നാലു പതിറ്റാണ്ടുകളിലേറെയായി മലയാളസിനിമയെ അഭിനയമികവു കൊണ്ടു വിസ്മയിപ്പിക്കുന്ന, ഇന്ത്യയിലെ മികച്ച നടന്മാരുടെ പട്ടികയിൽ പോലും​​ ശ്രദ്ധേയമായൊരിടം കയ്യാളുന്ന നടനപ്രതിഭയാണ് മോഹൻലാൽ. എന്നാൽ, താനും സിനിമയിൽ പെട്ടുപോയ വ്യക്തിയാണെന്നും ആദ്യമൊന്നും അഭിനയിക്കാൻ ഇഷ്ടമായിരുന്നില്ലെന്നും തുറന്നു പറയുകയാണ് മോഹൻലാൽ. അഭിനയിച്ച്, അഭിനയിച്ച്, അഭിനയം ഇഷ്ടപ്പെട്ട ഒരു കാലത്തെ ഓർത്തെടുക്കുകയായിരുന്നു അദ്ദേഹം.

മകൻ പ്രണവിനും അഭിനയിക്കാൻ ഒട്ടും താൽപ്പര്യമില്ലായിരുന്നുവെന്നും പെട്ടുപോയി എന്നാണ് ആദ്യം പറഞ്ഞതെന്നും മോഹൻലാൽ പറയുന്നു. വനിത മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. “പ്രണവിന് അഭിനയിക്കാൻ അത്ര താൽപ്പര്യമില്ലായിരുന്നു. പെട്ടുപോയി എന്നാണ് ആദ്യം പറഞ്ഞിരുന്നത്. സാവധാനം സിനിമയിലേക്ക് വരികയാണ്, ഇനി ഇഷ്ടപ്പെട്ടു തുടങ്ങണം. ഞാനും സിനിമയിൽ പെടുകയായിരുന്നു. ആദ്യമെല്ലാം അഭിനയിക്കാൻ എനിക്കും ഇഷ്ടമില്ലായിരുന്നു, പിന്നെ ആ ഒഴുക്കിൽ പെട്ടുപോയി,” മോഹൻലാൽ പറയുന്നു.

Read Also: എന്ത് കൊണ്ട് ‘ഒടിയന്‍’ മോഹന്‍ലാലിന് പ്രധാനപ്പെട്ടതാകുന്നു?

പ്രണവിന്റെയൊക്കെ തലമുറയ്ക്ക് ഏറെ സാധ്യതകളുണ്ടെന്നും കൂടുതൽ യാത്ര ചെയ്യാനൊക്കെ മകന്റെ പ്രായത്തിൽ താനും ആഗ്രഹിച്ചിുന്നെങ്കിലും പല കാരണങ്ങൾ കൊണ്ട് കഴിയാതെ പോയി. പ്രണവിന്റെ യാത്രകൾ കാണുമ്പോൾ തനിക്കും സന്തോഷം തോന്നാറുണ്ടെന്നും മോഹൻലാൽ പറയുന്നു.

Mohanlal Priyadarshan Pranav Mohanlal Marakkar - Arabikadalinte Simham to start rolling on November 1

പ്രണവിനൊപ്പം മോഹൻലാൽ

മോഹൻലാൽ ബിജെപിയിൽ ചേരുന്നു തുടങ്ങിയ വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അറിയാത്ത കാര്യങ്ങൾ ചെയ്യാൻ ആഗ്രഹമില്ലെന്നും താൻ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നുമുള്ള നിലപാടുകളും മോഹൻലാൽ അഭിമുഖത്തിനിടെ വ്യക്തമാക്കി. രാഷ്ട്രീയത്തിലെ ആരുടെ കൂടെ സമയം ചെലവഴിച്ചാലും പൊതുവേ പ്രചരിക്കുന്ന കാര്യം മാത്രമാണ് ഈ വാർത്തകളെന്നും ഒരു രീതിയിലും രാഷ്ട്രീയത്തോട് താൽപ്പര്യമില്ലെന്നും ഇപ്പോഴുള്ള സ്വതന്ത്രജീവിതം തന്നെയാണ് തനിക്കിഷ്ടമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

അച്ഛനമ്മമാരുടെ പേരിൽ ആരംഭിച്ച വിശ്വശാന്തി ഫൗണ്ടേഷന്റെ കാര്യങ്ങൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട നാൾ മുതൽ മോഹൻലാൽ ബിജെപി സ്ഥാനാർത്ഥിയായി തിരുവനന്തപുരത്തു നിന്നും മത്സരിക്കുന്നു എന്ന രീതിയിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. അത്തരം വാർത്തകളോടുള്ള പ്രതികരണം രേഖപ്പെടുത്തുകയായിരുന്നു മോഹൻലാൽ.

പ്രിയദർശനൊപ്പം ലാലും സുചിത്രയും പ്രണവും

‘ഒടിയൻ’ റിലീസിനെത്തുകയും ‘ലൂസിഫർ’ ഷൂട്ടിംഗ് പൂർത്തിയാക്കുകയും ചെയ്തതോടെ സുഹൃത്തും സംവിധായകനുമായ പ്രിയദർശന്റെ ‘മരക്കാർ’ സിനിമയുടെ തിരക്കുകളിലേക്ക് പ്രവേശിച്ചിരിക്കുകയാണ് മോഹൻലാൽ. സിനിമാപ്രേമികൾ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദർശൻ- മോഹൻലാൽ ടീമിന്റെ ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്.

Read more: ‘ഒടിയ’നും ‘ലൂസിഫറും’ അഴിച്ചു വച്ച് മോഹന്‍ലാല്‍: ഇനി ‘പ്രിയ’പ്പെട്ടവനൊപ്പം

മോഹൻലാൽ ടൈറ്റിൽ റോളിലെത്തുന്ന ചിത്രത്തിൽ മധു, അർജുൻ സാർജ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ,
എന്നിവരും അഭിനയിക്കുന്നുണ്ട്. തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഡിസംബർ ഒന്നിന് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലാണ് ‘മരക്കാറി’ന്റെ ചിത്രീകരണം ആരംഭിച്ചത്. സിനിമയുടെ 75 ശതമാനം ഭാഗങ്ങളും റാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരിക്കുക. ഊട്ടി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകൾ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ