ്രവര്‍ത്തകര്‍ ഉറപ്പ് നല്‍കുന്നു. എന്നാല്‍ കഥയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ ഇവര്‍ തയ്യാറായില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ