അഭിനയം പോലെ തന്നെ സംഗീതവും ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. സിനിമയിലും സ്റ്റേജ് ഷോകളിലുമായി നിരവധി പാട്ടുകൾ പാടി താരം ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ഇപ്പോഴിതാ, പാട്ടിനു താളം പിടിക്കുന്ന മോഹൻലാലിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
മോഹൻലാൽ നായകനാകുന്ന ജീത്തു ജോസഫ് ചിത്രം 12ത് മാന്റെ ഷൂട്ട് പൂർത്തിയാക്കിയ ശേഷം സുഹൃത്തുക്കളോടൊപ്പം ആഘോഷിക്കുന്ന വീഡിയോയാണ് ശ്രദ്ധനേടുന്നത്. വീഡിയോയിൽ റാപ്പർ അറിവിന്റെ ‘എൻജോയ് എൻജാമി’ എന്ന ഹിറ്റ് ഗാനത്തിന് ‘കഹോൺ’ ഡ്രം എന്ന സംഗീതോപകരണത്തിൽ താളം പിടിക്കുന്ന മോഹൻലാലിനെ കാണാം.
മോഹൻലാലിന്റെ ഫാൻസ് ഗ്രൂപ്പുകളിലൂടെയാണ് വീഡിയോ വൈറലാകുന്നത്. നിരവധിപേർ വീഡിയോക്ക് കമന്റ് ചെയ്യുന്നുണ്ട്. കോടികൾ ഇൻഡസ്ട്രിയിൽ ഇട്ടിട്ട് ഒരു ടെൻഷനും ഇല്ലാതെ കൊട്ടിക്കളിക്കുകയാണ് എന്നൊക്കെയാണ് ചില ആരാധകർ കമന്റ് ചെയ്‌തിരിക്കുന്നത്. ചിലർ പൃഥ്വിരാജിനെ അനുകരിക്കുകയാണോ ലാലേട്ടാ എന്നും ചോദിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കഹോണിൽ മറ്റൊരു ഹിറ്റ് ഗാനത്തിന് ഈണം പിടിക്കുന്ന പൃഥ്വിരാജിന്റെ വീഡിയോ വൈറലായിരുന്നു. അതാണ് ആരാധകരുടെ ചോദ്യത്തിനു പിന്നിൽ. “മാനികെ മാഹേ ഹിതേ” എന്ന ഗാനത്തിനാണ് പൃഥ്വി താളം പിടിച്ചത്.
ചോയ്‌സ് ഗ്രൂപ്പ് ഉടമയും ജെ.ടി പാർക്കിന്റെ സ്ഥാപനയുമായ ജോയ് തോമസിനൊപ്പമുള്ള വീഡിയോയാണ് പൃഥ്വിരാജ് പങ്കുവച്ചത്. അദ്ദേഹത്തിനൊപ്പം തന്നെയാണ് മോഹൻലാലിന്റേയും കഹോൺ വായന.
Also Read: ചുവപ്പഴകിൽ ഭാവന; ഫൊട്ടോസ് സെലക്ട് ചെയ്ത ആൾ കൊള്ളാലോ എന്ന് രമ്യ നമ്പീശൻ
ദൃശ്യം 2’നു ശേഷം മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന സിനിമയാണ് ’12ത് മാൻ’. ഉണ്ണി മുകുന്ദൻ, ഷൈൻ ടോം ചാക്കോ, അതിഥി രവി, ലിയോണ ലിഷോയ്, അനുശ്രീ, വീണ നന്ദകുമാർ, പതിനെട്ടാംപടി ഫെയിം ചന്തു നാഥ്, ശിവദ, പ്രിയങ്ക നായർ സൈജു കുറുപ്പ്, ദൃശ്യം 2 ഫെയിം ശാന്തി പ്രിയ എന്നിവർ ചിത്രത്തിലുണ്ട്.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യാണ് മോഹൻലാലിന്റെ പുറത്തറിങ്ങനിരിക്കുന്ന ചിത്രം. കൂടാതെ ആറാട്ട്, മരക്കാർ തുടങ്ങിയ ചിത്രങ്ങളും തീയേറ്റർ റിലീസിനായി ഇരിക്കുകയാണ്.