പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘മരക്കാര്‍-അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ ഹൈദരാബാദ് ലൊക്കേഷനില്‍ ഇന്നലെ ഒരാഘോഷങ്ങളുടെ ദിവസമായിരുന്നു. നായകന്‍ മോഹന്‍ലാലിനു പത്മഭൂഷൺ ലഭിച്ചതിന്റെ അറിയിപ്പ് വന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാന ആഘോഷം. അത് കൂടാതെ നടന്‍ പ്രഭുവിന്റെ വിവാഹവാര്‍ഷികവും, ആന്റണി പെരുമ്പാവൂര്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടായ ആശിര്‍വാദ് സിനിമാസിന്റെ വാര്‍ഷികവുമാണ് ‘മരക്കാര്‍’ ചിത്രീകരണത്തിനിടെ നടന്നത്. അതിന്റെ ചിത്രങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
View this post on Instagram
Celebration of Lalettan winning the Padma Bhushan, at #Marakkar location..!
സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’. ഡിസംബർ ഒന്നിനാണ് ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ആരംഭിച്ചത്. മോഹൻലാൽ ടൈറ്റിൽ റോളിലെത്തുന്ന ചിത്രത്തിൽ അർജുൻ സാർജ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, മധു എന്നിവരും അഭിനയിക്കുന്നുണ്ട്. പ്രണവ് മോഹൻലാലും ഒരു കാമിയോ റോളിൽ എത്തുന്നുണ്ട്. കൂടാതെ സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും അണിനിരക്കും.
Read More: ‘മരക്കാറി’ന്റെ പേടകം ഒരുങ്ങുന്നു
ചിത്രത്തിന്റെ ഛായാഗ്രഹണം തിരുവും കലാസംവിധാനം സാബു സിറിലും നിർവ്വഹിക്കുന്നു. സിനിമയുടെ 75 ശതമാനം ഭാഗങ്ങളും റാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരിക്കുക. ഊട്ടി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകൾ.
ആന്റണി പെരുമ്പാവൂരും സി.ജെ.റോയും സന്തോഷ് കുരുവിളയും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമ്മാണം. ചരിത്രവും ഭാവനയും കൂടിക്കലര്‍ന്ന ചിത്രമായിരിക്കും ‘മരക്കാർ’ എന്ന് മുൻപ് പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയിരുന്നു.
“തീരദേശവും കടലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചിത്രത്തിൽ വരുന്നതുകൊണ്ട് പോസ്റ്റ് പ്രൊഡക്ഷൻ കാര്യങ്ങൾ വിദേശത്തായിരിക്കും നടക്കുക. മ്യൂസിക്, ബാക്ക് ഗ്രൗണ്ട് സ്കോർ പോലുള്ള കാര്യങ്ങളും മികവേറിയ രീതിയിൽ ഒരുക്കാനാണ് പ്ലാൻ. അതു കൊണ്ടു തന്നെ ബജറ്റിനെ കുറിച്ച് ഞങ്ങളിപ്പോൾ ചിന്തിക്കുന്നില്ല”, എന്നാണ് മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടറായ പ്രിയദർശൻ ചിത്രത്തെ കുറിച്ച് പ്രതികരിച്ചത്.