മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘ലൂസിഫര്‍’. പൃഥ്വിയുടെ ആദ്യ സംവിധാന സംരംഭമാണ് ‘ലൂസിഫര്‍’. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. നിലവില്‍ മറ്റു പ്രൊജക്ടുകളില്‍ തിരക്കിലായ മോഹന്‍ലാല്‍ വരും ദിവസങ്ങളില്‍ പൃഥ്വിയുടെ സെറ്റില്‍ എത്തുമെന്നാണ് വിവരം.

മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കയെഴുതുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധാന രംഗത്തേക്കു കടക്കുന്ന പൃഥ്വിരാജ്, ചിത്രം തീരുംവരെ അഭിനയത്തില്‍ നിന്നും ചെറിയ ഇടവേള എടുക്കുമെന്നാണ് അറിയുന്നത്. ഈ വര്‍ഷം അവസാനത്തോടെ ‘ലൂസിഫറി’ന്റെ ചിത്രീകരണം തീര്‍ക്കാനാണ് പദ്ധതി.

അടുത്തിടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ‘ലൂസിഫര്‍’ നല്ലൊരു എന്റര്‍ടെയിനറായിരിക്കും എന്നായിരുന്നു നേരത്തേ മോഹന്‍ലാല്‍ പറഞ്ഞത്.

”ലൂസിഫര്‍’ ഒരു നല്ല ചിത്രമായിരിക്കും. മികച്ചൊരു കഥയും ആഖ്യാനരീതിയും ഇതിനുണ്ടായിരിക്കും. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന നല്ലൊരു ചിത്രമായിരിക്കും ‘ലൂസിഫര്‍’. ഒരു നല്ല എന്റര്‍ടെയിനര്‍ ഒരുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല,’ മോഹന്‍ലാലിന്റെ വാക്കുകള്‍.

ആശിര്‍വാദ് സിനിമാസിന്റെ സ്വപ്‌ന പദ്ധതികളില്‍ ഒന്നാണ് ‘ലൂസിഫര്‍’ എന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. 2018ലായിരിക്കും ചിത്രം തിയേറ്ററുകളില്‍ എത്തുക എന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു.

അജോയ് വര്‍മ സംവിധാനം ചെയ്ത ‘നീരാളി’യാണ് മോഹന്‍ലാലിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. മോഹന്‍ലാലിന്റെ 2018ലെ ആദ്യ റിലീസും ‘നീരാളി’യായിരുന്നു. നദിയാ മൊയ്തുവാണ് ചിത്രത്തിലെ നായിക. പാര്‍വ്വതി നായര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, നാസര്‍ എന്നിവരും ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചു.

റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്ത ‘മൈ സ്‌റ്റോറി’, അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ‘കൂടെ’ എന്നീ ചിത്രങ്ങളാണ് പൃഥ്വിരാജിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. രണ്ടു ചിത്രങ്ങളിലും പൃഥ്വിയുടെ നായികയായി എത്തിയത് പാര്‍വ്വതിയായിരുന്നു.

ചിത്രങ്ങൾക്ക് കടപ്പാട്: ദി കംപ്ലീറ്റ് ആക്ടർ ഡോട്ട് കോം

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ