മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി വി.എ.ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘ഒടിയന്‍’. തേങ്കുറിശ്ശി എന്ന ഗ്രാമത്തിലെ ഒടി വിദ്യകള്‍ പഠിച്ച മാണിക്യന്‍ എന്ന വേഷമാണ് മോഹന്‍ലാല്‍ ചെയ്യുന്നത്. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തതിന് പിന്നാലെ ട്രെയിലര്‍ റിലീസിനെക്കുറിച്ച് അക്ഷമരാകുകയാണ് ലാല്‍ ആരാധകര്‍.

“ന്റെ ലാലേട്ടാ ഇങ്ങനെ കൊതിപ്പിക്കാതെ ആ ട്രെയിലർ ഇങ് പുറത്തുവിട്ടൂടെ”, “ക്ഷമിക്കുന്നതിനു ഒരു അതിരില്ലേ”, “മരണ ഇടിവെട്ട് വെയ്റ്റിങ്”.. ഇങ്ങനെ പോകുന്നു പോസ്റ്ററിനോടുള്ള പ്രതികരണങ്ങള്‍.

‘ഒടിയന്‍’ ഒക്ടോബര്‍ 11ന് തിയേറ്ററുകളില്‍ എത്തുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. മഴയും പ്രളയം അപ്രതീക്ഷിതമായെത്തിയ സാഹചര്യത്തില്‍ ചിത്രത്തിന്റെ റിലീസിനെക്കുറിച്ച് പുതിയ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ‘ഒടിയ’ന്റെ ട്രെയിലര്‍ ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

Read More: മോഹന്‍ലാലിന്‍റെ ‘ഒടിയന്‍’-‘ലൂസിഫര്‍’ വിശേഷങ്ങള്‍

ആരാധകരുടെ ആവേശം വാനോളം ഉയര്‍ത്തിയാണ് ‘ഒടിയന്‍’ റിലീസിന് തയ്യാറെടുക്കുന്നത്. റിലീസിന് മൂന്ന് മാസം മുന്‍പ് തന്നെ മുക്കം പീ സീ ടാക്കീസ് എന്ന തിയേറ്ററില്‍ ‘ഒടിയന്‍’ പൂര്‍ണ്ണമായും ബുക്ക്‌ ചെയ്യപ്പെട്ടു കഴിഞ്ഞു എന്നും സോഷ്യല്‍ മീഡിയ സിനിമാ വൃത്തങ്ങള്‍ അവകാശപ്പെടുന്നു.

Will Mammootty release Mohanlal's Odiyan Trailer 3

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘പുലിമുരുകന്‍’ എന്ന ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ചിത്രത്തിന്റെ ക്യാമറ ചെയ്യുന്നത്. എം.ജയചന്ദ്രനാണ് സംഗീത സംവിധായകന്‍. റഫീഖ് അഹമ്മദിന്റേതാണ് ഗാനരചന.   ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്.

Mohanlal Odiyan new poster

മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ച സിനിമകളെ പിന്നിലാക്കി, ഏറ്റവുമധികം ബജറ്റില്‍ നിര്‍മ്മിക്കപ്പെടുന്ന സിനിമ ‘ഒടിയ’നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാലിന്റെ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്. പ്രകാശ് രാജ്, നരേന്‍, സിദ്ദിഖ്, ഇന്നസെന്റ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

Read More: ഇരുട്ടിന്റെ മറനീക്കി ഒടിയന്‍ അവതരിച്ചു; ടീസര്‍ പുറത്ത്

പാലക്കാട്, തസറാക്ക്, ഉദുമല്‍പേട്ട്, പൊള്ളാച്ചി, ബനാറസ്, ഹൈദരാബാദ് എന്നിവിടങ്ങളാണ് ‘ഒടിയന്റെ’ പ്രധാന ലൊക്കേഷനുകള്‍. ഒരു നാടോടിക്കഥയുടെ സ്വപ്നഭംഗിയോടെ മിത്തും പ്രണയവും പ്രതികാരവും ഇഴചേരുന്ന ‘ഒടിയന്‍’ ഒരു പാലക്കാടന്‍ ഗ്രാമത്തിന്റെ അരനൂറ്റാണ്ടു കാലത്തെ കഥയാണ് പറയുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം എന്ന പെരുമയും കൊണ്ട് ഉരുവാകുന്ന ‘ഒടിയ’ന്‍ മോഹന്‍ലാല്‍ ആരാധകര്‍ക്ക് അഭിമാനത്തിന് വക നല്‍കും എന്നതില്‍ സംശയമില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook