Latest News

‘മോഹൻലാലിന്റെ ഏദൻതോട്ടം’; വീഡിയോ പങ്കുവെച്ച് കൃഷി മന്ത്രിയും

സിനിമയുടെ വലിയ തിരക്കുകൾക്കിടയിലും ജൈവ കൃഷിയെ കൈവിടാതിരിക്കുന്ന മോഹൻലാൽ മലയാളികൾക്കു മാത്രമല്ല, ലോകമെങ്ങുമുള്ള എല്ലാ കർഷകർക്കും മാതൃകയാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു

വീട്ടുവളപ്പിൽ ജൈവകൃഷി ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവെച്ച നടൻ മോഹൻലാലിന് അഭിനന്ദനവുമായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽ കുമാർ. സിനിമയുടെ വലിയ തിരക്കുകൾക്കിടയിലും ജൈവ കൃഷിയെ കൈവിടാതിരിക്കുന്ന മോഹൻലാൽ മലയാളികൾക്കു മാത്രമല്ല, ലോകമെങ്ങുമുള്ള എല്ലാ കർഷകർക്കും മാതൃകയാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഇന്നലെയാണ് മോഹൻലാൽ തന്റെ ജൈവപച്ചക്കറി തോട്ടം വീഡിയോയിലൂടെ ആരധകരുമായി പങ്കു വെച്ചത്.

നേരത്തെ സംസ്ഥാന കൃഷി വകുപ്പിൻ്റെ ജീവനി – നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം എന്ന ജനകീയ പദ്ധതിയുടെ പ്രചരണാർത്ഥം ചിത്രീകരിച്ച പരസ്യചിത്രത്തിൽ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ മോഹൻലാൽ അഭിനയിച്ചിരുന്ന കാര്യവും മന്ത്രി പോസ്റ്റിൽ പങ്കുവെച്ചു.

”ശ്രീ. മോഹൻലാലിനേപ്പോലെ, നമ്മുടെ പ്രിയപ്പെട്ട നിരവധി ചലചിത്ര താരങ്ങൾ സ്വന്തം വീട്ടുവളപ്പിൽ പച്ചക്കറി കൃഷി ചെയ്യുന്ന വിവരം അറിയാൻ കഴിഞ്ഞതിൽ കൃഷി വകുപ്പ് മന്ത്രി എന്ന നിലയിൽ വലിയ സന്തോഷവും സംതൃപ്തിയുമുണ്ട്.” മന്ത്രി പറഞ്ഞു.

“കോവിഡിൻ്റെ രണ്ടാം തരംഗം കൂടുതൽ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വീടുകളിൽ തന്നെ കഴിഞ്ഞുകൂടേണ്ടി വരുമ്പോൾ, മഹത്തായ ഈ മാതൃക എല്ലാവർക്കും കൃഷിയിലേക്ക് ഇറങ്ങാൻ പ്രചോദനമാകട്ടെ. പ്രത്യേകിച്ച്, കൃഷി ചെയ്യാൻ സ്ഥലമില്ല എന്ന് പറയുന്നവർക്ക് ഈ വീഡിയോ ശരിക്കും പ്രചോദനമാകും. കേരളത്തിന് ഒരു ജൈവകൃഷി മാതൃക സ്വന്തം പുരയിടത്തിലൂടെ കാണിച്ചു തന്നെ എൻ്റെ പ്രിയപ്പെട്ട സുഹൃത്ത് ശ്രീ. മോഹൻലാലിന് അഭിവാദനങ്ങൾ.” മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

കോവിഡ് വ്യാപനം രൂക്ഷമായതോടെ കേരളത്തിൽ വീണ്ടും വാരാന്ത്യ ലോക്ക്ഡൗൺ (Lockdown) വന്നിരിക്കുന്ന സാഹചര്യത്തിൽ തന്റെ ജൈവ കൃഷി തോട്ടത്തെ മോഹനലാൽ ആരധകർക്ക് പരിചയപ്പെടുത്തിയത്. ജൈവ പച്ചക്കറികൾ വീട്ടിൽ തന്നെ വളർത്തിയെടുക്കുകയാണ് മോഹൻലാൽ. ജൈവ കൃഷി ശീലമാക്കുക എന്ന സന്ദേശത്തോടെയാണ് മോഹൻലാൽ പങ്കുവെച്ചത്.

പാവലും പടവലവും തക്കാളിയും മത്തങ്ങയും ഒക്കെ നിറഞ്ഞുനിൽക്കുന്ന തന്റെ കൃഷിത്തോട്ടത്തിൽ മുണ്ട് മുറുക്കിയുടുത്ത് തലയിൽക്കെട്ടുമായാണ് മലയാളികളുടെ ലാലേട്ടന്റെ നിൽപ്പ്.

മോഹൻലാലിന്റെ കൊച്ചിയിലെ വീട്ടിലെ ചെറിയ സ്ഥലത്ത് ഒരുക്കിയിരിക്കുന്ന കൃഷിസ്ഥലമാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്. താൻ വീട്ടിലുള്ളപ്പോഴെല്ലാം ഈ പച്ചക്കറികളാണ് ഉപയോഗിക്കുന്നതെന്നും മോഹൻലാൽ പറയുന്നു. ആ ചെറിയ കൃഷിയിടത്തിൽ തന്നെ വീട്ടിലേക്ക് വേണ്ട എല്ലാ വിധ പച്ചക്കറികളും വളർത്തിയെടുത്തിട്ടുണ്ട്.

പാവയ്ക്ക, വഴുതനങ്ങ, മുളക്, തക്കാളി, ചുരയ്ക്ക, പയർ, ചോളം തുടങ്ങി നിരവധി പച്ചക്കറികളാണ് വളർത്തിയെടുത്തിരിക്കുന്നത്‌. മാത്രമല്ല മനസുവച്ചാൽ എല്ലാവർക്കും ചെയ്യാവുന്ന കാര്യമാണ് ഇതെന്നും സ്ഥലമില്ലെങ്കിൽ ടെറസുകളിൽ പോലും കൃഷി ചെയ്യാമെന്നും മോഹൻലാൽ. പച്ചക്കറികളിൽ കീടനാശിനികൾ ഒരുപാട് ഉപയോഗിക്കുന്ന ഈ അവസരത്തിൽ ജൈവ പച്ചക്കറികൾക്ക് വളരെയധികം പ്രാധാന്യം ഉണ്ട്.. ആരോഗ്യം സംരക്ഷിക്കാനും ജൈവ പച്ചക്കറികൾ സഹായിക്കും.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mohanlal organic farming video goes viral

Next Story
ഓസ്കാർ പുരസ്കാരങ്ങൾ ഇന്ന്; ഓൺലൈൻ ആയി തത്സമയം കാണാംoscars 2021,Oscars,The Academy Awards,Priyanka Chopra,Nick Jonas,Oscars nominations,Oscars 2021 time and date
The moderation of comments is automated and not cleared manually by malayalam.indianexpress.com