കൈയിന് പരുക്ക് പറ്റിയിരിക്കുകയാണ് മോഹൻലാൽ. എന്നാലും മോഹൻലാലിനും പൃഥ്വിരാജിനും ചർച്ച ചെയ്യാനുള്ളത് എമ്പുരാനെക്കുറിച്ചാണ്. ഇരുവരും കഴിഞ്ഞ വൈകുന്നേരം ഒത്തുകൂടിയതിന്റെ ചിത്രം പങ്കുവച്ചത് സുപ്രിയയാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചർച്ചകളിലാണ് എപ്പോഴും എന്നാണ് സുപ്രിയ പറയുന്നത്. മോഹൻലാലിനും പൃഥ്വിരാജിനും ഒപ്പം ആന്റണി പെരുമ്പാവൂരുമുണ്ട്.
മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ നാഴികക്കല്ലായ ചിത്രമാണ് ‘ലൂസിഫർ’. കോടികൾ കിലുങ്ങുന്ന ബോക്സ് ഓഫീസ് വിപണിയിലേക്കും 100 കോടി ക്ലബ്ബിലേക്കും പിന്നീട് 200 കോടി കളക്ഷൻ എന്ന റെക്കോർഡ് വിജയത്തിലേക്കുമൊക്കെ തലയെടുപ്പോടെ ‘ലൂസിഫർ’ നടന്നുകയറുന്ന കാഴ്ചയാണ് കഴിഞ്ഞു പോയ മാസങ്ങളിൽ മലയാള സിനിമാലോകം കണ്ടത്. അതി്ന പുറകെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എമ്പുരാനെക്കുറിച്ചും പ്രഖ്യാപനം വന്നത്.
Read More: Empuraan: ‘എമ്പുരാൻ’ വരുന്നു; നയിക്കാൻ അതേ നാൽവർ സംഘം
‘More than a King..less than a God’- രാജാവിനേക്കാൾ വലിയവനും ദൈവത്തേക്കാൾ ചെറിയവനുമായവൻ’ മറ്റൊരു രീതിയിൽ പറഞ്ഞാൽ ‘തമ്പുരാനും മുകളിലുള്ള ഒരാൾ’- ‘എമ്പുരാൻ’ ആരെന്ന ചോദ്യത്തിന് ‘ലൂസിഫർ’ ടീം നൽകുന്ന ഉത്തരമിതാണ്. നീണ്ട ഇരുപത്തിയാറു വർഷങ്ങൾക്ക് ശേഷമാണ് സ്റ്റീഫൻ നെടുമ്പുള്ളി തന്റെ തട്ടകത്തിൽ മടങ്ങി എത്തുന്നത്. അത്രയും കാലം അയാൾ എവിടെയായിരുന്നു? ഖുറേഷി എബ്രഹാമായുള്ള അയാളുടെ ജീവിതം എന്തായിരുന്നു? ‘ലൂസിഫർ’ കണ്ടിറങ്ങിയപ്പോൾ പ്രേക്ഷകരുടെ മനസ്സിൽ അവശേഷിച്ച എല്ലാ ചോദ്യങ്ങൾക്കും പുകമറകൾക്കുമുള്ള ഉത്തരവുമായിട്ടാവും ‘എമ്പുരാൻ’ വരുന്നതെന്ന സൂചനകളാണ് പൃഥ്വിരാജും ടീമും തരുന്നത്.
Read More: ബോക്സ് ഓഫീസിൽ നൂറു ദിനങ്ങൾ പൂർത്തിയാക്കി ‘ലൂസിഫർ’: പ്രേക്ഷകർ ഇനി കാത്തിരിക്കുന്നത് ‘എമ്പുരാൻ’
‘ലൂസിഫർ’ പ്ലാൻ ചെയ്യുന്ന സമയത്തു തന്നെ ഓരോ കഥാപാത്രങ്ങളുടെയും ബാക്ക് സ്റ്റോറികളെ കുറിച്ചും അവർ കഥയിലേക്കെത്തുന്ന വഴികളെ കുറിച്ചുമെല്ലാം കൃത്യമായ ധാരണകൾ തനിക്കും തിരക്കഥാകൃത്തായ മുരളി ഗോപിയ്ക്കും ഉണ്ടായിരുന്നു എന്നാണ് പൃഥ്വിരാജ് നേരത്തേ വ്യക്തമാക്കിയത്. രണ്ടാം ഭാഗത്തിന് ‘എമ്പുരാൻ’ എന്ന പേരിലെത്തുന്നതു പോലും ആകസ്മികമല്ലെന്നു വേണം കരുതാൻ. കാരണം ‘എമ്പുരാനെ’ എന്നു തുടങ്ങുന്ന ഒരു ഗാനം ‘ലൂസിഫറിൽ’ ഉണ്ടായിരുന്നു. അതിന്റെ വരികൾ രചിച്ചതും തിരക്കഥാകൃത്ത് മുരളി ഗോപി തന്നെയായിരുന്നു.