scorecardresearch

ഒരു സിനിമയെ വിലയിരുത്തുമ്പോള്‍ അതിനെക്കുറിച്ച് എന്തെങ്കിലും ധാരണവേണം; ഹേറ്റ് ക്യാംപയിനെ കുറിച്ച് മോഹൻലാൽ

"കോവിഡ് സമയത്തൊക്കെ ഞാന്‍ ഹൈദരബാദില്‍ ആയിരുന്നു. അവിടെ റിലീസാകുന്ന സിനിമകളെ മുഴുവന്‍ അവിടുത്തെ പ്രേക്ഷകർ സപ്പോര്‍ട്ട് ചെയ്യുന്നു. അവിടെ ഒരു സിനിമ മോശമാകാന്‍ സിനിമ ഇഷ്ടപ്പെടുന്ന ആളുകള്‍ സംസാരിക്കില്ല"

"കോവിഡ് സമയത്തൊക്കെ ഞാന്‍ ഹൈദരബാദില്‍ ആയിരുന്നു. അവിടെ റിലീസാകുന്ന സിനിമകളെ മുഴുവന്‍ അവിടുത്തെ പ്രേക്ഷകർ സപ്പോര്‍ട്ട് ചെയ്യുന്നു. അവിടെ ഒരു സിനിമ മോശമാകാന്‍ സിനിമ ഇഷ്ടപ്പെടുന്ന ആളുകള്‍ സംസാരിക്കില്ല"

author-image
Entertainment Desk
New Update
mohanlal, mohanlal marakkar, mohanlal aarattu

മലയാള സിനിമകൾക്ക് എതിരെ നടക്കുന്ന ഹേറ്റ് ക്യാംപയിനെ കുറിച്ച് മോഹൻലാൽ നടത്തിയ പരാമർശം ശ്രദ്ധ നേടുന്നു. ഒരു സിനിമയെ വിലയിരുത്തുമ്പോള്‍ അതിനെക്കുറിച്ച് എന്തെങ്കിലും ധാരണവേണമെന്നും തെലുങ്ക് ഇന്‍റസ്ട്രിയില്‍ അവിടെ റിലീസാവുന്ന സിനിമയെ കുറിച്ച് ആരും മോശം പറയാറില്ലെന്നും മോഹൻലാൽ പറഞ്ഞു. ആറാട്ടിന്റെ റിലീസിനോട് അനുബന്ധിച്ച് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാലിന്റെ പരാമർശം.

Advertisment

"ഒരു തരത്തിലും സിനിമയുമായി ബന്ധമില്ലാത്തവരാണ് സിനിമയെ കുറിച്ച് പറയുന്നത്. ഒരാള് അതിന്റെ എഡിറ്റിങ് ശരിയല്ല എന്നു പറഞ്ഞുകഴിഞ്ഞാല്‍ അയാള്‍ക്ക് എഡിറ്റിങ്ങിനെ കുറിച്ച് എന്തെങ്കിലും അറിയണ്ടേ? വിമര്‍ശിക്കുന്നവര്‍ക്ക് അതിനെ കുറിച്ച് എന്തെങ്കിലും ഒരു ധാരണ വേണം. ഇതിന്റെ പിന്നിലുള്ള പ്രയത്നത്തെ കുറിച്ച് മനസിലാക്കണം. ഇത് വലിയൊരു വ്യവസായമാണ്. ഒരുപാട് കുടുംബങ്ങളുള്ള വ്യവസായമാണ്. ഒരു സിനിമ മോശമാകുക എന്നുള്ളതല്ലല്ലോ. കോവിഡ് സമയത്തൊക്കെ ഞാന്‍ ഹൈദരബാദില്‍ ആയിരുന്നു. ബ്രോ ഡാഡിയുടെ ഷൂട്ടിങ്ങിന്. അവിടെ റിലീസാകുന്ന സിനിമകളെ മുഴുവന്‍ അവിടെയുള്ള സിനിമാക്കാരും പ്രേക്ഷകരും സപ്പോര്‍ട്ട് ചെയ്യുന്നു. അവിടെ ഒരു സിനിമ മോശമാകാന്‍ സിനിമ ഇഷ്ടപ്പെടുന്ന ആളുകള്‍ സംസാരിക്കില്ല. ആവശ്യമില്ലാത്ത ഒരു കാര്യവും അവര്‍ സിനിമയെ കുറിച്ച് എഴുതില്ല. സിനിമയെ നന്നായിയേ എഴുതുകയുള്ളൂ. ഇവിടെ അങ്ങനെ ഉണ്ടോ എന്ന്...അതിനെ കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല," മോഹൻലാൽ പറയുന്നു.

അതേസമയം മോഹൻലാലിന്റെ പരാമർശം സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാക്കുന്നത്. മോശം കണ്ടാൽ മോശമെന്ന് പറയേണ്ട എന്നാണോ എന്നാണ് സോഷ്യൽ മീഡിയയിൽ ഒരുവിഭാഗം ആളുകൾ ചോദിക്കുന്നത്.

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന 'ആറാട്ട്' നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് ആറാട്ടിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്.

Advertisment

ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഉദയകൃഷ്ണയാണ്. ശ്രദ്ധ ശ്രീനാഥാണ് നായിക. നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: