തെലുങ്ക് താരം സാവിത്രിയുടെ ജീവിതത്തെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രം ‘മഹാനടി’യിലെ പ്രകടനത്തിന് ദുല്‍ഖര്‍ സല്‍മാനെയും കീര്‍ത്തി സുരേഷിനെയും പ്രകീര്‍ത്തിച്ച് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. മഹാനടിയെക്കുറിച്ച് എല്ലായിടത്തുനിന്നും നല്ല അഭിപ്രായങ്ങളാണ് കേള്‍ക്കുന്നതെന്ന് മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘എന്റെ കുടുംബാംഗങ്ങളെ പോലെ ഞാന്‍ സ്നേഹിക്കുന്ന പ്രിയപ്പെട്ട ദുല്‍ഖറിനും കീര്‍ത്തിക്കും ആശംസകള്‍’ അറിയിച്ച മോഹന്‍ലാല്‍ എത്രയും പെട്ടന്ന് താന്‍ ചിത്രം കാണുമെന്നും കുറിച്ചു.

പോസ്റ്റിന് നന്ദി പറഞ്ഞുകൊണ്ട് ദുൽഖറും രംഗത്തെത്തി.”എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി, പ്രിയപ്പെട്ട ലാലേട്ടാ,” എന്ന് ദുൽഖർ കുറിച്ചു.

സിനിമാ പ്രേമികള്‍ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മഹാനടി. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ്. കീര്‍ത്തി സുരേഷും ദുല്‍ഖര്‍ സല്‍മാനും നായികാനായകന്‍മാരായെത്തുന്ന സിനിമ പ്രഖ്യാപനം മുതല്‍ത്തന്നെ പ്രേക്ഷക മനസില്‍ ഇടം പിടിച്ചിരുന്നു.

മെയ് ഒമ്പതിന് തെലുങ്ക് പതിപ്പാണ് റിലീസ് ചെയ്തത്. തമിഴ് പതിപ്പ് മെയ് 11 നാണ് റിലീസ് ചെയ്തത്. ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരമായി മാറിയ അഭിനേത്രികളിലൊരാളാണ് സാവിത്രി. സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തിയത്. ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്.

സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ചലച്ചിത്ര പ്രവര്‍ത്തകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ രാജമൗലി അടക്കമുളളവര്‍ ചിത്രത്തെ കുറിച്ച് പുകഴ്ത്തി രംഗത്തെത്തി. മഹാനടി കണ്ട ശേഷം താന്‍ ദുല്‍ഖര്‍ ആരാധകനായി മാറിയെന്ന് സംവിധായകന്‍ രാജമൗലി പറഞ്ഞിരുന്നു

അത്രയും മികച്ചൊരു ദൃശ്യാവിഷ്‌കാരമാണ് ചിത്രത്തിന്റേതെന്നാണ് കണ്ടവരുടെ അഭിപ്രായം. നിരൂപകപ്രശംസയ്‌ക്കൊപ്പം ചിത്രം കൈനിറയെ പണവും വാരിയതായാണ് റിപ്പോര്‍ട്ട്. ആദ്യ ദിനം അമേരിക്കയില്‍ റിലീസ് ചെയ്ത 142 തിയേറ്ററുകളില്‍ നിന്നായി 3,00,984 ഡോളര്‍ ചിത്രം വാരിയതായാണ് റിപ്പോര്‍ട്ട്. ചിലയിടങ്ങളിലെ കണക്കുകള്‍ ഇനിയും പുറത്തുവന്നിട്ടില്ല എന്നതാണ് വസ്തുത. അല്ലു അര്‍ജുനും അനു ഇമ്മാനുവേലും അഭിനയിച്ച ‘നാ പേരു സൂര്യ’ എന്ന ചിത്രത്തിന്റെ റെക്കോര്‍ഡാണ് മഹാനടി കവച്ചുവച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ