‘പച്ച മനുഷ്യരുടെ ജീവിതം കൊണ്ട് വെള്ളിത്തിരയില്‍ ഉത്സവം നടത്തിയ മഹാനായ ചലച്ചിത്രകാരന്‍. ഞാനടക്കമുള്ള നടന്‍മാരെയും, കാഴ്ചക്കാരെയും സിനിമാ വിദ്യാർഥികളാക്കിയ മലയാള സിനിമയുടെ മാസ്റ്റര്‍ക്ക്, എന്റെ പ്രിയപ്പെട്ട സാറിന് പ്രണാമം.’
മലയാള സിനിമയുടെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ഐ.വി.ശശിയെ ഓര്‍ക്കുന്നത് ഇങ്ങനെയാണ്. 1957 മുതല്‍ 2009 വരെ നീണ്ടുനിന്ന സിനിമാ കരിയറില്‍ ഒരുപാടു പേരെ ഐ.വി.ശശി എന്ന സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകന്‍ സൂപ്പര്‍സ്റ്റാറാക്കിയിട്ടുണ്ട്.
ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് ചുവടുറപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന മോഹന്‍ലാല്‍ എന്ന നടനെ ‘ഉയരങ്ങള്‍’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ തന്നെ ഉയരങ്ങളിലേക്കെത്തിച്ച സംവിധായകനായിരുന്നു ഐ.വി.ശശി. ഒരു ടീ എസ്‌റ്റേറ്റിലെ അസിസ്റ്റന്റ് മാനേജരായ പി.കെ.ജയരാജന്‍ എന്ന, വലിയ വലിയ സ്വപ്‌നങ്ങള്‍ കാണുന്ന നായകന്‍. തന്റെ വിജയത്തിന് എന്തു കൊള്ളരുതായ്മകളും ചെയ്യാന്‍ തയാറാകുന്ന നായകന്‍. മോഹന്‍ലാലിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായ ദേവാസുരവും ഐ.വി.ശശി സംവിധാനം ചെയ്ത ചിത്രമായിരുന്നു.