പുൽവാമ ഭീകരാക്രമണത്തിൽ രാജ്യത്തിനുവേണ്ടി ജീവൻ വെടിഞ്ഞ ധീര ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ച് മോഹൻലാൽ. മരക്കാർ-അറബിക്കടലിന്റെ സിംഹം എന്ന തന്റെ പുതിയ ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് മോഹൻലാലും മറ്റു അംഗങ്ങളും കത്തുന്ന മെഴുകുതിരികൾ കൈയ്യിൽ പിടിച്ച് ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചത്. പുൽവാമ ഭീകരാക്രമണത്തിൽ മലയാളി ജവാൻ വി.വി.വസന്ത കുമാർ ഉൾപ്പെടെ 40 സൈനികരാണ് കൊല്ലപ്പെട്ടത്.

നടൻ മമ്മൂട്ടിയും ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചിരുന്നു. വൈഎസ്ആര്‍ റെഡ്ഡിയുടെ ജീവിതം സിനിമയായ യാത്രയുടെ വിജയാഘോഷ ചടങ്ങിനിടയിലാണ് അദ്ദേഹം സൈനികരെ ഓർത്തത്. യാത്രയെ കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് വീരമൃത്യു വരിച്ച സൈനികരെ സല്യൂട്ട് ചെയ്യുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു.

Read: ‘ആദ്യം ഞാന്‍ സൈനികരെ സല്യൂട്ട് ചെയ്യട്ടെ’; യാത്രയുടെ വിജയാഘോഷ ചടങ്ങിനിടെ മമ്മൂട്ടി

ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലാണ് മോഹൻലാലിന്റെ മരക്കാർ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. പ്രിയദർശനാണ് ചിത്രത്തിന്റെ സംവിധായകൻ. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാർ-അറബിക്കടലിന്റെ സിംഹം’. മോഹൻലാൽ ടൈറ്റിൽ റോളിലെത്തുന്ന ചിത്രത്തിൽ അർജുൻ സാർജ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, മധു എന്നിവരും അഭിനയിക്കുന്നുണ്ട്.

പ്രണവ് മോഹൻലാലും ഒരു കാമിയോ റോളിൽ ചിത്രത്തിൽ ഉണ്ടാവുമെന്നാണ് റിപ്പോർട്ട്. കൂടാതെ സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും. സിനിമയുടെ 75 ശതമാനം ഭാഗങ്ങളും റാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരിക്കുക. ഊട്ടി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകൾ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ