സിനിമാ മേഖലയെ അടിമുടി ഉലച്ച മീ ടൂ മൂവ്‌മെന്റിനെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി നടനും താരസംഘടനയായ എഎംഎംഎയുടെ പ്രസിഡന്റുമായ മോഹന്‍ലാല്‍. താന്‍ അനുഭവിക്കാത്ത കാര്യങ്ങളെ കുറിച്ച് എങ്ങനെയാണ് അഭിപ്രായം പറയുകയെന്നും, അത്തരത്തില്‍ ഒരു അഭിപ്രായ പ്രകടനം നടത്തുന്നത് ശരിയല്ലെന്നുമായിരുന്നു ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞത്. പുരുഷന്മാര്‍ക്കും ഒരു മീ ടൂ ആകാമെന്ന് ചിരിച്ചു കൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രളയക്കെടുതിയില്‍ വലഞ്ഞ കേരളത്തിന്റെ പുനര്‍നിർമ്മാണത്തിന് പണം സ്വരുക്കൂട്ടുന്നതിന്റെ ഭാഗമായി താരസംഘടന ഗള്‍ഫില്‍ നടത്തുന്ന പരിപാടിയുടെ ഭാഗമായി എത്തിയതായിരുന്നു മോഹന്‍ലാല്‍.

പഞ്ചഭൂതങ്ങൾ എന്ന തീമിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും അബുദാബിയിൽ അടുത്ത മാസം അവതരിപ്പിക്കുന്ന പരിപാടിയെന്ന് മോഹൻലാൽ വെളിപ്പെടുത്തി. വലിയൊരു പരിപാടിയായിരിക്കുമെന്നും അഞ്ച് മണിക്കൂർ നീണ്ടു നിൽക്കുന്ന പരിപാടി അഞ്ച് ഭാഗങ്ങളായാകും നടക്കുകയെന്നും ഓരോ ഭാഗത്തിന്റെയും സമയം ഒരു മണിക്കൂർ വീതമായിരിക്കുമെന്നും മോഹൻലാൽ പറഞ്ഞു. ലേസറും ത്രീഡി മാപ്പിങ്ങും ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പത്ര സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ മീ ടൂവിനെ കുറിച്ചു ചോദിച്ചപ്പോള്‍, അതിനെ ഒരു മൂവ്‌മെന്റായി കാണേണ്ട ആവശ്യമില്ലെന്നും, മീ ടൂ ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതിന്റെ സമയം തീര്‍ന്ന് മങ്ങിത്തുടങ്ങിയെന്നും അത്രയ്ക്കുള്ള ആയുസ്സേ ഉണ്ടായിരുന്നുള്ളൂവെന്നും മോഹന്‍ലാല്‍ പറഞ്ഞു.  വളരെ നിരുത്തരവാദിത്തപരമായാണ് മോഹന്‍ലാല്‍ സംസാരിച്ചതെന്ന് കാണിച്ചു സോഷ്യല്‍ മീഡിയയില്‍ പരക്കെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്

മുമ്പ് മീ ടൂവിനെക്കറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇത്തരത്തില്‍ ഉത്തരങ്ങള്‍ നല്‍കിയ അമിതാഭ് ബച്ചനും ആമിര്‍ ഖാനും വിമർശനങ്ങൾ നേരിട്ടിരുന്നു. ‘തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍’ എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് സമയത്ത്, തനുശ്രീ ദത്ത, നാനാ പടേക്കറിനെതിരെ ഉന്നയിച്ച ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിന് താന്‍ തനുശ്രീ ദത്തയോ നാനാ പടേക്കറോ അല്ലെന്നും അതിനാല്‍ അഭിപ്രായം പറയാന്‍ സാധിക്കില്ലെന്നുമായിരുന്നു ബച്ചന്റെ മറുപടി. കാര്യങ്ങളെ കുറിച്ച് കൂടുതല്‍ അറിയാതെ സംസാരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു ആമിര്‍ ഖാനും ചെയ്തത്. ഇതു തന്നെയാണ് മോഹന്‍ലാലും പിന്തുടരുന്നത് എന്ന് സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്‌.

Read More: ബോളിവുഡിലെ പുതിയ മീടൂ വിവാദം: താനീ നാട്ടുകാരനല്ലെന്ന് ബച്ചന്‍

മലയാള സിനിമാ മേഖലയില്‍ നടന്മാരായ അലന്‍സിയര്‍, മുകേഷ് എന്നിവര്‍ക്കെതിരെ മീ ടൂ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മലയാള സിനിമയ്ക്ക് മീ ടൂ കൊണ്ട് യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്നും, സിനിമാ മേഖലയില്‍ മാത്രമല്ല, മറ്റു മേഖലകളിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടെന്നും പത്രസമ്മേളനത്തില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

പ്രളയ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് പണം കണ്ടെത്താനായി താരസംഘടനയായ എ എം എം എ  സിസംബർ ഏഴിന് അബുദാബിയി ‘ഒന്നാണ് നമ്മൾ’ എന്ന ഷോ സംഘടിപ്പിക്കും എന്നും ഒരു സംഘടന എന്ന നിലയില്‍ എ എം എം എ  ഇനിയും ധാരളം ക്ഷേമപദ്ധതികള്‍ നടത്താന്‍ ലക്ഷ്യമിടുന്നു എന്നും മോഹന്‍ലാല്‍ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook