പ്രളയം തുടർക്കഥയാവുമ്പോൾ മാറേണ്ടത് പരിസ്ഥിതിയോടുള്ള സമീപനങ്ങളാണെന്ന് നടൻ മോഹൻലാൽ. ‘രണ്ടു വർഷത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ നമുക്ക് എല്ലാതരത്തിലും മാറേണ്ടതുണ്ട്. ഒരുപാട് കരുതലുകൾ എടുക്കേണ്ടതുണ്ട്. പണം പിരിക്കൽ മാത്രമല്ല ദുരിതാശ്വാസപ്രവർത്തനം എന്നു തിരിച്ചറിയേണ്ടതുണ്ട്,” മോഹൻലാൽ പറയുന്നു. തന്റെ ബ്ലോഗിലൂടെയാണ് താരം പ്രളയകേരളത്തെ കുറിച്ചുള്ള ആശങ്കകൾ പങ്കുവച്ചിരിക്കുന്നത്.

“ഒരു വർഷം മുൻപ് മഹാപ്രളയം വന്ന് നമ്മുടെ ജീവനുകൾ അപഹരിക്കുകയും ജീവിതം തകർക്കുകയും ചെയ്തപ്പോൾ അതൊരു ഒറ്റപ്പെട്ട ദുരന്തമാണ് എന്നാണ് നാം കരുതിയത്. കാലാവസ്ഥ അനുഗ്രഹിച്ച കേരളം എന്ന അഭിമാനബോധമുള്ള നമുക്ക് മറിച്ച് ചിന്തിക്കാൻ സാധിക്കില്ല. വെയിൽ വന്ന് പരന്നു കഴിഞ്ഞതോടെ നാം പ്രളയത്തെ മറന്നു. പ്രളയകാലത്തെ മനുഷ്യബന്ധങ്ങൾ അഴിഞ്ഞു. വീടു തകർന്നവരും സ്ഥലം നഷ്ടപ്പെട്ടവരുമായ പലരും അതേ അവസ്ഥയിൽ തുടർന്നു. തൽക്കാലം നിർത്തിവച്ച മലയിടിക്കലും പാറപൊട്ടിക്കലും പൂർവ്വാധികം ഉഷാറായി തുടർന്നു. ഉയരങ്ങളിൽ കൂടുതൽ കൂടുതൽ തണ്ണീർത്തടങ്ങളുണ്ടായി. രാഷ്ട്രീയക്കാർ പതിവ് പഴിചാരലുകൾ പുനരാരംഭിച്ചു. കേരളം പഴയതുപോലെ ആയി. നാം മറന്നെങ്കിലും പ്രകൃതി ഒന്നും മറന്നിരുന്നില്ല. പ്രകൃതിയുടെ ചുമരിലെ കലണ്ടറും ഓർമ്മയും ഏറെ കൃത്യമായിരുന്നു. കഴിഞ്ഞ പ്രളയം കഴിഞ്ഞ് കൃത്യം ഒരു വർഷമായപ്പോൾ കൊടും മഴപെയ്തു. കേരളം കാലാവസ്ഥ പ്രകാരം അപകടകരമായ ഒരിടമാവുകയാണോ? ആണെങ്കിൽ അത് നമ്മെ ഭയപ്പെടുത്തേണ്ടതും ചിന്തിപ്പിക്കേണ്ടതുമായ കാര്യമാണ്,” മോഹൻലാൽ എഴുതുന്നു.

പ്രകൃതിദുരന്തങ്ങളെ ആർക്കും പൂർണ്ണമായി ചെറുക്കാൻ സാധിക്കില്ലയെങ്കിലും ആധുനിക ശാസ്ത്രസംവിധാനങ്ങൾ ഉപയോഗിച്ച് നമുക്ക് അവയെ മുൻകൂട്ടിയറിയാനും ഒരുപാട് ഒരുക്കങ്ങൾ നടത്താനും സാധിക്കുമെന്നും മോഹൻലാൽ കുറിച്ചു. ഒറീസ്സ അതിനൊരു ഉദാഹരണമാണെന്നും മോഹൻലാൽ ചൂണ്ടികാട്ടി. “ഒറീസ്സയ്ക്ക് സാധിക്കുമെങ്കിൽ എന്തുകൊണ്ട് നമുക്കും സാധിക്കില്ല? എന്നും ചോദിക്കുന്നു. മഴ പെയ്ത് മണ്ണിടിഞ്ഞു കഴിഞ്ഞ് മനുഷ്യരെ രക്ഷിക്കാൻ ഓടുന്നതിനേക്കാൾ അതിനു മുന്പ് ആധുനിക ശാസ്ത്രസംവിധാനവും കൃത്യമായ പ്ലാനിങ്ങും ഉപയോഗിച്ച് അപകടസ്ഥലങ്ങളിൽ നിന്ന് മനുഷ്യരെ മാറ്റാൻ നമുക്ക് സാധിക്കില്ലേ?” മോഹൻലാൽ ചോദിക്കുന്നു.

ബോഗ്ലിന്റെ പൂർണ്ണരൂപം മോഹൻലാലിന്റെ ശബ്ദത്തിൽ ഇവിടെ കേൾക്കാം:

പ്രളയമുഖത്ത് ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനും വീടു വെച്ചു കൊടുക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായുമൊക്കെ പ്രളയകേരളത്തിനൊപ്പം തന്നെയുണ്ട് മോഹൻലാൽ. രക്ഷാപ്രവർത്തനത്തിനിടെ ജീവൻ വെടിഞ്ഞ കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ലിനുവിന്റെ കുടുംബത്തിനും മോഹൻലാൽ സഹായമെത്തിച്ചിരുന്നു. ഒരു ലക്ഷം രൂപ അടിയന്തിരസഹായമായി നൽകിയ മോഹൻലാൽ, ലിനുവിന്റെ കുടുംബത്തിന് വീടു വെച്ചു കൊടുക്കാനും തീരുമാനിച്ചു. തന്റെ അച്ഛനമ്മമാരുടെ പേരിൽ തുടങ്ങിയ വിശ്വശാന്തി ഫൗണ്ടേഷന്റെ കീഴിലാണ് വീട് പണിതു നൽകുന്നത്.

പ്രളയത്തിൽ മുങ്ങിത്താഴ്ന്ന കുട്ടികളെ രക്ഷപ്പെടുത്തുന്നതിനിടയിൽ അപകടത്തിൽപ്പെട്ട് മരണപ്പെട്ട അബ്ദുൽ റസാഖിന്റെ കുടുംബത്തിന് അടിയന്തിര സഹായം നൽകിയതിനൊപ്പം കുട്ടികളുടെ വിദ്യഭ്യാസം മോഹൻലാൽ ഏറ്റെടുത്തത് അടുത്തിടെ വാർത്തയായിരുന്നു.

Read more: കൂടെയുണ്ട്: അബ്ദുൽ റസാഖിന്റെ കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുത്ത് മോഹൻലാൽ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook