‘രാജാവിന്റെ മകൻ’ എന്ന ചിത്രം മലയാളസിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു. മോഹൻലാലിന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ‘രാജാവിന്റെ മകൻ’ തമ്പി കണ്ണന്താനത്തിന്റെ കരിയറിലും ബ്രേക്ക് നൽകിയ ചിത്രങ്ങളിലൊന്നാണ്. അധോലോക രാജകുമാരനായ ‘വിൻസെന്റ് ഗോമെസ്’ എന്ന കഥാപാത്രത്തെ തനിക്കു സമ്മാനിച്ച തമ്പി കണ്ണന്താനത്തെ അനുസ്മരിക്കുകയാണ് നടൻ മോഹൻലാൽ.

“എന്റെ അഭിനയജീവിതത്തിലെ ഏറ്റവും നിർണായകമായ സിനിമകളിലൊന്നായിരുന്നു രാജാവിന്റെ മകൻ. അദ്ദേഹത്തിനൊപ്പം നിരവധി നല്ല സിനിമകളിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു. മദ്രാസിലെ മകനിൽ അഭിനയിക്കുമ്പോൾ മുതൽ അദ്ദേഹത്തെ പരിചയമുണ്ട്. ഏറെ നാളായി അദ്ദേഹം അസുഖബാധിതനായി ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിൽ വളരെയധികം സങ്കടമുണ്ട്,” മോഹൻലാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കുളു മണാലിയിലെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് മോഹൻലാൽ ഇപ്പോൾ.

“എന്റെ അഭിനയജീവിതത്തിൽ മാത്രമല്ല, പ്രണവിന്റെ അഭിനയജീവിതത്തിലും അദ്ദേഹത്തിന് പ്രധാന റോളുണ്ട്. പ്രണവ് ആദ്യമായി അഭിനയിച്ചത് അദ്ദേഹത്തിന്റെ ഒന്നാമൻ എന്ന ചിത്രത്തിലായിരുന്നു. ‘രാജാവിന്റെ മകൻ’ വീണ്ടുമൊരിക്കൽ കൂടി പുനർസൃഷ്ടിക്കണമെന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ടായിരുന്നു, ചർച്ചകളും നടത്തിയിരുന്നു. പലകാരണങ്ങൾ കൊണ്ട് അതു നടന്നില്ല,” മോഹൻലാൽ കൂട്ടിച്ചേർത്തു.

മോഹൻലാലിന്റെ ഹിറ്റ് സിനിമകളായ ‘മാന്ത്രികം’, ‘നാടോടി’ തുടങ്ങി നിരവധി ചിത്രങ്ങളുടെ സംവിധായകനായിരുന്നു തമ്പി കണ്ണന്താനം. 2001 ൽ പുറത്തിറങ്ങിയ’ഒന്നാമൻ’ എന്ന ചിത്രമാണ് ഇരുവരും ഒന്നിച്ച് ചെയ്ത അവസാന ചിത്രം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook