മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘ലൂസിഫര്‍’ ചിത്രീകരണം പുരോഗമിക്കുകയാണ്. ലൂസിഫര്‍ മോഹന്‍ലാലിന്റെ ആരാധകര്‍ക്ക് ഇഷ്ടപ്പെടുന്ന സിനിമയായിരിക്കുമെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളീ ഗോപി. ലൂസിഫറില്‍ രാഷ്ട്രീയവും മറ്റു പലതുമുണ്ടെന്നും മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മുരളീ ഗോപി പറഞ്ഞു.

താന്‍ ഇഷ്ടപ്പെടുന്ന നിരവധി സവിശേഷതകള്‍ മോഹന്‍ലാലിന് ഉണ്ടെന്നും അതെല്ലാം ലൂസിഫറിലും ഉണ്ടായിരിക്കുമെന്നും മുരളീ ഗോപി പറഞ്ഞു. ലൂസിഫര്‍ ഇരുട്ടിന്റെ രാജകുമാരന്‍ തന്നെയാണെന്നും ബാക്കിയെല്ലാം സിനിമ കാണുമ്പോള്‍ മനസിലാകുമെന്നും പറഞ്ഞ മുരളീ ഗോപി, തിരക്കഥ മുഴുവന്‍ മനപാഠമാക്കി പൃഥ്വിരാജ് എന്ന സംവിധായകന്‍ തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. ടൊവിനോ തോമസ്, ഇന്ദ്രജിത്, താരാ കല്യാണ്‍ തുടങ്ങി നിരവധി താരങ്ങള്‍ വേഷമിടുന്ന ലൂസിഫറില്‍ ബോളിവുഡ് താരം വിവേക് ഒബ്രോയ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ കൊച്ചിയിലാണ് പൂര്‍ത്തിയായത്. രണ്ടാം ഘട്ടത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂര്‍ത്തിയായി. ലൂസിഫറിന്റെ വിശേഷങ്ങളെല്ലാം വളരെ ആകാംക്ഷയോടെയാണ് സമൂഹമാധ്യമങ്ങള്‍ വരവേല്‍ക്കുന്നത്. 5000 അഭിനേതാക്കളുമായി ചിത്രത്തില്‍ ഒരു ബ്രഹ്മാണ്ഡ സീന്‍ ഉണ്ടായിരിക്കും. ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സീനായിരിക്കും എന്നാണ് അറിയുന്നത്. 15 ദിവസം സമയമെടുത്ത് ചിത്രീകരിക്കുന്ന ഈ രംഗത്തിന്റെ മാത്രം ചിലവ് രണ്ടരക്കോടി രൂപയാണ്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്. 2019 ഏപ്രിലില്‍ വിഷു റിലീസായാകും ചിത്രം തിയേറ്ററുകളില്‍ എത്തുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook