ഒരു വിവാഹചടങ്ങിനിടെ അക്ഷയ് കുമാറിനൊപ്പം ഭാംഗ്ര ഡാൻസിനു ചുവടുവയ്ക്കുന്ന മോഹൻലാലിന്റെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അക്ഷയ് കുമാറാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. ‘നിങ്ങളോടൊപ്പമുള്ള ഈ നൃത്തം ഞാൻ എന്നെന്നും ഓർക്കും മോഹൻലാൽ സർ. തികച്ചും അവിസ്മരണീയമായ നിമിഷം,’ എന്നാണ് മോഹൻലാലിനൊപ്പമുള്ള നിമിഷങ്ങളെ അക്ഷയ് കുമാർ വിശേഷിപ്പിക്കുന്നത്.
ആസ്വദിച്ച് ഫുൾ എനർജിയോടെ പഞ്ചാബി ഡാൻസിനൊപ്പം ഇരുവരും ഡാൻസ് ചെയ്യുന്ന വീഡിയോ ആരാധകരുടെയും ഇഷ്ടം കവരുകയാണ്. ‘ഈ ദിവസത്തെ ഏറ്റവും മികച്ച വീഡിയോ’ എന്നാണ് ആരാധകരിൽ ഒരാളുടെ കമന്റ്.
ഏഷ്യാനെറ്റിന്റെ ഡയറക്ടർ കെ മാധവന്റെ മകന്റെ വിവാഹ ചടങ്ങിനിടെ പകർത്തിയതാണ് ഈ വീഡിയോ. രാജസ്ഥാനിൽ വച്ചായിരുന്നു വിവാഹാഘോഷം നടന്നത്.
മോഹൻലാലിനെയും അക്ഷയ് കുമാറിനെയും കൂടാതെ കരൺ ജോഹർ, കമൽഹാസൻ, പൃഥ്വിരാജ്, ആമിർ ഖാൻ, വ്യവസായ പ്രമുഖൻ എം എ യൂസഫലി എന്നിവരും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
ബുധനാഴ്ച, ബോളിവുഡ് സംവിധായകൻ കരൺ ജോഹറിനൊപ്പമുള്ള ചിത്രവും മോഹൻലാൽ പങ്കിട്ടിരുന്നു. കരണിനൊപ്പം ഒരു ചാർട്ടേർഡ് ഫ്ളൈറ്റിന് അകത്തു നിൽക്കുന്ന ചിത്രമാണ് മോഹൻലാൽ പങ്കിട്ടത്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘മലൈക്കോട്ടൈ വാലിബന്റെ’ ചിത്രീകരണ തിരക്കിലാണ് മോഹൻലാൽ. രാജസ്ഥാനിലെ ജയ്സാൽമീറിൽ ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.