തമിഴ് താരം സൂര്യയുമായി മോഹന്‍ലാല്‍ ഒന്നിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ മോഹന്‍ലാലും ഒരു ആര്‍മി കമാന്‍ഡോയുടെ വേഷത്തില്‍ സൂര്യയും എത്തും എന്നാണ് നേരത്തെ അറിയാന്‍ കഴിഞ്ഞത്. കെ.വി.ആനന്ദ്‌ ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷത്തില്‍ എത്തുന്നു എന്നാണു ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ലൊക്കേഷന്‍ ചിത്രങ്ങള്‍ നല്‍കുന്ന സൂചന.

മോഹന്‍ലാല്‍ അവതരിപ്പിക്കുന്നു എന്ന് കരുതപ്പെടുന്ന കഥാപാത്രത്തിന്റെ ഒരു ഫ്ലെക്സ് ബോര്‍ഡില്‍ എഴുതിയിരിക്കുന്ന ഹിന്ദി തലക്കെട്ടുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം പ്രധാനമന്ത്രിയുടെ വേഷം ചെയ്യുന്നു എന്ന ചര്‍ച്ചകള്‍ ഉയരുന്നത്.

“ബഹുമാന്യമായ പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ… ദേശം 4കെ എച്ച്ഡി യുഗത്തിലേക്ക് കാല്‍വയ്പ് നടത്തുന്നതിനെ അഭിമാനത്തോടെ വരവേല്‍ക്കുന്നു”, എന്നാണ് ഫ്ലെക്സിലെ വാക്കുകള്‍.

നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴകത്തേക്ക് തിരിച്ചെത്തുകയാണ് മോഹൻലാൽ. 2014 ൽ വിജയ്ക്കൊപ്പം അഭിനയിച്ച ‘ജില്ല’യാണ് മോഹൻലാലിന്റെ അവസാന തമിഴ് ചിത്രം.

മോഹന്‍ലാല്‍-സൂര്യ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷൻ ഇപ്പോൾ ചെന്നൈയില്‍ നടന്നു വരുന്നു. സാൾട്ട് ആന്റ് പെപ്പർ ലുക്കിലാണ് മോഹൻലാൽ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിൽ രാഷ്ട്രീയക്കാരന്റെ വേഷത്തിലാവും മോഹൻലാൽ എത്തുക എന്നാണ് വാർത്തകൾ. എന്നാൽ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.   സയേഷയാണ് നായിക.

Read More: മോഹന്‍ലാല്‍ സൂര്യ സിനിമയുടെ ലണ്ടന്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍

ഇതുവരെ പേരിട്ടില്ലാത്ത ഈ ചിത്രത്തിന്റെ ഫസ്റ്റ് ഷെഡ്യൂൾ ലണ്ടനിൽ പൂർത്തിയായി. 10 ഓളം രാജ്യങ്ങളിലായിട്ടായിരിക്കും സിനിമയുടെ ചിത്രീകരണം. ഇംഗ്ലണ്ട്, ന്യൂയോർക്ക്, ബ്രസീൽ, ന്യൂഡൽഹി, ഹൈദരാബാദ് എന്നീ സ്ഥലങ്ങളും ചിത്രത്തിന്റെ ലൊക്കേഷനുകളാണ്.

സൂര്യയേയും മോഹൻലാലിനെയും കൂടാതെ​ ആര്യ, ബോമൻ ഇറാനി, സമുദ്രക്കനി എന്നിവരും ചിത്രത്തിൽ നിർണായകമായ വേഷങ്ങളിലെത്തുന്നുണ്ട്. ലൈക പ്രൊഡക്ഷൻ നിർമ്മിക്കുന്ന ഈ ചിത്രം ആക്ഷൻ ത്രില്ലറാണ്.

ഹാരിസ് ജയരാജ്‌ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. നാല് ഗാനങ്ങള്‍ ചിത്രത്തിനായി അദ്ദേഹം കംപോസ് ചെയ്‌തു കഴിഞ്ഞതായും വിവരമുണ്ട്. കാര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രമായ ‘കടൈക്കുട്ടി സിങ്ക’ത്തിലെ നായികാ വേഷത്തിന് ശേഷമാണ് സയേഷാ സൂര്യ ചിത്രത്തിലെ നായികാ വേഷമണിയുന്നത്. ജയം രവി നായകനായ ‘വനമഗന്‍’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ സയേഷാ വിജയ്‌ സേതുപതിയുടെ ‘ജുങ്ക’, ആര്യയുടെ ‘ഗജിനികാന്ത്’ എന്നിവയിലേയും നായികയാണ്. ഗവേമിക് യു ആരിയാണ് ‘സൂര്യ 37’ന്‍റെ ക്യാമറ, കലാസംവിധാനം കിരണ്‍.  ‘സൂര്യ 37’ മലയാളത്തിലും തെലുങ്കിലും മൊഴിമാറ്റി എത്തുമെന്നും സൂചനയുണ്ട്.

ചിത്രങ്ങള്‍: ട്വിറ്റെര്‍

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ