Mohanlal Odiyan Movie Release: ബാക്കി വെച്ച പ്രതികാരത്തിന്റെ കണക്കു തീർക്കാൻ ‘ഒടിയൻ’ മാണിക്യൻ തേങ്കുറിശിയിലേക്ക് തിരിച്ചെത്തുന്ന കാഴ്ചകൾക്ക് സാക്ഷിയാവാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലാല്‍ ആരാധകർ ഉള്‍പെടുന്ന മലയാള സിനിമാ പ്രേമികള്‍. ചിത്രം റിലീസ് ചെയ്യാൻ ഇനിയും മൂന്നു നാൾ ബാക്കിയിരിക്കെത്തന്നെ ബോക്സ്ഓഫീസ് ഇളകി മറിയാന്‍ പോകുന്നതിന്റെ സൂചനകളാണ് വരുന്നത്. സിനിമ ചെയ്യുന്ന ഡിസംബര്‍ 14 തുടങ്ങി അടുത്ത മൂന്നു നാല് ദിവസങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ കിട്ടാതെയാവുന്ന അവസ്ഥയാണ് ഇപ്പോള്‍ തന്നെ.
മോഹൻലാലിന്റെ ‘ഒടിയൻ’ അവതാരം കാണാൻ മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യുന്നവരുടെ തിരക്കാണ് ‘ബുക്ക് മൈ ഷോ’ പോലുള്ള ആപ്പുകളിലെയും തിയേറ്ററുകളുടെ ബുക്കിംഗ് സൈറ്റുകളിലെയുമെല്ലാം കാഴ്ച. ശേഷിക്കുന്ന ടിക്കറ്റുകളും ദ്രുതവേഗത്തിൽ വിറ്റൊഴിഞ്ഞു പോയി കൊണ്ടിരിക്കുകയാണ്.
Record Alert !
First time in the history of Kottayam Town, a
Theater’s full seats sold out in online booking.#Odiyan Kottayam Anand Second Show Tickets full sold out in just 65 hours. 5 days before the release
Abhilash 4 Shws sold out
Anaswara 1 shw sold outMassive bookingpic.twitter.com/PY2v7k35Uf
— Kottayam Theaters (@KottayamTheatrs) December 10, 2018
കേരളത്തിലെ പ്രധാന നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെല്ലാം തന്നെ അതിരാവിലെ 5 മുതല്‍ തന്നെ ‘ഒടിയന്റെ’ ഷോകള്‍ ആരംഭിക്കും. മള്‍ട്ടിപ്ലെക്സ് തിയേറ്ററുകള്‍ ചിലതില്‍ ഒരു ദിവസം തന്നെ ഇരുപതു ഷോകള്‍ വരെയുണ്ട്.
“ഇവിടെ ആദ്യ ദിവസത്തെ ടിക്കറ്റുകളെല്ലാം തന്നെ ‘സോൾഡ് ഔട്ട്’ ആണ്. 15,16 ദിവസങ്ങളിലെ ടിക്കറ്റുകളും നല്ലൊരു ശതമാനവും ഇതിനകം തന്നെ വിറ്റു പോയിരിക്കുന്നു. വനിതയിൽ ഡിസംബർ 14 ന് രാവിലെ 6 മണിയ്ക്കാണ് ആദ്യ ഷോ ആരംഭിക്കുന്നത്. അന്ന് ‘ഒടിയന്റെ’ 12 ഷോകളാണ് ഉള്ളത്. എല്ലാം ഹൗസ്ഫുളായി കഴിഞ്ഞു,” എറണാകുളം വനിത- വീനീത തിയേറ്റർ പ്രതിനിധിയായ ഷൈൻ പറയുന്നു.
മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ഓപ്പണിംഗ് ആണ് ‘ഒടിയന്’ പ്രതീക്ഷിക്കുന്നത്. മലയാളം കൂടാതെ തെലുങ്കാന, ആന്ധ്ര, തമിഴ് നാട് എന്നിവിടങ്ങള്‍ ഉള്‍പ്പടെ രാജ്യത്തെ എല്ലാ നഗരങ്ങളില്‍ ‘ഒടിയന്’ റിലീസ് ഉണ്ടാകും എന്ന് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേളയില്‍ സംവിധായകന് ശ്രീകുമാര്‍ മേനോന് വെളിപ്പെടുത്തി. തെലുങ്കാന-ആന്ധ്രയില്‍ 278 സ്ക്രീന്‍, തമിഴ്നാട്ടില്‍ 200 സ്ക്രീന്‍ എന്നിവ ലക്ഷ്യമിടുന്ന ചിത്രം ഇന്ത്യ കൂടാതെ 35 രാജ്യങ്ങളിലായി 3000 മുതല്‍ 4000 വരെ സ്ക്രീനുകളില്‍ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.
Read More: ഒടിവിദ്യകളുമായി ‘ഒടിയന്’ മാണിക്യന് ഉക്രെയിനിലേയ്ക്കും
Mohanlal Odiyan Movie Release: റിലീസിന് മൂന്നു ദിവസം മുന്‍പ് തന്നെ ‘ഒടിയന്’ നൂറു കോടി രൂപയുടെ പ്രീറിലീസ് ബിസിനസ് നേടിയതായി സംവിധായകന് ശ്രീകുമാര്‍ മേനോന് അറിയിച്ചു. പ്രീബുക്കിംഗ് സെയില്‍ ചേര്‍ന്ന കണക്കാണ് നൂറു കോടി കടന്ന തുക എന്ന് ശ്രീകുമാര്‍ മേനോന് ട്വിറ്റെറില്‍ വെളിപ്പെടുത്തി. തെന്നിന്ത്യന്‍ സിനിമയില്‍ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘ഒടിയന്’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Happy to share the news that Odiyan has crossed 100 cr business mark yesterday evening 3 days b4 releaSe. This is the rights and prebooking sale combined figure. 3rd film in south and 11th in Indian cinema history #odiyanrisng @Mohanlal @themanjuwarrier pic.twitter.com/TJEf8mcrl7
— shrikumar menon (@VA_Shrikumar) December 11, 2018
മലയാള സിനിമയ്ക്ക് വലിയ ഹിറ്റുകളൊന്നും എടുത്തു പറയാനില്ലാത്ത ഒരു വർഷം കൂടിയായിരുന്നു 2018. പ്രളയത്തെ തുടർന്ന് ഓണ വിപണിയും വലിയ നേട്ടങ്ങളൊന്നും കൈവരിക്കാതെ പോയത് ഇൻഡസ്ട്രിയ്ക്ക് ഏറെ തിരിച്ചടികൾ ഉണ്ടാക്കിയിരുന്നു. അതു കൊണ്ടു തന്നെയാണ്, മലയാള സിനിമയുടെ ഈ മാന്ദ്യകാലത്ത് മോഹൻലാൽ എന്ന താരപ്രഭാവം ‘ഒടിയനി’ലൂടെ വിസ്മയങ്ങൾ സമ്മാനിക്കുമെന്ന പ്രതീക്ഷകളേറുന്നത്. ബോക്സ് ഓഫീസിൽ ലാൽ സിനിമകൾ ഉണ്ടാക്കുന്ന മാജിക്കിന്റെ പുനരാവർത്തനം കാണാൻ കൂടിയാണ് ഈ കാത്തിരിപ്പ് എന്നിരിക്കെത്തന്നെ, ‘ഒടിയനു’ വേണ്ടി കാത്തിരിക്കുന്നത് ലാല്‍ ആരാധകർ മാത്രമല്ല എന്ന് പറയേണ്ടി വരും. വിപണിയ്ക്ക് ഒരു ഉണര്‍വ്വ് പ്രതീക്ഷിച്ചു കൊണ്ട് സിനിമാ പ്രവർത്തകരും തിയേറ്റര്‍ ഉടമകളും ഉറ്റു നോക്കുന്നതും ‘ഒടിയനെ’ത്തന്നെ.
Read More: രാത്രിയിൽ പാടവരമ്പിൽ കരിമ്പടം പുതച്ചു നില്ക്കുന്നവര്
വർഷാന്ത്യം ഒരു അവധിക്കാല മൂഡിലേക്ക് പോവുമ്പോൾ കുട്ടികൾക്കും കുടുംബത്തിനുമൊപ്പം കാണാൻ സാധിക്കുന്ന ഒരു സിനിമ തിരയുന്ന പ്രേക്ഷകർക്കും ‘ഒടിയൻ’ പ്രതീക്ഷ നൽകുന്നുണ്ട്. മോഹൻലാൽ ആരാധകർക്കൊപ്പം തന്നെ കുടുംബപ്രേക്ഷകരെയും കുട്ടികളെയുമെല്ലാം ഒരു പോലെ രസിപ്പിക്കുന്ന ട്രീറ്റ്മെന്റിലാണ് അണിയറക്കാർ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ഇത് വരെയുള്ള കാഴ്ചകളില്‍ നിന്നും മനസ്സിലാവുന്നത്. മിത്തുകളും ഐതിഹ്യസംബന്ധിയായ കഥകളുമൊക്കെ ഇഷ്ടപ്പെടുന്ന കുട്ടിപ്രേക്ഷകർക്ക് മുന്നിലേക്ക് കൂടിയാണ് ക്രിസ്മസ് വിപണി മുന്നിൽ കണ്ട് ഒടിയനെത്തുന്നത്. അതിന്റെ ഫലം കൂടിയാവാം ഈ തള്ളികയറ്റം എന്ന് തിയേറ്റര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വയനാട് സ്വദേശി ജൈസ്വിന് ജെയിന് അഭിപ്രായപ്പെടുന്നു.
“എറണാകുളത്തു മാത്രമല്ല കേരളത്തിലെ പ്രധാന ജില്ലകളിലെ തിയേറ്ററുകളിലെല്ലാം തന്നെ പ്രീബുക്കിംഗിന് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വയനാട്ടിലും സിനിമയ്ക്ക് നല്ല പ്രതികരണങ്ങൾ ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്”, ജൈസ്വിന് പറയുന്നു.
ആദ്യദിവസം എത്ര ഷോകൾ ഉണ്ടെന്ന കണക്കുകൾ ‘ഒടിയൻ’ ടീം ഇതുവരെ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. പുലർച്ചെ 4:30 യ്ക്കാണ് ചിത്രത്തിന്റെ ഫസ്റ്റ് ഷോ എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം. തിരുവനന്തപുരം കളിക്കാവിള ശ്രീ കലേശ്വരി ശ്രീ സരസ്വതി തിയേറ്ററിൽ 4:30 യുടെ ഫസ്റ്റ് ഷോ ടിക്കറ്റുകൾ മുക്കാലും വിറ്റു പോയിരിക്കുന്നു. കോട്ടയത്തും ‘ഒടിയന്റെ’ ആദ്യഷോ 4:30 ക്ക് ആരംഭിക്കുമെന്നാണ് തിയേറ്റർ റിപ്പോർട്ടുകൾ.
Mohanlal Odiyan Movie Release: എറണാകുളം ലുലു മാളിലെ പിവിആർ തിയേറ്ററിലും ‘ഒടിയന്റെ’ പ്രീ ബുക്കിംഗ് ഹൗസ്ഫുളായി കഴിഞ്ഞു. പിവിആറിൽ ഡിസംബർ 14-ാം തിയ്യതി ഏഴുമണിയ്ക്കാണ് ആദ്യ ഷോ. ഒടിയന്റെ 11ഷോകളാണ് ആദ്യ ദിവസം പിവിആറിൽ ഉള്ളത്.
“ഞങ്ങളിപ്പോൾ 14 ലേക്കുള്ള ബുക്കിംഗ് മാത്രമേ ഓപ്പൺ ചെയ്തിട്ടുള്ളൂ. ടിക്കറ്റുകളെല്ലാം വിറ്റു പോയി, ഹൗസ്ഫുളാണ്. ശനി, ഞായർ ദിവസങ്ങളിലേക്കുള്ള ബുക്കിംഗ് നാളെയോടെ ഓപ്പൺ ചെയ്യും. ആ ദിവസങ്ങളിലും നല്ല തിരക്കുണ്ടാകാനാണ് സാധ്യത,” ലുലു പിവിആർ തിയേറ്റർ പ്രതിനിധി ജിജോ വെളിപ്പെടുത്തി.
മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ ‘മോസ്റ്റ് ഹൈപ്പ്ഡ്’ കഥാപാത്രങ്ങളിലൊന്നാണ് ‘ഒടിയ’നിലെ മാണിക്യൻ. സിനിമയ്ക്കു വേണ്ടി ശരീരഭാരം നല്ല രീതിയിൽ കുറച്ച് മോഹൻലാൽ നടത്തിയ മുന്നൊരുക്കങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ‘ഒടിയൻ’ മാണിക്യൻ എന്ന കഥാപാത്രത്തിന്റെ യൗവ്വനവും വാർദ്ധക്യവും ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.
ഒടിയൻ മാണിക്യന്റെ പ്രിയപ്പെട്ടവൾ പ്രഭയായി എത്തുന്നത് ലേഡീ സൂപ്പർസ്റ്റാർ മഞ്ജു വാര്യരാണ്. പ്രകാശ് രാജ്, ഇന്നസെന്റ്, നെടുമുടി വേണു, കെ.പി.എസി.ലളിത, നരെയ്ൻ, സിദ്ദിഖ്, കൈലാഷ്, സന അല്‍ത്താഫ്, മനോജ് ജോഷി, നന്ദു, ശ്രീജയ നായർ തുടങ്ങി വന്താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Read More: മേക്കിങ് ഓഫ് എ ഹീറോ: മോഹന്‍ലാലിന്റെ ‘ഒടിയന്’ ലൊക്കേഷന്‍ ചിത്രങ്ങള്‍
പരസ്യ രംഗത്തെ അതികായനായ വിഎ ശ്രീകുമാരന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയായ ‘ഒടിയന്റെ’ തിരക്കഥ രചിച്ചിരിക്കുന്നത് ഹരികൃഷ്ണന്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. വാരണസി, പാലക്കാട്, തസ്രാക്ക്, ഉടുമലൈപ്പേട്ടൈ, പൊള്ളാച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു ‘ഒടിയന്റെ’ ചിത്രീകരണം. പീറ്റർ ഹെയ്ൻ ആണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. പല സംഘട്ടന രംഗങ്ങളിലും ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് മോഹൻലാൽ അഭിനയിച്ചിരിക്കുന്നത്. മലയാളം, തമിഴ്,തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
സാം സി.എസ്. ആണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. റഫീഖ് അഹമ്മദ്, ലക്ഷ്മി ശ്രീകുമാർ എന്നിവരുടെ വരികൾക്ക് എം. ജയചന്ദ്രൻ സംഗീത സംവിധാനം നിർവ്വഹിച്ച അഞ്ചു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ശ്രേയ ഘോഷാൽ, സുദീപ്കുമാർ, ശങ്കർ മഹാദേവൻ,എം ജി ശ്രീകുമാർ തുടങ്ങിയ ഗായകർക്കൊപ്പം മോഹൻലാലും ചിത്രത്തിനു വേണ്ടി പാടിയിട്ടുണ്ട്.