‘ഒടിയന്റെ’ പ്രചരണം സംബന്ധിച്ച് നടന്ന മാര്‍ക്കറ്റിംഗ് ആ ചിത്രത്തിന് ആവശ്യമുള്ളതായിരുന്നു എന്ന് മോഹന്‍ലാല്‍. റിപ്പോര്‍ട്ട്‌ ടി വിയുടെ ന്യൂസ് നൈറ്റ്‌ എന്ന പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ച മോഹന്‍ലാല്‍, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ഭാഗത്ത്‌ നിന്നും വന്ന വലിയ അവകാശവാദങ്ങള്‍ തിരിച്ചടിയായില്ലേ എന്ന ചോദ്യത്തോട് ഇങ്ങനെ പ്രതികരിച്ചു.

“തീര്‍ച്ചയായിട്ടും ഒരു സിനിമയെ നന്നായിട്ട് മാര്‍ക്കറ്റ്‌ ചെയ്യാന്‍ അറിയണം. ഒരു പ്രോഡക്റ്റ് ആണ്. ഒരു പ്രോഡക്റ്റ് ഉണ്ടാക്കിയിട്ട് അത് മാര്‍ക്കറ്റ്‌ ചെയ്യാന്‍ പാടില്ല എന്ന് പറയാന്‍ പാടില്ല.”

 

ചിത്രത്തിനെതിരെയുള്ള വിമര്‍ശനങ്ങളോടും സോഷ്യല്‍ മീഡിയയില്‍ നടന്ന ആക്രമങ്ങളോടും ഒന്നും തനിക്കു പ്രതികരിക്കാനില്ല എന്ന് വ്യക്തമാക്കിയ മോഹന്‍ലാല്‍ ‘ഒടിയന്‍’ എന്ന ചിത്രം കേരളത്തിനകത്തും പുറത്തുമുള്ള ധാരാളം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്നു എന്ന് മനസ്സിലാക്കുന്നതായും വെളിപ്പെടുത്തി. സിനിമ കണ്ട നൂറില്‍ തൊണ്ണൂറു പേര്‍ക്കും ‘ഒടിയന്‍’ ഇഷ്ടപ്പെട്ടു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ആളുകള്‍ക്ക് ഇഷ്ടപ്പെടുന്നതു കൊണ്ടാണല്ലോ ആ സിനിമ വളരെ സക്സസ്ഫുള്‍ ആയിട്ട് ഓടുന്നത്. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും പുറത്തുമൊക്കെ ആ സിനിമയ്ക്ക് വളരെ നല്ല റസ്പോന്‍സ് ആണ് കിട്ടുന്നത്. ഒരുപാട് പേര്‍ ആ ചിത്രം കണ്ടു. ഒരുപാട് പേര്‍ ആ ചിത്രത്തിന്റെ നന്മയെക്കുറിച്ച് എഴുതുകയുമൊക്കെ ചെയ്തു”, മോഹന്‍ലാല്‍ വ്യക്തമാക്കി.

Read More: Odiyan Review: പ്രതീക്ഷാ ഭാരം ചുമക്കുന്ന ചിത്രത്തെ തോളിലേറ്റി നടത്തുന്ന നായകന്‍: ‘ഒടിയന്‍’ റിവ്യൂ

പരസ്യ രംഗത്തെ അതികായനായ വിഎ ശ്രീകുമാരന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയായ ‘ഒടിയന്റെ’ തിരക്കഥ രചിച്ചിരിക്കുന്നത് ഹരികൃഷ്ണന്‍. മഞ്ജു വാര്യര്‍, പ്രകാശ് രാജ് എന്നിവരാണ് മറ്റു മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിര്‍മ്മാണം.

വാരണസി, പാലക്കാട്, തസ്രാക്ക്, ഉടുമലൈപ്പേട്ടൈ, പൊള്ളാച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു ‘ഒടിയന്റെ’ ചിത്രീകരണം. പീറ്റർ ഹെയ്ൻ ആണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. പല സംഘട്ടന രംഗങ്ങളിലും ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് മോഹൻലാൽ അഭിനയിച്ചിരിക്കുന്നത്. മലയാളം, തമിഴ്,തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിട്ടുള്ളത്.

റിലീസ് ദിവസം തൊട്ട് ഒട്ടേറെ ട്രോളുകളിലൂടെയും വിമര്‍ശനങ്ങളിലൂടെയും കടന്നു പോകുകയാണ് ‘ഒടിയന്‍’. ആകാശത്തോളം പ്രതീക്ഷകള്‍ തന്ന് ആഴക്കടലോളം നിരാശയിലേക്ക് കൂപ്പുകുത്തിച്ചെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ അങ്ങനെയല്ല, ആസ്വദിക്കാവുന്ന ഒരു ചിത്രം തന്നെയാണ് എന്ന് മറ്റൊരു കൂട്ടര്‍.  ഇതിനെല്ലാം ഇടയില്‍ ‘ഒടിയന്‍’ ബോക്സോഫീസ്‌ വാഴുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More: രാത്രിയിൽ പാടവരമ്പിൽ കരിമ്പടം പുതച്ചു നില്‍ക്കുന്നവര്‍

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ