രജനീഷ് ഓഷോയുടെ വലിയ ആരാധകരിൽ ഒരാളാണ് മോഹൻലാൽ. ഓഷോയുടെ ജീവിതവീക്ഷണവും കാഴ്ചപ്പാടുകളും കഥകളുമെല്ലാം മോഹൻലാലിനെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. മോഹൻലാലിന്റെ കയ്യിലുള്ള ഓഷോ തൊപ്പിയും അതുമായി ബന്ധപ്പെട്ട രസകരമായൊരു അനുഭവവും പങ്കുവയ്ക്കുകയാണ് തിരക്കഥാകൃത്തായ രാമാനന്ദ്. മോഹൻലാലിനെ കാണാൻ പോയപ്പോൾ ഉണ്ടായ ഒരനുഭവമാണ് ജയസൂര്യ ചിത്രം ‘കത്തനാരിന്റെ’ തിരക്കഥാകൃത്തായ രാമാനന്ദ് പങ്കുവയ്ക്കുന്നത്.
“ഓഷോ തലയിൽ വെച്ച് നടന്ന തൊപ്പിയും ലാലേട്ടനും,” എന്ന തലക്കെട്ടോടെയാണ് രാമാനന്ദ് തന്റെ അനുഭവം പങ്കുവയ്ക്കുന്നത്.
“ഒരു ഇറ്റാലിയൻ സംവിധായകൻ ലാലേട്ടനെ വച്ച് ഓഷോയുടെ ജീവചരിത്രം സിനിമയാക്കാൻ തീരുമാനിച്ചപ്പോൾ നൽകിയ സമ്മാനമാണ് ഈ തൊപ്പി, ഓഷോ തലയിൽ വെച്ച തൊപ്പി! കണ്ടപ്പോൾ കൗതുകം അടക്കാനായില്ല. ഒന്ന് തലയിൽ വെക്കണം ആ പൊൻകിരീടം എന്ന് തോന്നി. വെച്ചു… ഹൃദയം തുടിച്ചു പോയി… എന്നാൽ അത്ഭുതപ്പെട്ടത് മടങ്ങാൻ നേരം ലാലേട്ടൻ ഓഷോയുടെ തൊപ്പി എനിക്ക് തരാനായി പായ്ക്ക് ചെയ്യുന്നത് കണ്ടപ്പോഴാണ്… ഒന്നു കൊണ്ടും വില മതിക്കാനാവാത്ത ആ അപൂർവ്വ വസ്തു ഒരു മമത്വവും ഇല്ലാതെ വെച്ചു നീട്ടുന്നതിലെ ഔന്നത്യം കണ്ടിട്ടാണ്…”
“കൊതിച്ചു പോയെങ്കിലും, എൻ്റെ മറുപടി ലാലേട്ടാ ഇത് ഇരിക്കേണ്ടത് ഭഗവാനു ശേഷം അത് ചേരുന്ന ഒരു ശിരസ്സിലാണ്… ലാലേട്ടൻ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു അപ്പോൾ രാമിന് വേണ്ടേ? വേണം പക്ഷേ അത് ഈ തലയിലാണ് എനിക്ക് വേണ്ടത്! ലാലേട്ടൻ ആ തൊപ്പിയണിഞ്ഞു… ഒരു നിമിഷം എൻ്റെ പ്രേമഭാജനം ഓഷോ കൺമുന്നിൽ രൂപമായി തെളിഞ്ഞു…” രാമാനന്ദ് കുറിക്കുന്നു.
Read more:മോഹന്‍ലാല്‍ സുഖചികിത്സയില്‍
പാലക്കാട് പെരിങ്ങോട്ടിലെ ആയുര്‍വ്വേദ കേന്ദ്രത്തിലാണ് മോഹൻലാൽ ഇപ്പോഴുള്ളത്. സെപ്തംബര്‍ 2-ാം തീയതിയാണ് ഭാര്യ സുചിത്രയ്‌ക്കൊപ്പം ആയുർവേദ ചികിത്സയ്ക്കായി താരം ഇവിടെ എത്തിയത്.
കോവിഡ് കാലത്ത് മൂന്നുമാസത്തോളം ചെന്നൈയിലെ വീട്ടിൽ കുടുംബത്തിനൊപ്പം ചെലവഴിക്കുകയായിരുന്നു താരം. അമ്മയെ കാണാനും ഏഷ്യാനെറ്റിന്റെ ‘ലാലോണം നല്ലോണം’ പരിപാടിയിൽ പങ്കെടുക്കാനും വേണ്ടിയായിരുന്നു മോഹൻലാൽ കേരളത്തിലെത്തിയത്.
ആയുർവേദ ചികിത്സ പൂർത്തിയായി കഴിഞ്ഞാൽ മോഹൻലാൽ നേരെ പോവുക ദൃശ്യം 2വിന്റെ ലൊക്കേഷനിലേക്കാണ്. സെപ്തംബര്‍ 14-ാം തീയതി ഷൂട്ടിംഗ് തുടങ്ങുമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സെറ്റ് വർക്കുകൾ പൂർത്തിയാക്കാൻ ബാക്കിയുള്ളതിനാൽ ഷൂട്ടിംഗ് വൈകുകയായിരുന്നു. സെപ്റ്റംബർ ഇരുപതോടെ ചികിത്സ പൂർത്തിയാക്കി സെപ്റ്റംബർ 21ന് ‘ദൃശ്യം’ സെറ്റിൽ താരം ജോയിൻ ചെയ്യും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.
Read more: ഏഴു വർഷങ്ങൾ കൊണ്ട് ‘ദൃശ്യ’ത്തിലെ വില്ലന് വന്ന മാറ്റം; ഈ ചിത്രങ്ങൾ അതിശയിപ്പിക്കും
മോഹൻലാലിന്റെ പിറന്നാൾ ദിവസമാണ് ‘ദൃശ്യ’ത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന പ്രഖ്യാപനമുണ്ടായത്. ഏഴു വർഷങ്ങൾക്കു ശേഷമാണ് ഈ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നത്. ജീത്തു ജോസഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമയ്ക്കു വേണ്ടി ആന്റണി പെരുമ്പാവൂരാണ്. ലോക്ഡൗൺ കഴിഞ്ഞ് തുടർച്ചയായി 60 ദിവസം കൊണ്ട് കേരളത്തിൽ ചിത്രീകരിച്ച് പൂർത്തിയാക്കുന്ന വിധത്തിലാണ് സിനിമ. ഇതിനു ശേഷമാകും ഷൂട്ടിങ് നിർത്തിവെച്ച മറ്റ് സിനിമകളിൽ മോഹൻലാൽ എത്തുകയെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു.
2013 ഡിസംബറിലായിരുന്നു ‘ദൃശ്യം’ റിലീസിനെത്തിയത്. മോഹന്‍ലാല്‍, മീന, കലാഭവന്‍ ഷാജോണ്‍, ആശ ശരത്, സിദ്ദിഖ് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. ത്രില്ലർ ചിത്രമായ ദൃശ്യത്തിലെ ഈ താരങ്ങളുടെയെല്ലാം പ്രകടനം ഏറെ മികവു പുലർത്തിയിരുന്നു. 50 കോടിയോളം രൂപ ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്യാനും ചിത്രത്തിനു സാധിച്ചിരുന്നു.