പുതിയ ചിത്രമായ റാമിന്റെ ചിത്രീകരണത്തിനായി മോഹൻലാലും ജീത്തു ജോസഫും മൊറോക്കോയിലേക്ക്. സംവിധായകൻ ജീത്തു ജോസഫാണ് ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ഒരു ഗ്ലോബ് ട്രോട്ടിംഗ് ഏജന്റിന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
2020-ൽ കോവിഡ് മഹാമാരിയുടെ വരവോടെ ഷൂട്ടിംഗ് നിർത്തിവച്ച ചിത്രമാണ് റാം. ലോകമെമ്പാടുമുള്ള ഒന്നിലധികം ലൊക്കേഷനുകളിൽ ചിത്രീകരിക്കുന്ന ചിത്രമാണ് റാം. കോവിഡ് പശ്ചാത്തലത്തിൽ വിദേശ യാത്രകൾക്ക് നിയന്ത്രണം വന്നതും റാം നീണ്ടുപോവാൻ കാരണമായി. രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം ഈ വർഷം ആദ്യമാണ് റാമിന്റെ ചിത്രീകരണം പുനരാരംഭിച്ചത്. കേരളം, ഇംഗ്ലണ്ട്, ടുണീഷ്യ, മൊറോക്കോ എന്നിവയാണ് റാമിന്റെ പ്രധാന ലൊക്കേഷനുകൾ.
തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജൂഡിന് (2018) ശേഷം തൃഷ മലയാളത്തിൽ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. മൊറോക്കോ ഷെഡ്യൂളിൽ തൃഷയുമുണ്ടോ എന്നു വ്യക്തമല്ല. ഇന്ദ്രജിത്ത് സുകുമാരൻ, ആദിൽ ഹുസൈൻ, ദുർഗ കൃഷ്ണൻ, സായ്കുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. അടുത്ത വർഷം ആദ്യം ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.
സംവിധായകൻ വൈശാഖ് ഒരുക്കിയ ‘മോൺസ്റ്റർ’ ആണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ മോഹൻലാൽ ചിത്രം. സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത്. സംവിധായകൻ ഷാജി കൈലാസിന്റെ ‘എലോൺ’ ആണ് റിലീസിനൊരുങ്ങുന്ന മറ്റൊരു മോഹൻലാൽ ചിത്രം. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ചിത്രീകരണവും ഉടൻ ആരംഭിക്കും.