Mohanlal Barroz film: നടൻ, ഗായകൻ തുടങ്ങിയ മേൽവിലാസങ്ങൾക്ക് അപ്പുറം സംവിധായകന്റെ കുപ്പായം കൂടി അണിയുകയാണ് മലയാളത്തിന്റെ സ്വന്തം സൂപ്പർ സ്റ്റാർ മോഹൻലാൽ. ‘ബറോസ്സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ മോഹൻലാൽ സംവിധായകനാവുന്നു എന്ന വാർത്ത സന്തോഷത്തോടെയാണ് പ്രേക്ഷകരും സിനിമാലോകവും വരവേറ്റത്. ഇപ്പോഴിതാ, തന്റെ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരം.
തന്റെ ആദ്യ ചിത്രത്തിൽ സ്പാനിഷ് അഭിനേതാക്കളുമുണ്ടാകുമെന്ന വിശേഷമാണ് മോഹൻലാൽ ആരാധകരുമായി പങ്കുവയ്ക്കുന്നത്. സ്പാനിഷ് അഭിനേത്രി പാസ് വേഗ, നടൻ റാഫേല്‍ അമര്‍ഗോ എന്നിവരും ‘ബറോസ്സി’ൽ പ്രധാന കഥാപാത്രങ്ങളായി എത്തും. വാസ്‌കോ ഡ ഗാമയുടെ റോളിൽ റഫേല്‍ അമര്‍ഗോ എത്തുമ്പോൾ ഗാമയുടെ ഭാര്യാവേഷമാണ് പാസ് വേഗയ്ക്ക്. ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ് മോഹൻലാൽ താരങ്ങളെ പരിചയപ്പെടുത്തുന്നത്.
ചിത്രത്തിൽ ബറോസ്സായി എത്തുന്നത് മോഹന്‍ലാൽ തന്നെയാണ്. ബറോസ്- ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍ എന്നാണ് സിനിമയുടെ ടാഗ് ലൈൻ. ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമെത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്‌നങ്ങളുടെയും സുവര്‍ണനിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്.
കുട്ടികൾക്കു വേണ്ടിയുള്ള ഫാന്റസി ചിത്രമാണ് ബറോസ്സ് എന്നും മോഹൻലാൽ വീഡിയോയിൽ പപറയുന്നു. ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രമായ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ’ സംവിധായകന്‍ ജിജോയുടെ കഥയില്‍ നിന്നുമാണ് ‘ബറോസ്സി’ലേക്ക് എത്തിയതെന്ന് മുൻപു തന്നെ മോഹൻലാൽ വ്യക്തമാക്കിയിരുന്നു. നവോദയയുമൊത്താണ് ചിത്രം നിർമ്മിക്കുന്നത്. ജിജോ പുന്നൂസ് ആണ് കഥയും തിരക്കഥയും ഒരുക്കുന്നത്. കെ.യു മോഹനനനാണ് സിനിമയുടെ ഛായാഗ്രാഹകന്‍. ഗോവ, പോര്‍ച്ചുഗല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരണം. ത്രി ഡി ചിത്രമായി ഒരുങ്ങുന്ന ‘ബറോസി’ന്റെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും.
Read more: മോഹൻലാൽ ചിത്രം ‘ബറോസ്സി’നൊപ്പം വാർത്തകളിൽ നിറയുന്ന ജിജോ പുന്നൂസ്