ആരാണ് ഒടിയൻ? മോഹൻലാൽ ചിത്രം ‘ഒടിയനു’ വേണ്ടിയുള്ള പ്രേക്ഷകരുടെ കാത്തിരിപ്പും ഏറെനാളായി സിനിമാലോകത്ത് ആ പേരുണ്ടാക്കുന്ന പ്രകമ്പനവുമെല്ലാം കാണുമ്പോൾ ഒടിയനെന്ന പേര് കേട്ടിട്ടില്ലാത്തവർക്ക് പോലും അതാരാണെന്ന് അറിയാനുള്ള കൗതുകം തോന്നുക സ്വഭാവികമാണ്.
Read More: ബോക്സോഫീസ് കാത്തിരിക്കുന്ന ‘ഒടിയന്’ മാജിക്ക്
കുട്ടിക്കാലത്ത് മുത്തശ്ശിക്കഥകളിൽ നിന്നാണ് ‘ഒടിയൻ’ എന്ന വാക്ക് ആദ്യം കേൾക്കുന്നത്. നാട്ടിൻപ്പുറങ്ങളിലെ കഥകളിൽ നിന്ന് രാത്രിയുടെ അവകാശിയായ നായയും പൂച്ചയും മനുഷ്യനുമൊക്കെയായി മാറുന്ന ഒടിയനെ കുറിച്ച്, രാത്രിയുടെ നിഴലിൽ കൊള്ളിമിന്നൽ പോലെ കണ്ടെന്നു തോന്നിപ്പിച്ച് അപ്രത്യക്ഷമാവുന്ന നിഗൂഢ സാന്നിധ്യങ്ങളെ കുറിച്ചുള്ള കഥകൾ കുട്ടിക്കാലത്ത് ആകാംക്ഷയേക്കാൾ ഭയമായിരുന്നു സമ്മാനിച്ചിരുന്നത്. ഇരുട്ടിലേക്ക് ഇറങ്ങാൻ ഭയപ്പെടുത്തുന്ന പേടിയുടെ പേരു കൂടിയായിരുന്നു ഒടിയനും മറുതയുമെല്ലാം. ഒടിവിദ്യകളറിയുന്ന ഒടിയനുമായി ബന്ധമുണ്ടെന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു വീട് ആദ്യമായി കണ്ടപ്പോൾ കുട്ടിക്കാലത്ത് ഉള്ളിൽ തോന്നിയ സംഭ്രമം ഇപ്പോഴും ഓർക്കുന്നു.
അലഞ്ഞു തിരിഞ്ഞു നടക്കുന്ന, എവിടെ നിന്നു വന്നുവെന്നോ എവിടേക്കു പോകുന്നുവെന്നോ മനസ്സിലാക്കാനാവാത്ത രീതിയിൽ ഭീതി പടർത്തുന്ന ആൾരൂപം പോലെ മുന്നിലൂടെ കടന്നു പോകുന്ന ഒടിയൻമാരെ നമ്മുടെ നാടോടിക്കഥകളും മുത്തശ്ശിക്കഥകളും നിരവധി തവണ അടയാളപ്പെടുത്തിപ്പോയിട്ടുണ്ട്. കേരളത്തിന്റെ തെക്കൻ ജില്ലകൾക്ക് അത്ര പരിചിതമല്ലാത്ത ഒടിയൻ എന്ന സങ്കൽപ്പം പ്രധാനമായും പാലക്കാട്, തൃശ്ശൂർ, മലപ്പുറം എന്നീ പ്രദേശങ്ങളിലാണ് കൂടുതൽ പറഞ്ഞു കേട്ടു വരുന്നത്.
“ഒടിയൻ ഒരു മിത്തല്ല, പഴയ മലബാറിൽ ഒടിയൻമാരുണ്ടായിരുന്നു. ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ടവരായിരുന്നു അവർ. അക്കാലത്തെ കൊട്ടേഷൻ സംഘം എന്നൊക്കെ ഒടിയന്മാരെ വിശേഷിക്കാം. ശത്രുവിനെ ഭയപ്പെടുത്തി തുരത്താൻ ഒടിയന്മാരെ പണം നൽകി ഏർപ്പാടാക്കുന്നവരുണ്ടായിരുന്നു. പ്രതിയോഗിയെ കൊല്ലണം എന്നതിനേക്കാൾ, ഭയപ്പെടുത്തുക എന്നാണ് പലപ്പോഴും ഒടിയന്മാരുടെ ലക്ഷ്യം. എതിരാളി വരുമ്പോൾ ചാടി വീഴാനായി രാത്രിയിൽ പാടവരമ്പിൽ കരിമ്പടം പുതച്ചു ഒടിയന്മാർ കാത്തു നിൽക്കും. ഒടിയന്മാരുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന പലതരം കഥകളുണ്ട്. അവർക്ക് പോത്തായും കാളയായുമൊക്കെ രൂപം മാറാൻ കഴിയും എന്നാണ് പറയപ്പെടുന്നത്. ഒടിയന്മാർ മൃഗരൂപം സ്വീകരിക്കുമ്പോൾ പലപ്പോഴും അവയ്ക്ക് ഒരു അവയവത്തിന്റെ കുറവുണ്ടാവും, ചിലപ്പോൾ വാലുണ്ടാകില്ല അല്ലെങ്കിൽ കൊമ്പു കാണില്ല,” ഒടിയനെ കുറിച്ച് ‘ഒടിയന്’ സിനിമയുടെ തിരക്കഥാകൃത്തും മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാര ജേതാവും മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ. ഹരികൃഷ്ണൻ പറയുന്നതിങ്ങനെ.
പാലക്കാട്ടെ എന്റെ ഗ്രാമത്തിൽ, കുട്ടിക്കാലത്ത് മുത്തശ്ശി പറഞ്ഞു തന്ന ഒടിയന്മാരുടെ കഥകൾ കേട്ടാണ് താൻ വളർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
“പാലക്കാട് ആയിരുന്നു ഏറ്റവും അധികം ഒടിയൻമാരുണ്ടായിരുന്നത്. പാലക്കാടൻ ഗ്രാമങ്ങളിൽ പലതിലും അറിപ്പെടുന്ന ഒടിയന്മാരുണ്ടായിരുന്നു. അവർ തമിഴ് നാട്ടിലൊക്കെ പോയി ഒടി വെയ്ക്കുകയും തിരികെ വരികയും ചെയ്തിരുന്നു. ഏറെ ഫാന്റസിയുള്ള ഈ കഥയല്ല പക്ഷേ ഞാൻ സിനിമയിൽ ഉപയോഗിച്ചത്. തലമുറകൾ കൈമാറിയ ഒടിയന്റെ പിന്നിലുള്ള കഥയുടെ അത്തരത്തിലുള്ള ലെയറുകളെല്ലാം എടുത്തു മാറ്റി കുറച്ചു കൂടി യാഥാർഥ്യ ബോധത്തോടെ ഒരു ഒടിയനെ സൃഷ്ടിക്കാനാണ് സിനിമ ശ്രമിക്കുന്നത്. തേൻകുറിശ്ശി എന്ന പാലക്കാടൻ ഗ്രാമത്തിൽ 50 വർഷം നടക്കുന്ന സംഭവങ്ങളുടെ രൂപത്തിലാണ് ‘ഒടിയ’നിൽ കഥയുടെ ദൃശ്യാവിഷ്കാരം.”

” ഇരുട്ടായിരുന്നു ഒടിയൻമാരുടെ ആയുധം. എന്നാൽ കാലം പോകെ വൈദ്യുതി വില്ലൻ ആയെത്തുന്നതോടെ ഒടിയന്റെ സാധ്യതകൾ ഇല്ലാതാവുകയാണ്. പാലക്കാട്ടെ ഒരു തമിഴ്നാട് അതിർത്തി ഗ്രാമത്തിൽ പൂണ്ടു വിളയാടിയിരുന്ന ഒരു ഒടിയന് 50 വർഷങ്ങൾക്കു ശേഷം എന്തു സംഭവിക്കും എന്ന ചോദ്യമാണ് ഈ സിനിമ. പ്രത്യേകിച്ചും അയാൾ ദേശാന്തരങ്ങളിൽ അറിയപ്പെട്ട ഒരു ഒടിയൻ ആകുമ്പോൾ. മാണിക്യന് ശേഷം മറ്റൊരു ഒടിയൻ ഭൂമിയിൽ ഉണ്ടായിട്ടില്ല. അതു കൊണ്ട് തന്നെ ഭൂമിയിലെ അവസാനത്തെ ഒടിയന്റെ കഥ ആണിത്,” അദ്ദേഹം വ്യക്തമാക്കി.
ഇരുട്ടിന്റെ മറവിൽ, നിഗൂഢതകളുടെ ആൾരൂപങ്ങളെ പോലെ നിൽക്കുന്ന ഒടിവിദ്യക്കാരായ ഒടിയൻമാരുടെ അധികമാരും കേട്ടിട്ടില്ലാത്ത കഥകളിലേക്ക് കൂടിയാണ് ‘ഒടിയൻ’ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്ത് പ്രേക്ഷകരെ ക്ഷണിക്കുന്നത്. ‘ഒടിയൻ’ എന്ന നിഗൂഢതയെ കുറിച്ച് കൂടുതൽ അടുത്തറിയാം എന്നുള്ള ആകാംക്ഷ കൂടിയാണ് സിനിമയ്ക്കായുള്ള കാത്തിരിപ്പിന് ഊർജ്ജം സമ്മാനിക്കുന്നത്.