മലയാള സിനിമയിലെ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച നിർമാതാവാണ് പി കെ ആർ പിള്ള. ഇന്ന് ഉച്ചയോടെയാണ് പിള്ളയുടെ മരണവാർത്ത പുറത്തുവന്നത്. 93 വയസ്സായിരുന്നു. തൃശൂർ പട്ടിക്കാട്ടെ വസതിയിൽ വച്ചായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
മോഹൻലാൽ എന്ന നടന്റെ ഒട്ടനവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ നിർമാതാവ് കൂടിയാണ് പിള്ള. തന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ വേർപ്പാടിൽ ഓർമ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മോഹൻലാൽ കുറിപ്പ് ഷെയർ ചെയ്തത്. നടനെന്ന നിലയിൽ തന്റെ വളർച്ചയ്ക്ക് അദ്ദേഹം നൽകിയ പ്രോത്സാഹനം വളരെ വലുതായിരുന്നെന്നും മോഹൻലാൽ പറയുന്നു.
“എൻ്റെ ജ്യേഷ്‌ഠ തുല്യനായ പ്രിയപ്പെട്ട പിള്ളച്ചേട്ടൻ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. മലൈക്കോട്ടൈ വാലിബൻ സിനിമയുമായി ബന്ധപ്പെട്ട് ചെന്നൈയിൽ ആയിരിക്കുന്ന സമയത്താണ് ഹൃദയഭേദകമായ ഈ വാർത്ത അറിഞ്ഞത്. പി കെ ആർ പിള്ള എന്ന പേര് മലയാള സിനിമയുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ടതാണ്. കാലം എന്നുമെന്നും ഓർക്കുന്ന നിരവധി നല്ല ചിത്രങ്ങൾ നിർമ്മിച്ച് ഞാനടക്കമുള്ള ഒട്ടേറെ കലാകാരന്മാരെ കൈപിടിച്ചുയർത്തിയ മനുഷ്യസ്നേഹി. പിള്ളച്ചേട്ടനുമൊത്തുള്ള എത്രയെത്ര സ്നേഹനിമിഷങ്ങളാണ് ഈ നിമിഷം ഓർമ്മയിലെത്തുന്നത്. നടനെന്ന നിലയിലുള്ള എൻ്റെ വളർച്ചയ്ക്ക് പിള്ളച്ചേട്ടൻ നൽകിയ സ്നേഹവും പ്രോത്സാഹനവും പറഞ്ഞാൽ തീരാത്തത്ര വലിയ പങ്കുവഹിച്ചിട്ടുണ്ട്. മലയാള സിനിമയിലെ ആ വലിയ വ്യക്തിത്വത്തിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.”
വന്ദനം, ചിത്രം തുടങ്ങി അനവധി ഹിറ്റ് ചിത്രങ്ങൾ നിർമിച്ചു. വ്യവസായി, നടൻ എന്നീ നിലകളിലും പിള്ള തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ശ്രിർദി സായ് ക്രിയേഷൻസ് എന്ന നിർമാണ കമ്പനിയുടെ ഉടമ. 1980 കാലഘട്ടങ്ങളിൽ മോഹൻലാലിന്റെ എട്ടോളം ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. 22 ചിത്രങ്ങൾ പികെആർ പിള്ളയുടെ നിർമാണത്തിൽ ഒരുങ്ങി. ബുധനാഴ്ച്ച വൈകീട്ട് തൃശൂരിലെ വീട്ടു വളപ്പിൽ വച്ചാണ് സംസ്കാരം.